പാലക്കാട്: പാലക്കാട്ടെ കെ പി എം റീജന്‍സി ഹോട്ടലിലെ പാതിരാ റെയ്ഡിന്റെ പുതിയ ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടതിന് പിന്നാലെ മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. സുഹൃത്തും താനും രണ്ട് വാഹനത്തിലാണ് ഹോട്ടലില്‍ നിന്ന് പോയതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും, തന്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും പറഞ്ഞു.

ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറില്‍ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിലേക്ക് പാലക്കാട് പ്രസ് ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി. എന്നാല്‍ തന്റെ കാറിന് തകരാര്‍ ഉണ്ടായതിനാല്‍ സര്‍വീസിന് കൊടുക്കാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു. പിന്നീട് പാലക്കാട് കെആര്‍ ടവറിന് സമീപത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാറില്‍ കോഴിക്കോടേക്ക് പോയി. തന്റെ കാറില്‍ നിന്ന് ട്രോളികള്‍ ഈ കാറിലേക്ക് മാറ്റി. കോഴിക്കോട് അസ്മ ടവറിലേക്ക് കാറില്‍ ചെന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും രാഹുല്‍ പുറത്തുവിട്ടു.

വി ഡി സതീശന്റെ വാഹനത്തില്‍ പണം പാലക്കാട്ടെത്തിച്ചെന്ന് ആരോപണം

വി.ഡി.സതീശന്റെ വാഹനത്തിലാണ് പണം പാലക്കാടെത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് എ.കെ. ഷാനിബ്. കൃത്യമായ ബോധ്യത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.ഡി. സതീശന് കിട്ടുന്ന സുരക്ഷ ഉപയോഗിച്ചു കൊണ്ടാണിത്. കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാല്‍ പാലക്കാട് വന്നപ്പോഴും പണം എത്തിയിട്ടുണ്ട്. ഇതെല്ലാം കൈകാര്യം ചെയ്യുന്നത് വി.ഡി. സതീശന്റെ ബെനാമിയായ നവാസ് മാഞ്ഞാലിയാണ്. ഇയാള്‍ ഇ.ഡി അന്വേഷണം നേരിടുകയാണെന്നും ഷാനിബ് ആരോപിച്ചു.

ഫെനി കാറില്‍ പണം കൊണ്ട് ഓടി രക്ഷപ്പെട്ടതല്ല, ഫെനിയെ രക്ഷപ്പെടുത്തിയതാണ്. വ്യാജ ഐഡിയുണ്ടാക്കിയ കേസിലെ പ്രതി ഫെനിയാണ് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്‌ക്കൊപ്പം നിരന്തരം സഞ്ചരിക്കുന്നത്. മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ വഴിയിലിറങ്ങി എന്നാണ് ഫെനി പറഞ്ഞത്.

എവിടെയാണ് ഇറങ്ങിയത്, എങ്ങോട്ടാണ് പോയത് എന്നൊക്കെ അദ്ദേഹം തന്നെ വ്യക്തമാക്കട്ടെയെന്നും ഷാനിബ് പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് വിട്ട ഷാനിബ് എല്‍ഡിഎഫ് സ്വതന്ത്രനായ സരിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

പിടിവിടാതെ സിപിഎം

ഹോട്ടല്‍ പരിശോധനയുമായി ബന്ധപ്പെട്ട് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതൊന്നും സത്യമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 'രാഹുല്‍ പറഞ്ഞതെല്ലാം കളവാണെന്ന് തെളിഞ്ഞുകൊണ്ടിരുക്കുകയാണ്. ഹോട്ടലില്‍ ഉണ്ടായിരുന്നില്ല, പെട്ടി കൊണ്ടുവന്നില്ല എന്നതടക്കമുള്ള കളവുകളെല്ലാം പൊളിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പെട്ടിയില്‍ വസ്ത്രമാണെന്നായി വാദം. താമസിക്കത്ത സ്ഥലത്തേക്ക് വസ്ത്രമടങ്ങുന്ന ബാഗുമായി പോയതടക്കം സംശയാസ്പദമാണ്. പെട്ടികൊണ്ടുവന്നത് വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയ കേസിലെ പ്രതി ഫെനിയാണ്. ഇവരെയെല്ലാം നുണ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് വേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കോണ്‍ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിലാണ് പുതിയ ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരിക്കുന്നത്. കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. ഇന്നലെ ഹോട്ടലിന്റെ അകത്തുള്ള ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ കെഎസ്‌യു നേതാവായ ഫെന്നി നൈനാന്‍ നീല ട്രോളി ബാഗുമായി പോകുന്നത് കാണാമായിരുന്നു. എന്നാല്‍ ട്രോളി ബാഗില്‍ വസ്ത്രങ്ങളായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചിരുന്നു.

നവംബര്‍ 5ന് രാത്രി 10 മുതല്‍ 11.30 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് സിപിഎം കേന്ദ്രങ്ങള്‍ പുറത്തുവിട്ടത്. രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട്ടേക്ക് പോയ വാഹനത്തില്‍ അല്ല രണ്ടു ട്രോളി ബാഗുകള്‍ കൊണ്ടുപോയതെന്നും ബാഗുകള്‍ മറ്റൊരു വാഹനത്തിലാണ് കൊണ്ടുപോയതെന്നുമാണ് സിപിഎം വാദം.

കെഎസ്‌യു നേതാവ് ഫെനി നൈനാന്‍ ട്രോളി ബാഗ് വെച്ച കാറില്‍ അല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പോയതെന്നു ദൃശ്യങ്ങളില്‍ കാണാം. രാഹുല്‍ പോയത് മറ്റൊരു കാറിലായിരുന്നു. പിന്നീട് ട്രോളി ബാഗ് വെച്ച കാര്‍ രാഹുല്‍ പോയ കാറിനെ പിന്തുടരുകയായിരുന്നു. ഇതാണ് ദൃശ്യങ്ങളിലുള്ളത്. വസ്ത്രങ്ങളുള്ള ബാഗാണെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്തുകൊണ്ട് ആ കാറില്‍ പോയില്ലെന്നാണ് സിപിഎമ്മിന്റെ ചോദ്യം.

രാത്രി പത്തു മണിക്കാണ് രാഹുല്‍ ഹോട്ടലിലേക്ക് വരുന്നത്. പതിനൊന്നരയ്ക്ക് കോഴിക്കോട്ടേക്ക് പോയി. ഈ സമയം ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്ത രൂപത്തില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ ചെറിയ വ്യക്തത കുറവുണ്ട്.

റെയ്ഡ് ഹോട്ടലില്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് രാഹുല്‍ തിരിച്ചുവന്നില്ലെന്നും സിപിഎം കേന്ദ്രങ്ങള്‍ ചോദിക്കുന്നുണ്ട്. പിന്നീട് മൂന്നു മണിക്കൂറിന് ശേഷം കോഴിക്കോട്ടുനിന്ന് രാഹുല്‍ ഫെയ്സ്ബുക് ലൈവ് വരികയും ചെയ്തിരുന്നു.

സിപിഎം നേതാക്കള്‍ കള്ളപ്പണ ഇടപാട് ആരോപണം ഉന്നയിക്കുന്ന നീല ട്രോളി ബാഗുമായി ഫെനി നൈനാന്‍ ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍, വി.കെ ശ്രീകണ്ഠന്‍ എന്നിവരും ദൃശ്യങ്ങളിലുണ്ട്. ഹോട്ടല്‍ ഇടനാഴിയിലൂടെ ഫെനി ഒരു മുറിയിലേക്ക് ട്രോളി ബാഗ് കൊണ്ടുപോകുന്നതും കുറച്ചു കഴിഞ്ഞ് ഇതേ ബാഗുമായി തിരിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതേ മുറിയിലേക്ക് രാഹുലും ഷാഫിയും പോകുന്നുണ്ട്. തുടര്‍ന്ന് ഇടനാഴിയില്‍നിന്ന് ഇരുവരും സംസാരിക്കുകയും ചെയ്യുന്നുണ്ട്.

ഈ ട്രോളി ബാഗില്‍ കള്ളപ്പണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണു പണം എത്തിച്ചതെന്നായിരുന്നു സിപിഎം ആരോപണം. എന്നാല്‍, ഇത് താന്‍ സ്ഥിരമായി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന ബാഗാണെന്ന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് ഫെനി കൊണ്ടുവന്നതും വസ്ത്രങ്ങള്‍ പരിശോധിച്ച ശേഷം വാഹനത്തിലേക്ക് കൊടുത്തുവിട്ടതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് കെപിഎം ഹോട്ടലില്‍ അപ്രതീക്ഷിതമായി പൊലീസ് പരിശോധന നടന്നത്. കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ താമസിച്ച മുറിയിലാണ് പൊലീസ് എത്തിയത്. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ഷാനിമോള്‍ ഏറെനേരം വാതില്‍ തുറക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് വനിതാ പൊലീസ് എത്തി ഐഡി കാര്‍ഡ് കാണിച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.