- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജസ്റ്റിസ് മണികുമാറിന്റെ നിയമനം ഉദ്ദിഷ്ട കാര്യങ്ങൾക്കുള്ള ഉപകാരസ്മരണ; പിണറായി സർക്കാരിന്റെ അഴിമതി അന്വേഷിക്കാനുള്ള ഹർജികളിൽ തീരുമാനമെടുക്കാതെ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാർ; മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇദ്ദേഹത്തിന്റെ അടുത്തുനിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ട; മനുഷ്യാവകാശ കമ്മീഷൻ നിയമനത്തോട് പ്രതികരിച്ചു ചെന്നിത്തല
തിരുവനന്തപുരം: മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യങ്ങൾക്കുള്ള ഉപകാരസ്മരണയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താൻ മുൻപ് ആരോപിച്ച കാര്യങ്ങൾ വീണ്ടും എടുത്തു പറഞ്ഞു കൊണ്ടാണ് ചെന്നിത്തല നിയമനത്തെ എതിർത്ത് രംഗത്തുവന്നത്. നേരത്തെ ജസ്റ്റിസ് മണികുമാറിന് സർക്കാർ യാത്രയയപ്പ് നൽകിയതിനെ വിമർശിച്ചു കൊണ്ടും ചെന്നിത്തല രംഗത്തുവന്നിരുന്നു.
താൻ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നാം പിണറായി സർക്കാരിന്റെ അഴിമതി അന്വേഷിക്കാനുള്ള തന്റെ നിരവധി പെറ്റിഷനുകളിൽ തീരുമാനമെടുക്കാതെ അതിന്റെ മുകളിൽ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാറെന്നൊണ് ചെന്നിത്തല വീണ്ടും ആരോപിക്കുന്നത്. സ്പ്രിൻക്ലർ, ബ്രൂവറി, പമ്പാ മണൽക്കടത്ത്, ബവ്കോ ആപ്പ് തുടങ്ങിയവയിലെല്ലാം തീരുമാനമെടക്കാതെ സർക്കാരിനെ സഹായിച്ചയാളാണ് അദ്ദേഹം. എന്നിട്ടും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയ നിരന്തര പോരാട്ടം കാരണം സർക്കാരിന് ഇവയിൽനിന്നെല്ലാം പിന്നാക്കം പോകേണ്ടി വന്നു.
അന്നെല്ലാം സർക്കാരിനെതിരെ തെളിവുകൾ നിരത്തി നീതിതേടിയിട്ടും നടപടിയെടുക്കാതെ സർക്കാരിനെ സഹായിക്കുന്ന നിലപാടുകൾ എടുത്തയാളിനെ തന്നെ സുപ്രധാന പദവിയിൽ വച്ചത് ആരുടെ മനുഷ്യവകാശം സംരക്ഷിക്കാനാണ്. ഇതു സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാരിനെതിരായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇദ്ദേഹത്തിന്റെ അടുത്തുനിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനത്ത് നിയമിക്കാനുള്ള തീരുമാനത്തെ എതിർത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയിരുന്നു. വിശദമായ വിയോജനക്കുറിപ്പ് സർക്കാരിനു കൈമാറിയിട്ടുണ്ട്.
മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൻ നിയമനത്തിൽ പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പ് ഇങ്ങനെയാണ്:
വിഷയം: നിയമ(എച്ച്) വകുപ്പ് (നമ്പർ. 125/എച്ച്3/2023/നിയമം)- കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ പുതിയ ചെയർപേഴ്സനെ നിയമിക്കുന്നത് സംബന്ധിച്ചുള്ള വിയോജനക്കുറിപ്പ്
കേരള ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സനാക്കാനുള്ള നിർദ്ദേശം ഞാൻ ശക്തമായി എതിർക്കുന്നു.
നിലവിലുള്ള കീഴ് വഴക്കങ്ങൾ അനുസരിച്ച് അർഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങളെ അറിയിച്ച് അവരുടെ അഭിപ്രായം ആരാഞ്ഞ ശേഷമെ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സനെ തെരഞ്ഞെടുക്കാറുള്ളൂ. എന്നാൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ സമിതി അംഗമായ എനിക്ക് അർഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും മുൻകൂട്ടി ലഭ്യമാക്കാതെ, തികച്ചും ഏകപക്ഷീയമായി ഒരു പേര് മാത്രം യോഗത്തിൽ അറിയിച്ചത് ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്ന് അറിയിക്കുന്നു.
ജസ്റ്റിസ് എസ്. മണികുമാർ കേരള ഹൈക്കേടതിയിൽ ചീഫ് ജസ്റ്റിസായിരുന്ന കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ, മനുഷ്യാവകാശ കമ്മീഷന് ആവശ്യമായ രീതിയിൽ നിഷ്പക്ഷവും നീതിയുക്തവുമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിക്കുമോയെന്ന ഉത്കണ്ഠയുണ്ട്. വിശദ വിവരങ്ങൾ പോലും മുൻകൂട്ടി നൽകാതെ സർക്കാർ ഏകപക്ഷീയമായെടുത്ത തീരുമാനം മേൽപ്പറഞ്ഞ സംശയം ബലപ്പെടുത്തുന്നതാണ്. റിട്ട. ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സണായി നിയമിക്കാനുള്ള തീരുമാനം അടിച്ചേൽപ്പിച്ചത് അംഗീകരിക്കാനാകില്ല.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ടതായ ഉന്നത സ്ഥാനത്തേക്ക് ജനാധിപത്യ മൂല്യങ്ങൾ ഹനിച്ചുകൊണ്ട് എടുക്കുന്ന തീരുമാനത്തിൽ ഞാൻ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു.
സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വിയോജിച്ചാലും നിയമനം നടത്തുന്നതിൽ തടസ്സമില്ല. ഏപ്രിൽ 24നാണ് എസ്.മണികുമാർ കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ചത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന മണികുമാർ 2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. എസ്.മണികുമാറിന് സംസ്ഥാന സർക്കാർ കോവളത്തെ ഹോട്ടലിൽ യാത്രയയപ്പ് നൽകിയതിനെതിരെ പ്രതിപക്ഷം വിമർശനമുയർത്തിയിരുന്നു. ആദ്യമായാണ് സംസ്ഥാന സർക്കാർ, വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിനു യാത്രയപ്പ് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ