തൃശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ തിരിച്ചടി കിട്ടിയിട്ടും ജനങ്ങള്‍ക്കാണ് തെറ്റിയത് ഞങ്ങള്‍ക്കൊരു തെറ്റുമില്ല എന്നാണ് സിപിഎം ഇപ്പോഴും പറയുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു. അവരുടെ ആ നിലപാട് തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

ഇത്രയും വലിയ പരാജയം ഉണ്ടായിട്ടും സ്വയം വിമര്‍ശനം പോലും നടത്താന്‍ തയ്യാറാകാത്ത ആ പാര്‍ട്ടിയെ പറ്റി ജനങ്ങള്‍ ചിന്തിക്കട്ടെ. ജനങ്ങള്‍ മനസ്സിലാക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ തിരിച്ചടികള്‍ക്ക് അവരെ കാത്തിരിക്കുന്നു. ഇങ്ങനെ ഒരു മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉണ്ടെങ്കില്‍ സിപിഎമ്മിന്റെ സ്ഥിതി എന്താവും എന്ന് നിങ്ങള്‍ തന്നെ ആലോചിച്ചാല്‍ മതി. ഇതൊന്നും ഞങ്ങള്‍ ജനങ്ങളോട് പറയേണ്ട കാര്യമില്ല. ജനങ്ങള്‍ അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൈനംദിന ജീവിതത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ കൊണ്ടാണ് ജനങ്ങള്‍ ഇടതുമുന്നണിക്ക് എതിരായി വോട്ട് ചെയ്തത്. തങ്ങളുടെ കുറ്റമല്ല ജനങ്ങള്‍ക്ക് തെറ്റ് പറ്റിപ്പോയതാണ് എന്നാണ് അവരുടെ ഭാഷ്യമെങ്കില്‍ അവരെ ദൈവം രക്ഷിക്കട്ടെ എന്ന് എനിക്ക് പറയാനുള്ളു.

കേരളാ കോണ്‍ഗ്രസ് എം ഇപ്പോള്‍ ഇടതുമുന്നണിയില്‍ നില്‍ക്കുകയാണ്. അവര്‍ ഞങ്ങളോട് ഇതേവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. നാളെ ചര്‍ച്ചയോ മുന്നണിപ്രവേശമോ ഉണ്ടാകുമോ എന്നത് ഇപ്പോള്‍ പറയാന്‍ പറ്റുന്ന കാര്യമല്ല. ഒരു മുന്നണിക്കകത്ത് നില്‍ക്കുന്ന ഒരു കക്ഷിയെ എടുക്കും എന്ന് പറയാനുള്ള ഒരു നിലപാട് എനിക്കില്ല. അങ്ങനെയൊക്കെ ചെയ്യുന്നത് ശരിയല്ല.

പക്ഷേ യുഡിഎഫിന് മുന്നണി വിപുലീകരണം ഉണ്ടാകും. എങ്ങനെ? ഇടതുപക്ഷ ഭരണത്തോട് എതിര്‍പ്പുള്ള, നാട്ടില്‍ ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്ന, മതേതരത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വലിയ ഒരു വിഭാഗം ജനങ്ങള്‍ യുഡിഎഫിനോടൊപ്പമാണ്, അണിനിരക്കുകയാണ്. അതാണ് ഞങ്ങളുടെ മുന്നണി വിപുലീകരണം.

ധാരാളം പ്രസ്ഥാനങ്ങള്‍, വ്യക്തികള്‍ എല്ലാം യുഡിഎഫിനോട് ചേര്‍ന്ന് യോജിച്ച് മുന്നോട്ടു പോവുകയാണ്. ഇനിയും കൂടുതല്‍ ആളുകള്‍ എല്‍ഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും മറ്റു കക്ഷികളില്‍ നിന്നും യുഡിഎഫിലേക്ക് വരും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയല്ല, ജനങ്ങളാണ്.

ആ ജനങ്ങളുടെ പിന്തുണയാണ് ഞങ്ങള്‍ക്ക് ആവശ്യം. അതുകൊണ്ട് യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ ആവശ്യമായ ജനപിന്തുണ സമാഹരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഞങ്ങളുടെ ദൗത്യം. മറ്റു കക്ഷികള്‍ വരുമോ പോകുമോ എന്നുള്ളതൊക്കെ ആ പാര്‍ട്ടികള്‍ കൂടി തീരുമാനിക്കേണ്ടകാര്യമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.