പാലക്കാട്: ജനപ്രിയ കലാകാരന്‍ രമേഷ് പിഷാരടി പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച അദ്ദേഹം, താല്‍ക്കാലികമായി അരങ്ങിലെ കലാപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അറിയിച്ചു. തന്റെ ജന്മനാടായ പാലക്കാടാണ് പിഷാരടി മത്സരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിഷാരടി ഈ വിവരം പുറത്തുവിട്ടത്. സ്വാതന്ത്ര്യസമരം മുതല്‍ ഇന്ത്യയെ ഒരു മതേതര രാഷ്ട്രമായി കെട്ടിപ്പടുക്കുന്നതില്‍ ഒറ്റയ്ക്ക് നിലകൊണ്ട കോണ്‍ഗ്രസ് പ്രസ്ഥാനത്തിനൊപ്പമാണ് താനെന്ന് അദ്ദേഹം കുറിച്ചു. അരനൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്ത് ഏറ്റവും കൂടുതല്‍ വോട്ട് അടയാളപ്പെടുത്തിയ കൈപ്പത്തി ചിഹ്നത്തിലാണ് താന്‍ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാടന്‍ ജനങ്ങള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കും തന്നെയാണ് താന്‍ ഇനി പ്രഥമ പരിഗണന നല്‍കുന്നതെന്നും പിഷാരടി വ്യക്തമാക്കി. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി വേദികളിലൂടെയും ടെലിവിഷന്‍, സിനിമ, മറ്റ് മാധ്യമങ്ങളിലൂടെയും ജനങ്ങള്‍ക്ക് മുന്നിലെത്തിയ താന്‍, ഈ കാലയളവില്‍ ചിന്തകളും ചിരികളും സഭ്യവും മാന്യവുമായി പങ്കുവെക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കക്ഷിരാഷ്ട്രീയത്തിന്റെയോ വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേര്‍തിരിവുകളില്ലാത്ത സ്‌നേഹമാണ് തനിക്ക് ലഭിച്ചതെന്നും, ആ സ്‌നേഹം തിരികെ നല്‍കാന്‍ കഠിനമായി പ്രയത്‌നിക്കുമെന്നും പിഷാരടി ഉറപ്പുനല്‍കി.

രമേഷ് പിഷാരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ജനവിധി തേടി ജന്മനാട്ടിലേക്ക്

പ്രിയപ്പെട്ടവരെ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷന്‍, സിനിമ ,മറ്റു മാധ്യമങ്ങളിലൂടെയും നിങ്ങള്‍ക്ക് മുന്നിലെത്തിയ ആളാണ് ഞാന്‍. ഇക്കാലമത്രയും ചിന്തയും ചരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവയ്ക്കാനായി എന്ന് വിശ്വസിക്കുന്നു.

ഇനി പുതിയ ഒരു ഉത്തരവാദിത്ത്വവുമായി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക് ; നിയമസഭാ സ്ഥാനാര്‍ഥി ആയി.

സ്വാതന്ത്ര്യ സമരം മുതല്‍ 'ഇന്ത്യ'എന്ന മഹാരാജ്യം ; മതേതരരാജ്യം കെട്ടിപ്പെടുക്കുന്നതില്‍ ഒറ്റയ്ക്ക് നിലകൊണ്ട് കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം.

അര നൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ?ചിഹ്നത്തില്‍ ആണ് മത്സരിക്കുക.......അഭിമാനം സന്തോഷം

ഇനി പാലക്കാടുള്ള ജനങ്ങള്‍ക്കും....അവരുടെ ആവശ്യങ്ങള്‍ക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന.

അരങ്ങില്‍ ഞാന്‍ അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം....

കക്ഷി രാഷ്ട്രീയത്തിന്റെയോ,വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേര്‍തിരിവും വേലികളും ഇല്ലാത്ത സ്‌നേഹം ആണ് ഞാന്‍ നിങ്ങളില്‍ നിന്നും അനുഭവിച്ചത്

എനിക്ക് തന്ന സ്നേഹം തിരികെ തരാന്‍ കഠിന പ്രയത്‌നം ചെയ്യും.

കഴിഞ്ഞ കാലങ്ങളില്‍ എന്ന പോലെ ഒപ്പം നിങ്ങള്‍ ഉണ്ടെന്ന വിശ്വാസത്തോടെ...

സ്‌നേഹത്തോടെ

രമേഷ് പിഷാരടി...