കണ്ണൂർ: ഇന്ന് തുടങ്ങുന്ന ആർ.എസ്‌പി സംസ്ഥാന സമ്മേളനം പ്രക്ഷുബ്ധമാകും. വിഭാഗീയത മറ നീക്കി പുറത്തു വന്നു കഴിഞ്ഞു. എ.എ അസീസ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി ഷിബു ബേബി ജോണിന് പദവി നല്കണമെന്നാണ് പഴയ ബി വിഭാഗക്കാരുടെ ആവശ്യം. ആർ.എസ്‌പി-

ആർ.എസ്‌പി (ബി) ലയന വേളയിൽ ഷിബു ബേബിജോണുമായി ഇത്തരത്തിൽ ഉടമ്പടിയുണ്ടാക്കിയിരുന്നതായും പറയപ്പെടുന്നു. ഈ ധരാണപ്രകാരമാണ് ലയനം നടന്നതത്രെ.

തനിക്ക് ഒരു തവണ കൂടി സെക്രട്ടറിയാകണമെന്ന നിലപാടിലാണ് മുൻ എംഎൽഎ കൂടിയായ എ.എ അസീസ്. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഷിബു ബേബി ജോണും കൂട്ടാളികളും. ഇതോടെ പാർട്ടി മറ്റൊരു പിളർപ്പിനെ അഭിമുഖികരിക്കേണ്ട സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. പ്രതിനിധി സമ്മേളനത്തിൽ മത്സരമുണ്ടാകാനും സാധ്യതയുണ്ട്.

മത്സരമുണ്ടായിൽ ഷിബു ബേബി ജോൺ അനായസം വിജയിക്കുമെന്നതിനാൽ ഷിബുവിന്റെ അനുയായികളായവരെ കൂടുതലായി പ്രതിനിധി പട്ടികയിൽ നിന്നും വെട്ടി നിരത്തിയെന്നും ആരോപണമുണ്ട്. ഐക്യകണ്ഠേന അല്ലാതെയുള്ള തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടാണ് ഷിബു ബേബി ജോണിനുള്ളതെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം അസീസുമായി എൻ.കെ പ്രേമചന്ദ്രൻ എംപി ചർച്ച നടത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് അസീസ്. പ്രേമചന്ദ്രന്റെ നിലപാടും നിർണ്ണായകമാകും. മത്സരമുണ്ടായാൽ പ്രേമചന്ദ്രൻ, പിന്തുണയ്ക്കുന്ന നേതാവിന് സാധ്യത ഏറുമെന്നും വിലയിരുത്തലുണ്ട്.