കൊല്ലം: കൊല്ലത്തെ ആര്‍എസ്പി കോട്ടകളില്‍ പുകച്ചില്‍ തുടങ്ങുന്നു. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്‍ ഇരവിപുരത്ത് കന്നിയങ്കത്തിനിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്ക് മുതിര്‍ന്ന നേതാവ് എ.എ. അസീസ് പണി കൊടുത്തത് ചില്ലറയൊന്നുമല്ല. 'ആ പയ്യനല്ലല്ലോ തീരുമാനിക്കുന്നത്' എന്ന അസീസിന്റെ കടുത്ത പരാമര്‍ശം പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്. നേരത്തെ തന്റെ മകനെ പരിഗണിക്കേണ്ടതില്ലെന്ന് പ്രേമചന്ദ്രന്‍ തന്നെ പറഞ്ഞിരുന്നു. അതിന് ശേഷവും ചില കേന്ദ്രങ്ങള്‍ കാര്‍ത്തിക്കിന്റെ പേരാണ് മുന്നോട്ട് വച്ചത്.

ഇതിനിടെയാണ് അസീസിന്റെ പ്രതികരണം. തന്റെ പേര് പരിഗണനയിലുണ്ടെന്ന് കാര്‍ത്തിക് തന്നെ സൂചിപ്പിച്ചല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അസീസ് പൊട്ടിത്തെറിക്കുകയായിരുന്നു. 'എന്നാ ഏര്‍പ്പാടാ ഇത്? വേറെ വല്ലതും ചോദിക്ക്' എന്നായിരുന്നു മറുപടി. കാര്‍ത്തിക്കിന്റെ പേരിന് നിലവില്‍ യാതൊരു പ്രസക്തിയുമില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടക്കുന്നത് അങ്ങ് ഡല്‍ഹിയിലോ എംപിയുടെ വീട്ടിലോ അല്ലെന്നും അദ്ദേഹം പരോക്ഷമായി ആഞ്ഞടിച്ചു. എല്ലാ അര്‍ത്ഥത്തിലും പ്രമേചന്ദ്രനെ പരിഹസിക്കുന്നതായി അസീസിന്റെ പ്രതികരണം. എന്നാല്‍ ഈ വിഷയത്തില്‍ പ്രേമചന്ദ്രന്‍ പരസ്യ പ്രതികരണം നടത്തില്ല.

പ്രേമചന്ദ്രന്റെ മകനെ രംഗത്തിറക്കി മണ്ഡലം പിടിക്കാനുള്ള നീക്കത്തിന് അസീസ് തടയിട്ടത് കൃത്യമായ പ്ലാനിങ്ങോടെയാണ്. ഇരവിപുരത്ത് ആര്‍വൈഎഫില്‍ നിന്നുള്ള ഒരു യുവനേതാവ് വരുമെന്ന് പറയുന്നതിലൂടെ പാര്‍ട്ടിയിലെ യുവാക്കളുടെ പിന്തുണ ഉറപ്പാക്കാനും കുടുംബവാഴ്ചാ ആരോപണങ്ങളെ പ്രതിരോധിക്കാനുമാണ് അസീസിന്റെ നീക്കം. അസീസ് മത്സരിച്ചു ജയിച്ചിരുന്ന സീറ്റാണ് ഇരവിപുരം. എന്നാല്‍ രണ്ടു തവണയായി തോറ്റു.

തന്നെ പ്രായം തളര്‍ത്തിയെന്ന് സമ്മതിക്കുന്ന തരത്തില്‍, ഇത്തവണ താന്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് അസീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. എങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്റെ വാക്ക് തന്നെ അവസാന വാക്കാകുമെന്ന് ഉറപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്ന് എടുക്കുന്ന തീരുമാനത്തിന് മുകളില്‍ ആരും പറക്കേണ്ടെന്ന മുന്നറിയിപ്പാണ് അസീസ് നല്‍കിയിരിക്കുന്നത്.