പാലക്കാട്: ആര്‍.എസ്.എസ്. അഖിലഭാരതീയ സമന്വയ ബൈഠക്കിന് ശനിയാഴ്ച പാലക്കാട് അഹല്യ കാംപസില്‍ തുടക്കമാകുമ്പോള്‍ നിറയുന്നത് കേരളത്തോടുള്ള താല്‍പ്പര്യം. ബംഗ്ലാദേശിലെ ന്യൂനപക്ഷവേട്ടയും ദേശസുരക്ഷയെ ബാധിക്കുന്ന ആഭ്യന്തരവിഷയങ്ങളും മൂന്നുദിവസത്തെ യോഗം ചര്‍ച്ചചെയ്യും. പാലക്കാട് ഉപതിരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ബിജെപി ഇവിടെ വിജയമാണ് ലക്ഷ്യമിടുന്നത്. ഇതിനിടെയാണ് ആര്‍ എസ് എസിന്റെ ദേശീയ നേതൃത്വം ഒന്നടങ്കം പാലക്കാട് എത്തുന്നത്. പാലക്കാട് പിടിച്ച് കേരളത്തില്‍ രാഷ്ട്രീയ ചുവടുറപ്പിക്കാനുള്ള പരിവാര്‍ നീക്കങ്ങള്‍ക്ക് വേണ്ടിയാണ് ഇതെന്നാണ് സൂചന.

കേരളത്തില്‍ ബിജെപിയും ആര്‍ എസ് എസും രണ്ടു തട്ടിലാണ്. സംഘടനാ ജനറല്‍ സെക്രട്ടറിയെ ആര്‍ എസ് എസ് പിന്‍വലിക്കുകയും ചെയ്യും. ഈ പ്രതിസന്ധിയും പാലക്കാട് ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. ആര്‍ എസ് എസ് ദേശീയ നേതൃത്വം ചര്‍ച്ചയാക്കുന്നത് മറ്റ് അജണ്ടകളാണെങ്കിലും കേരളത്തിലെ രാഷ്ട്രീയവും പ്രധാന ചര്‍ച്ചാ വിഷയമാകും. ബംഗ്ലാദേശിലെ കലാപത്തിനുശേഷം ഹിന്ദുക്കള്‍ക്കെതിരേയുണ്ടായ വ്യാപക അക്രമങ്ങള്‍, അതിര്‍ത്തിലൂടെയുള്ള പലായനം, നുഴഞ്ഞുകയറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകും. മണിപ്പൂരടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളും ചര്‍ച്ചയാകുമെന്നാണ് സൂചന. ബി.ജെ.പി.യുമായി ബന്ധപ്പെട്ട രാഷ്ട്രീയതീരുമാനങ്ങള്‍ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലെങ്കിലും പാര്‍ട്ടിയുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനവും ലോക്സഭാ തിരഞ്ഞെടുപ്പുഫലവും ചര്‍ച്ചയാകും.

ആദ്യമായാണ് ആര്‍.എസ്.എസിന്റെ അഖിലഭാരതീയ സമന്വയ ബൈഠക് കേരളത്തില്‍ നടക്കുന്നത്. സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സര്‍കാര്യവാഹകന്മാരായ ഡോ. കൃഷ്ണഗോപാല്‍, സി.ആര്‍. മുകുന്ദ, അരുണ്‍കുമാര്‍, അലോക്കുമാര്‍, രാംദത്ത് ചക്രധര്‍, അതുല്‍ ലിമയെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. സംഘടനയുടെ ചുമതല വഹിക്കുന്ന 90 ഭാരവാഹികളും ആര്‍.എസ്.എസിനുകീഴിലുള്ള 32 സംഘടനകളുടെ ദേശീയ അധ്യക്ഷന്‍, ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി, മറ്റു പ്രധാന ദേശീയ ഭാരവാഹികള്‍ എന്നിവരടക്കം 230 പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ബി.ജെ.പി.യെ പ്രതിനിധാനംചെയ്ത് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരും പങ്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ അടക്കമുള്ള ബിജെപി-ആര്‍ എസ് എസ് വിഷയങ്ങളിലും ചര്‍ച്ച നടക്കുന്നത്.

2025 വിജയദശമിമുതല്‍ 2026 വിജയദശമിവരെ നടക്കുന്ന ആര്‍.എസ്.എസ്. ശതാബ്ദി വര്‍ഷാചരണത്തിന്റെ ഭാഗമായി സാമൂഹികജീവിതത്തില്‍ വലിയ പരിവര്‍ത്തനമാണ് ലക്ഷ്യമിടുന്നതെന്ന് ആര്‍.എസ്.എസ്. അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ അറിയിച്ചു. വിശാലമായ അഹല്യ കാമ്പസിലെ 1000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള പുനര്‍ജനി ഹാളിലാണ് ആഗസ്ത് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ ബൈഠക്ക് നടക്കുന്നത്. 28, 29, 30 തീയതികളിലായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ആര്‍എസ്എസ് ദേശീയ ഭാരവാഹികള്‍ പങ്കെടുത്ത ദേശീയ നേതൃയോഗവും നടന്നു.

ജനാധിപത്യ മാര്‍ഗത്തിലൂടെ സാമൂഹ്യ പരിഷ്‌കരണത്തിനായി ഓരോ സംഘടനയും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെയും മേഖലകളെയും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനകളുടെ പ്രവര്‍ത്തന അനുഭവവും സംഘടനാ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാവും. വ്യത്യസ്ത രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്കുണ്ടായ അനുഭവങ്ങള്‍, പ്രശ്നങ്ങള്‍, നേട്ടങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. അടിസ്ഥാന അവകാശങ്ങളെപോലെ തന്നെ എല്ലാവര്‍ക്കും അടിസ്ഥാന കടമകളും ഉണ്ടെന്ന് ഓര്‍മ്മിക്കണം. രാഷ്ട്രജീവിതത്തെ ശക്തിപ്പെടുത്താന്‍ മൗലിക അവകാശങ്ങളെ പോലെ പൗരന്മാരുടെ കടമകളും പ്രധാനമാണ്. ഈ അഞ്ച് രംഗങ്ങളിലും രാജ്യവ്യാപകമായി വലിയ പരിവര്‍ത്തന പരിശ്രമങ്ങളാണ് സംഘം ശതാബ്ദി വര്‍ഷത്തില്‍ ലക്ഷ്യമിടുന്നതെന്ന് സുനില്‍ ആംബേകര്‍ വിശദീകരിച്ചു.

പ്രധാനമായും അഞ്ചുമേഖലകളെ കേന്ദ്രീകരിച്ചാണ് പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ആര്‍ എസ് എസ് ആസൂത്രണം ചെയ്യുന്നത്. രാജ്യത്തെ വ്യത്യസ്ത വിഭാഗങ്ങളും സംഘടനകളും വ്യക്തികളും തമ്മിലുള്ള അകലം കുറയ്ക്കുകയെന്നതാണ് സാമൂഹിക സമരസത എന്നതിലൂടെ ലക്ഷ്യമിടുന്നത്. സാമൂഹികജീവിതത്തിന്റെയും അതുവഴി രാഷ്ട്രജീവിതത്തിന്റെയും അടിത്തറ ശക്തിപ്പെടുത്തുന്ന തരത്തില്‍ കുടുംബങ്ങളെ ധാര്‍മികമായി ശാക്തീകരിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. പര്യാവരണ ബോധവത്കരണത്തിലൂടെ പ്രകൃതിക്കും പരിസ്ഥിതിക്കും അനുയോജ്യമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കും. എല്ലാ രംഗങ്ങളിലും സ്വാശ്രയത്വം കൈവരിക്കുന്ന സമൂഹവും രാജ്യവുമായി മാറുക, സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും അവകാശങ്ങള്‍ക്കൊപ്പം കടമകളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന ആശയം പ്രചരിപ്പിക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍.