തലശേരി: റബർ വിലയുടെ പരാമർശത്തെ തുടർന്ന് സംസ്ഥാനത്തെ ക്രൈസ്തവ സമുദായത്തെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി ഒപ്പംകൂട്ടാൻ ബിജെപി അണിയറ നീക്കം തുടങ്ങിയതോടെ ഇടതു, വലതു മുന്നണികൾ കടുത്ത പ്രതിസന്ധിയിലായി.വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇരുമുന്നണിയുടെയും വോട്ടുബാങ്കായ ക്രൈസ്തവരിൽ വിള്ളൽ വീഴ്‌ത്താനായാൽ കേരളത്തിൽ ചുരുങ്ങിയത് മൂന്നു സീറ്റുകൾ നേടാമെന്ന കണക്കുകൂട്ടലാണ് ബിജെപി അഖിലേന്ത്യാ നേതൃത്വം.

ഇതോടെ കേരളം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതീക്ഷയിലേക്ക് ഒരു ചുവടുവയ്ക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി അഖിലേന്ത്യാ നേതൃത്വം.മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള കേന്ദ്ര നേതാക്കളെ പ്രചാരണത്തിന് രംഗത്തിറക്കാനുമാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്.

ഇതിനായി ക്രൈസ്തവ മേലധ്യക്ഷന്മാരുമായി നിരന്തരം ചർച്ച ചെയ്യുന്നതിന് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശമുണ്ട്. ന്യൂനപക്ഷ കേന്ദ്രപദ്ധതികളെ കുറിച്ചു അവബോധമുണ്ടാക്കുന്നതിനായി മറ്റു മതനേതാക്കളെയും ഇതിനൊപ്പം നേതാക്കൾ സന്ദർശിക്കും. സംസ്ഥാനത്ത് രാഷ്ട്രീയ ധ്രുവീകരണത്തിന് സാധ്യതയേറിയതോടെ ബിജെപി ചുവടുറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പാർട്ടി രണ്ടാംസ്ഥാനാത്തയ മഞ്ചേശ്വരം, തിരുവനന്തപുരം എന്നിവടങ്ങളിലെ സീറ്റു ഉറപ്പിക്കുകയും പത്തനംതിട്ട, പാലക്കാട്, തൃശൂർ എന്നീ സീറ്റുകൾ പിടിച്ചെടുക്കുകയുമാണ് ലക്ഷ്യം.സാധ്യതാ പട്ടികയിൽ നിന്നും ഒരുസീറ്റെങ്കിലും ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.

തലശേരി ബിഷപ്പ് മാർജോസഫ് പാംപ്ളാനി ആവശ്യപ്പെട്ടതു പോലെ റബറിന് മുന്നൂറുരൂപയാക്കിയാൽ ഇതിലേക്കുള്ള വാതിലാണ് തുറന്നിടുക. ഈക്കാര്യം കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്യുമെന്ന് ഇന്നലെ ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് അറിയിച്ചിട്ടുണ്ട്. റബർ ബോർഡ് ചെയർമാനും ബി.ഡി. എസ് നേതാവുമായ കെ. എം ഉണ്ണിക്കൃഷ്ണൻ തലശേരിയിലെത്തി ബിഷപ്പുമായി ചർച്ച നടത്തിയത് ഇതിന്റെ ഭാഗമായാണെന്നാണ് സൂചന. ബിഷപ്പിന്റെ വോട്ടുവാഗ്ദ്ധാന പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രിപിണറായിവിജയനും പാർട്ടി സംസ്ഥാന സെക്രട്ടറിയും രംഗത്തുവന്നുവെങ്കിലും റബർ കർഷകരുടെ വിഷയം ഇനിയും അവഗണിക്കാനാവില്ലെന്ന തോന്നൽ ഇവർക്കുമുണ്ടായിട്ടുണ്ട്.

ഇതിന്റെ ഭാഗമായാണ്സംസ്ഥാന സർക്കാർ കൊടുക്കാനുള്ള റബർ സബ്സിഡി കുടിശിക ബിഷപ്പിന്റെ വിവാദ പ്രസംഗത്തിനു ശേഷം ദിവസങ്ങൾക്കുള്ളിൽ കർഷകരുടെ അക്കൗണ്ടിലെത്തിയത്. സി.പി. എം ബിഷപ്പിന്റെ നിലപാടിനെതിരെ വിമർശനം കടുപ്പിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് സമവായമാകാമെന്ന നിലപാടിലാണുള്ളത്. റബർ കർഷകരുടെ ഇന്നത്തെ ദു:സ്ഥിതിക്ക് കാരണം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭരിച്ചിരുന്ന യു.പി. എ സർക്കാർ നാണ്യവിളയിൽ ഉൾപ്പെടാത്തതാണെന്ന പ്രചരണമാണ് ബിജെപി നേതാക്കൾ അഴിച്ചു വിടുന്നത്.

അതുകൊണ്ടു തന്നെ ഇതിനെ പ്രതിരോധിക്കാൻ പോലും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽക്രൈസ്തവ വോട്ടുകൾ കുത്തിയൊലിച്ചു ബിജെപി മുന്നണിയിലേക്ക് പോയാൽ ഇടതുമുന്നണിയെക്കാളും ക്ഷീണം ചെയ്യുക കോൺഗ്രസിനാണെന്ന വിലയിരുത്തലുമുണ്ട്. അനുകൂല സാഹചര്യം മുതലെടുത്ത്

ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കേരളത്തിൽ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത ദിവസങ്ങളിൽ ബിജെപി കേന്ദ്ര നേതാക്കൾ തലശേരി ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്ളാനിയെ സന്ദർശിക്കുമെന്നാണ് സൂചന. നേരത്തെ പാലബിഷപ്പ് നടത്തിയ നർക്കോട്ടിക്ക്, ലൗ ജിഹാദ് പ്രസ്താവനകൾക്ക് പരസ്യപിൻതുണ നൽകിയ സഭാ മേധാവിയാണ് മാർജോസഫ് പാംപ്ളാനി. അതുകൊണ്ടു തന്നെ ബിജെപിയുടെപ നേതാക്കളും അദ്ദേഹവുമായി നേരത്തെ തന്നെ അടുപ്പം പുലർത്തുന്നവരാണ്. വിവാദത്തിന്മുൻപും കണ്ണൂർജില്ലയിലെ ബിജെപി നേതാക്കൾ ആർച്ച് ബിഷപ്പിനെ കണ്ട് ചർച്ച നടത്തിയിരുന്നു .

ബിജെപിക്ക് വോട്ടുനൽകാമെന്ന ബിഷപ്പിന്റെ വാഗ്ദാനം സ്വന്തംസമുദായത്തിൽ തന്നെ അഭിപ്രായഭിന്നതയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ കാസ പോലുള്ള ക്രിസ്ത്യൻ സംഘടനകൾ ഈക്കാര്യത്തിൽ ബിഷപ്പിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്. തലശേരി ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരെ അങ്കമാലി അതിരൂപത ഇതിനിടെ രംഗത്തുവന്നിട്ടുണ്ട്. ബിജെപിക്ക് മലയോരത്ത് ഒരു എംപിയെ നൽകിയാൽ റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നത് മിഥ്യാധാരണയാണെന്ന് അങ്കമാലി രൂപയുടെ മുഖപത്രമായ സത്യദീപത്തിന്റെ പുതിയ ലക്കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റബർ ഇറക്കുമതി ഉദാരനയങ്ങൾക്കെതിരെ കഴിഞ്ഞ ഒൻപതു വർഷമായി ഒന്നും ചെയ്യാത്തവരാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരെന്നും സത്യദീപം വിമർശിക്കുന്നുണ്ട്. എന്തുതന്നെയായാലും തലശേരി ആർച്ച് ബിഷപ്പിന്റെ ആലക്കോട് കർഷക സമരത്തിലെ പ്രസംഗം ക്രൈസ്തവ സമുദായാംഗങ്ങൾക്കിടെയിലും കർഷകരിലും ബിജെപിക്ക് അനുകൂലമായ പ്രതികരണമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം.