ആലപ്പുഴ: പി. കൃഷ്ണപിള്ളസ്മാരകം തകർത്ത കേസിൽ കോടതി കുറ്റവിമുക്തനാക്കിയ നേതാവിനെ സിപിഎം. തിരിച്ചെടുത്തത് ആലപ്പുഴയിലെ വിഭാഗീയ തലവേദനകളെ ചെറുക്കാനുള്ള തന്ത്രത്തിന്റെ ഭാഗം. കേസിലെ രണ്ടാം പ്രതിയായിരുന്ന കണ്ണർകാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി. സാബുവിനാണ് വീണ്ടും അംഗത്വം നൽകിയത്. പി. സാബുവിനു പുറമേ വി എസ്. അച്യുതാനന്ദന്റെ പഴ്‌സണൽ സ്റ്റാഫ് അംഗവും ഡിവൈഎഫ്ഐ. നേതാവുമായിരുന്ന ലതീഷ് ബി. ചന്ദ്രൻ ഉൾപ്പെടെ നാലുപേരെക്കൂടി പുറത്താക്കിയിരുന്നെങ്കിലും അവരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ലത്തീഷിനോട് സിപിഎം പൊറുക്കില്ല. ലതീഷ് ബി. ചന്ദ്രൻ സിപിഎം. വിമതനായി മത്സരിച്ചു ജയിച്ച് മുഹമ്മ ഗ്രാമപ്പഞ്ചായത്തംഗമാണിപ്പോൾ.

സാബുവിനെ ഭൂരിപക്ഷ പിന്തുണയിലാണ് തിരിച്ചെടുക്കുന്നത്. 15 അംഗ കമ്മിറ്റിയിലെ മൂന്നുപേർ എതിർത്തെങ്കിലും ഭൂരിഭാഗംപേരും തിരിച്ചെടുക്കുന്നതിനെ അനുകൂലിക്കുകയായിരുന്നു. 2021-ൽ കേസിൽ കോടതി കുറ്റവിമുക്തനാക്കിയപ്പോൾത്തന്നെ സാബു ഉൾപ്പെടെയുള്ളവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടുവർഷമായിട്ടും നടപ്പാക്കിയിരുന്നില്ല. സ്മാരകംതകർത്ത കേസിൽ പ്രതികളാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയ ഉടൻതന്നെ സാബു ഉൾപ്പൈടയുള്ള അഞ്ചുപേരെ പാർട്ടിയിൽനിന്നു പുറത്താക്കുകയായിരുന്നു. കുറ്റവിമുക്തരാക്കിയിട്ടും ഇവരെ തിരിച്ചെടുത്തില്ല. ഇവരെ സിപിഐ.യിൽ ചേർക്കാനുള്ള ശ്രമവും നടന്നു. ഇതിനെ ചെറുക്കാനായിരുന്നു വിഷയത്തിൽ നേതൃത്വം ഇടപെട്ടത്. സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക നിർദേശത്തെ തുടർന്നുകൂടിയാണു ലോക്കൽ കമ്മിറ്റി യോഗം വിളിച്ചുചേർത്തത്.

ആലപ്പുഴയിലെ സിപിഎമ്മിൽ വിഭാഗീയത കീറാമുട്ടിയായി മാറിയിട്ടുണ്ട്. ഇത് മുതലെടുക്കാൻ സിപിഐയും രംഗത്തുണ്ട്. ഇത് മനസ്സിലാക്കിയാണ് വിമതരെ സിപിഎം തിരിച്ചെടുക്കുന്നത്. 2013 ഒക്ടോബർ 31-ന് പുലർച്ചേ 1.30-നാണ് പി.കൃഷ്ണപിള്ള അവസാന നാളുകൾ ചെലവിട്ട ചെല്ലി കണ്ടത്തിൽ വീടിന് തീപിടിച്ചത്. സിപിഎമ്മിലെ വിഭാഗീയതയാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. വിഭാഗീയതയെ തുടർന്ന് ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാൻ പോലും കഴിവില്ലെന്ന് വരുത്തി തീർക്കാനായിരുന്നു സ്മാരകം തകർത്തതെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. എന്നാൽ കേസിൽ എല്ലാവരേയും കോടതി വെറുതെ വിട്ടു.

ലതീഷ് ബി. ചന്ദ്രൻ ഉൾപ്പെടെ അഞ്ച് പ്രതികളെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടത്. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ 2020ൽ വിധിപറഞ്ഞത്. വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന എസ്.എഫ്.ഐ. മുൻ നേതാവും കേരള യൂണിവേഴ്സിറ്റി യൂണിയൻ മുൻ ജനറൽ സെക്രട്ടറിയായ ലതീഷ് ബി. ചന്ദ്രനായിരുന്നു കേസിൽ ഒന്നാം പ്രതി. സിപിഎം. കണ്ണർകാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി.സാബു രണ്ടാംപ്രതിയായിരുന്നു്. സിപിഎം. അംഗങ്ങളായ ദീപു, രാജേഷ്, പ്രമോദ് എന്നിവരായിരുന്നു മറ്റ് പ്രതികൾ. എല്ലാവരും വി എസ് അച്യുതാനന്ദൻ പക്ഷത്തെ പ്രമുഖരായിരുന്നു.

ആകെ 72 സാക്ഷികൾ ഉണ്ടായിരുന്നു. സിപിഎം. നേതാക്കളായ സജി ചെറിയാൻ എംഎ‍ൽഎ., സി.ബി.ചന്ദ്രബാബു ഉൾപ്പെടെ 59 സാക്ഷികൾ കേസിൽ മൊഴി നൽകിയിരുന്നു.