തൃശൂര്‍: കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ ഡി.വൈ.എഫ്.ഐ നേതാവ് ഷിജുഖാന്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന 'കുട്ടികളും പൗരരാണ്' എന്ന സെഷന്‍ പൂര്‍ണ്ണമായി റദ്ദാക്കി. വ്യാപകമായ എതിര്‍പ്പും പ്രതിഷേധവും ഉയര്‍ന്ന സാഹചര്യത്തിലാണ് അക്കാദമിയുടെ ഈ തീരുമാനം.

ബുധനാഴ്ച വൈകീട്ട് മൂന്നിന് നിശ്ചയിച്ചിരുന്ന ചര്‍ച്ചയാണ് ഒഴിവാക്കിയത്. ഷിജുഖാനെ ഒഴിവാക്കി പരിപാടി നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും, അദ്ദേഹത്തെ പൂര്‍ണ്ണമായും ഒഴിവാക്കി സെഷന്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടികളുടെ പ്രതിനിധിയായി ഈ സെഷനില്‍ പങ്കെടുക്കേണ്ടിയിരുന്ന ദക്ഷിണയെ സാഹിത്യോത്സവത്തിലെ മറ്റൊരു പരിപാടിയായ 'പെണ്‍മയുടെ പുതുകാലം' എന്ന ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഷിജുഖാന്‍ പങ്കെടുക്കുന്ന സെഷന്‍ ഒഴിവാക്കിയെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍ സ്ഥിരീകരിച്ചു. സാഹിത്യോത്സവത്തെ വിവാദങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള സംയുക്ത തീരുമാനമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരിക്കെ തന്റെ കുഞ്ഞിനെ താനറിയാതെ കൃത്രിമം കാട്ടി ദത്തുനല്‍കിയ ഷിജുഖാന്‍ കുഞ്ഞുങ്ങളുടെ അവകാശം സംബന്ധിച്ച് അക്കാദമിയില്‍ സംസാരിക്കാന്‍ വന്നാല്‍ സദസ്സിലെത്തി പ്രതിഷേധിക്കുമെന്ന് ദത്തുവിവാദത്തിലെ കുഞ്ഞിന്റെ അമ്മ അനുപമ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് സെഷനില്‍ ഷിജുഖാനൊപ്പം സംസാരിക്കേണ്ടിയിരുന്ന അഭിഭാഷകയും ആക്ടിവിസ്റ്റുമായ കുക്കു ദേവകി പരിപാടിയില്‍നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നു. അനുപമ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ ഷിജുഖാനെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി രംഗത്തെത്തി.

ഷിജുഖാനുമായി ബന്ധപ്പെട്ട ദത്ത് വിവാദത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിവില്ലായിരുന്നെന്നും, നിരവധി എതിര്‍പ്പുകള്‍ വാട്‌സ്ആപ്പ് വഴി ലഭിച്ചതായും സച്ചിദാനന്ദന്‍ വ്യക്തമാക്കി. സാഹിത്യ അക്കാദമിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കുക്കു ദേവകി പറഞ്ഞു. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വളരെ സെന്‍സിറ്റീവാണെന്നും, ഇത് ചര്‍ച്ച ചെയ്യാന്‍ സെന്‍സിബിള്‍ ആയ ആളുകള്‍ ഉണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധങ്ങള്‍ക്കിടയിലും സാഹിത്യോത്സവം സമാധാനപരമായി പൂര്‍ത്തിയാക്കാനുള്ള സാഹിത്യ അക്കാദമിയുടെ ശ്രമമാണ് ഈ നീക്കം.