- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കുന്തവും കുടച്ചക്രവുമല്ല ഭരണഘടന' എന്ന സജി ചെറിയാന്റെ വിവാദ പരാമർശം സൗകര്യപൂർവം മറക്കാൻ സിപിഎം; മുൻ മന്ത്രി ഭരണഘടനയെ അവഹേളിച്ചില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതിയിലും; വിഷയം നാളത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയായേക്കും; മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാൻ നീക്കം
തിരുവനന്തപുരം: ഇക്കഴിഞ്ഞ ജൂലൈയിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം പരിപാടിയിൽ പ്രസംഗിക്കവെയാണ് സജി ചെറിയാൻ ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയത്. 'കുന്തവും കുടച്ചക്രവുമല്ല ഭരണഘടന' എന്ന സജി ചെറിയാന്റെ പരാമർശം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭരണഘടന വിരുദ്ധ പരാമർശം നടത്തി എന്ന ആരോപണത്തിലാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത്. എന്നാൽ, സിപിഎം നേതാവ് വൈകാതെ തന്നെ മന്ത്രിസഭയിലേക്ക് തിരികെ എത്തുമെന്ന് സൂചന.
സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചില്ലെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് സജി ചെറിയാന് വീണ്ടും മന്ത്രിയാവാൻ വഴിയൊരുങ്ങുന്നത്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്തേക്കും. ഭരണഘടനയ്ക്കെതിരെ സജി ചെറിയാൻ സംസാരിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹർജിയിലാണ് തിരുവല്ല കോടതിയുടെ നിർദ്ദേശപ്രകാരം സജി ചെറിയാനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്
ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നും ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്തത് അതേപടി പകർത്തുകയായിരുന്നു എന്നുമുള്ള സജി ചെറിയാന്റെ പരാമർശങ്ങളാണ് വിവാദമായത്. സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം അലയടിച്ചതോടെ, സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. അതിനിടെ തിരുവല്ല കോടതി സജി ചെറിയാനെതിരെ കേസ് എടുക്കാനും നിർദ്ദേശിച്ചു. സജി ചെറിയാൻ രാജിവെച്ച ഒഴിവിൽ പകരക്കാരനെ വെയ്ക്കാതെ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയ സജി ചെറിയാന് തിരിച്ചുവരാനുള്ള പഴുതും അന്ന് സിപിഎം നേതൃത്വം ഇട്ടിരുന്നു.
ഇപ്പോൾ സജി ചെറിയാന് തടസ്സങ്ങൾ ഒന്നുമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രസംഗത്തെ തുടർന്ന് ഉണ്ടായ സവിശേഷ സാഹചര്യത്തിലായിരുന്നു രാജി. ഇപ്പോൾ നിയമപരമായ തടസ്സങ്ങൾ കൂടി മാറിയ സാഹചര്യത്തിൽ അദ്ദേഹത്തിന് മടങ്ങിവരുന്നതിൽ മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ബന്ധുനിയമ വിവാദത്തിൽ കുടുങ്ങി സിപിഎം നേതാവ് ഇ പി ജയരാജന് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നിരുന്നു. കേസിൽ വിജിലൻസ് ക്ലീൻചിറ്റ് നൽകിയതോടെ അദ്ദേഹം മന്ത്രിസഭയിൽ മടങ്ങിയെത്തുകയും ചെയ്തു. സമാനമായ സാഹചര്യമാണ് സജി ചെറിയാനെന്നും നേതൃത്വം വിലയിരുത്തുന്നു. സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ് വകുപ്പ് വി അബ്ദുറഹ്മാനും സാംസ്കാരികം വി എൻ വാസവനും യുവജനക്ഷേമം മുഹമ്മദ് റിയാസുമാണ് കൈകാര്യം ചെയ്യുന്നത്.
ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. മലപ്പുറം സ്വദേശി ബിജു പി ചെറുമകൻ, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ