- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദ കേരള സ്റ്റോറി 2' വിദ്വേഷം പടര്‍ത്താനുള്ള ആസൂത്രിത നീക്കം; സംഘപരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉല്‍പ്പന്നം മാത്രം; കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
'ദ കേരള സ്റ്റോറി 2' വിദ്വേഷം പടര്‍ത്താനുള്ള ആസൂത്രിത നീക്കം

തിരുവനന്തപുരം: വര്‍ഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ മുറിവേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ദ കേരള സ്റ്റോറി' എന്ന പ്രൊപ്പഗാണ്ട സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കടുത്ത വിമര്‍ശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.
വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്തതും നുണകള്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്നതുമായ സംഘപരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉല്‍പ്പന്നം മാത്രമാണിതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നില്‍ അപമാനിക്കാനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ശ്രമിക്കുന്നത്. ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവര്‍ത്തിച്ചും വിദ്വേഷം പടര്‍ത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം ആസൂത്രിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് നാടിനെ ധ്രുവീകരിക്കാനോ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ലൈസന്‍സല്ലെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. അന്വേഷണ ഏജന്‍സികളും കോടതികളും പലതവണ തള്ളിക്കളഞ്ഞ വാദങ്ങളെ സത്യമെന്നോണം എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാണ്. വര്‍ഗീയ വിഷവിത്തുകള്‍ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സജി ചെറിയാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.


