- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയിച്ചത് കോൺഗ്രസിനൊപ്പം നിന്ന്; ജനീഷ്കുമാറിന്റെ തന്ത്രത്തിൽ മറുകണ്ടം ചാടി സിപിഎമ്മിനൊപ്പം ചേർന്ന് പ്രസിഡന്റായി; തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടലിൽ ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കലിന്റെ പണി പോയി; പോരാത്തതിന് ആറു വർഷത്തേക്ക് വിലക്കും
പത്തനംതിട്ട: ചിറ്റാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തിങ്കലിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചിറ്റാർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് (പന്നിയാർ ) നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സജി കുളത്തിങ്കൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിന്റെ വിപ്പ് ലംഘിച്ച് സി പി എം അനുകൂല നിലപാട് സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആകുകയായിരുന്നു. വിപ്പ് ലംഘിച്ചു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ സജി കുളത്തിങ്കലിനെ ആറ് വർഷത്തേക്ക് അയോഗ്യനാക്കിയിട്ടുള്ളത്.
ഒറ്റ സീറ്റിന് ഭരണം നഷ്ടമാകുമെന്ന് അവസ്ഥയിൽ ചിറ്റാർ പഞ്ചായത്ത് എൽഡിഎഫ് തിരികെ പിടിച്ചത് കോൺഗ്രസ് പഞ്ചായത്തംഗത്തെ പ്രസിഡന്റാക്കിയായിരുന്നു. ഇതിന് പിന്നിലുണ്ടായിരുന്നത് ജനീഷ് കുമാർ എംഎൽഎയുടെ പദ്ധതിയായിരുന്നു. കോൺഗ്രസ് നൽകാത്ത പ്രസിഡന്റ് സ്ഥാനം തനിക്ക് സിപിഎം തരുമെന്ന് കേട്ടപ്പോൾ സന്തോഷിച്ച് മറുകണ്ടം ചാടിയത് സജി കുളത്തുങ്കലായിരുന്നു. സജിയുടെ പിതാവും കോൺഗ്രസ് നേതാവുമായിരുന്ന കെഇ വർഗീസിനെ സിപിഎമ്മുകാർ കൊലപ്പെടുത്തുകയായിരുന്നുവെന്ന കാര്യം സ്ഥാനലബ്ധിക്ക് വേണ്ടി സജി മറന്നു.
പിതാവിനെ കോൺഗ്രസിന്റെ രക്തസാക്ഷിയാക്കി സിപിഎം മകനെ ജീവിക്കുന്ന രക്തസാക്ഷിയാക്കുകയാണെന്ന കാര്യം പ്രസിഡന്റാകുമ്പോൾ സജി അറിഞ്ഞിരുന്നില്ല. സിപിഎം വ്യക്തമായ ഗെയിം പ്ലാനോടെയാണ് കോൺഗ്രസിൽ നിന്ന് സജിയെ അടർത്തിയെടുത്തത്. പഞ്ചായത്ത് രണ്ടാം വാർഡിൽ സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി എംഎസ് രാജേന്ദ്രനെ വെറും മൂന്നു വോട്ടിന് തോൽപ്പിച്ചാണ് സജിയുടെ വരവ്. സജി അയോഗ്യനാക്കപ്പെടുന്നതോടെ രണ്ടാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. രാജേന്ദ്രൻ തന്നെ സിപിഎം സ്ഥാനാർത്ഥിയായേക്കും. വിജയിച്ചു വന്നാൽ രാജേന്ദ്രൻ സിപിഎമ്മിന് വ്യക്തമായ ഭൂരിപക്ഷം നൽകും. പ്രസിഡന്റുമാകും.
പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിന്റെ പേരിൽ മറുകണ്ടം ചാടിയപ്പോൾ കോൺഗ്രസിനെതിരേ രൂക്ഷമായ ആരോപണവും സജി ഉന്നയിച്ചു. തന്നെയും തന്റെ കുടുംബത്തെയും ഇല്ലായ്മ ചെയ്യാനാണ് കഴിഞ്ഞ 36 വർഷമായി കോൺഗ്രസ് പാർട്ടി ശ്രമിച്ചതെന്ന് സജി കുളത്തുങ്കൽ പറയുന്നു. താൻ എൽഡിഎഫ് പിന്തുണ തേടിപ്പോയില്ല. അവർ തനിക്ക് പിന്തുണ തരികയായിരുന്നു. താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചു നിന്നപ്പോൾ എൽഡിഎഫ് അപ്രതീക്ഷിതമായി തന്റെ പേര് നിർദ്ദേശിച്ചു കൊണ്ട് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നുവെന്നുമാണ് അന്ന് സജി പറഞ്ഞത്.
അർഹതപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തനിക്ക് ആദ്യ ടേമിൽ ലഭിക്കുന്നില്ലെന്നാരോപിച്ചാണ് സജി കുളത്തുങ്കൽ എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റായത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സജി വോട്ടു ചെയ്യുകയും ചെയ്തു. ഇരുപാർട്ടികളിലും പ്രതിഷേധം വ്യാപിക്കുന്നതിനിടെ സജിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. 13 അംഗകമ്മറ്റിയിൽ എൽഡിഎഫ്അഞ്ച്, യുഡിഎഫ്ആറ്, എൻഡിഎ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ടാം വാർഡിൽ സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയും രക്തസാക്ഷി എംഎസ് പ്രസാദിന്റെ സഹോദരനുമായ എംഎസ് രാജേന്ദ്രനെ മൂന്ന് വോട്ടിന് അട്ടിമറിച്ചാണ് സജി പഞ്ചായത്തംഗമായത്.
നാലാം വാർഡിൽ നിന്നും വിജയിച്ച എ ബഷീർ ആയിരുന്നു യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. വോട്ടെടുപ്പിൽ നിന്നും എൻഡിഎ വിട്ടുനിന്നു. ഇതോടെ ആറ് വോട്ട് നേടി സജി കുളത്തുങ്കൽ വിജയിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സ്ഥാനാർത്ഥി രവികല എബിക്ക് സജി വോട്ടു ചെയ്യുകയും ചെയ്തു. കോൺഗ്രസ് ആദ്യ ടേം പ്രസിഡന്റ് സ്ഥാനം നൽകാത്തതിന്റെ പേരിലാണ് സജി കൂറുമാറിയത്. അടൂർ പ്രകാശിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ നാലാം വാർഡിൽ നിന്ന് വിജയിച്ച എ. ബഷീറിന് അഞ്ചു വർഷവും പ്രസിഡന്റ് സ്ഥാനം നൽകാൻ തീരുമാനമായിരുന്നു. സജി എതിർത്തതോടെ മൂന്ന് രണ്ട് വർഷം വീതം നൽകാൻ ധാരണയായി. ആദ്യ മൂന്നു കൊല്ലം ബഷീറും അവസാന രണ്ട് വർഷം സജിയും എന്ന ധാരണയാണ് അന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജും അടൂർ പ്രകാശ് എംപിയും മുന്നോട്ടു വച്ചത്. എന്നാൽ തനിക്ക് ആദ്യ ടേം കിട്ടണമെന്ന് സജി നിർബന്ധം പിടിച്ചു.
കൃത്യമായ ഭൂരിപക്ഷം ഉള്ളതുകൊണ്ട് കോൺഗ്രസ് നേതൃത്വവും ഈ വിഷയത്തിനു വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല. ഈ അവസരം സിപിഎം മുതലാക്കുകയായിരുന്നു. കോൺഗ്രസ് നേതൃത്വം വഴങ്ങാതെ വന്നതോടെ സജി എൽഡിഎഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങുകയായിരുന്നു. കോൺഗ്രസിന്റെ വിപ്പ് അദ്ദേഹം കൈപ്പറ്റിയില്ല. വിപ്പ് ലംഘിച്ച് സിപിഎം പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ സജി കുളത്തുങ്കലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ സജിയെ ആരും പിന്തുണച്ചിരുന്നില്ല. എന്നാൽ കോൺഗ്രസ് രക്തസാക്ഷിയുടെ മകൻ എന്ന പരിഗണന നൽകി രണ്ടു വർഷം പഞ്ചായത്ത് പ്രസിഡന്റ് പദവി നൽകാൻ പാർട്ടി തീരുമാനിച്ചിരുന്നു.
സജിയുടെ പിതാവ് കെഇ വർഗീസിനെ സിപിഎം പ്രവർത്തകരാണ് കൊലപ്പെടുത്തിയത്. സജി തോൽപിച്ച എംഎസ് രാജേന്ദ്രന്റെ സഹോദരൻ എംഎസ് പ്രസാദിനെ കോൺഗ്രസുകാരാണ് കൊന്നത്. അങ്ങനെയുള്ള പാർട്ടികൾ തമ്മിൽ പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയുണ്ടാക്കിയ ധാരണ വലിയ ഞെട്ടലാണ് സിപിഎം പ്രവർത്തകരിൽ സൃഷ്ടിച്ചത്. ഇതിന്റെ പേരിൽ സിപിഎമ്മിൽ വ്യാപക വിമർശനവും നേരിട്ടു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്