തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും മറ്റൊരു വീട്ടമ്മയുടെ നഗ്ന വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിന്റെ യഥാർഥ കാരണമെന്ത്? കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോനാണ് പാർട്ടിക്ക് പുറത്തായത്. അഞ്ചു വർഷം മുൻപ് ആദ്യ പീഡന പരാതിയും രണ്ടു വർഷം മുൻപ് രണ്ടാമതൊന്നും വന്നിട്ടും പാർട്ടി സജി മോനെ സംരക്ഷിക്കുയായിരുന്നു. ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തുക മാത്രമാണ് ഉണ്ടായത്. പിന്നീട് ബ്രാഞ്ച് സെക്രട്ടറിയായി പതുക്കെ പതുക്കെ ഭാരവാഹിത്വങ്ങളിലേക്ക് തിരിച്ചു വന്നു. ഉടൻ തന്നെ ലോക്കൽ സെക്രട്ടറിയാക്കാൻ നീക്കം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പുറത്താക്കിയിരിക്കുന്നത്.

രൂക്ഷമായ ആരോപണങ്ങൾ ഉയർന്നപ്പോൾ സംരക്ഷിച്ച പാർട്ടി ഇപ്പോൾ പുറത്താക്കിയതിന് കാരണം ആദ്യ കേസിൽ ഉടൻ തന്നെ വിധി വരാൻ പോകുന്നുവെന്നതാണെന്നാണ് നേതാക്കൾ പറയുന്നത്. ഇതിനേക്കാൾ വലിയ പീഡനക്കേസുകളിൽ കുടുങ്ങിയ നേതാക്കളെ തിരികെ പാർട്ടി ഭാരവാഹിത്വങ്ങളിലേക്ക് ഒരു മടിയും കൂടാതെ അവരോധിച്ച പാരമ്പര്യം സിപിഎമ്മിനുണ്ട്. അപ്പോൾ സജിമോനെ കൈവിടേണ്ട കാര്യം പാർട്ടിക്കില്ല. തിരുവല്ല ഏരിയാ കമ്മറ്റിയിലെ രൂക്ഷമായ വിഭാഗീയതയാണ് സജിമോന് വിനയായിരിക്കുന്നത് എന്നാണ് പറയുന്നത്.


2018ലെ കേസിന് പിന്നാലെ ഇയാളെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് പാർട്ടിയിൽ തിരിച്ചെടുത്ത് കൂടുതൽ ചുമതലകൾ നൽകുകയായിരുന്നു. ഇതിനിടെ രണ്ട് വർഷം മുമ്പ് സിപിഎം വനിതാ നേതാവായ വീട്ടമ്മയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച് നഗ്ന വീഡിയോ എടുത്തു പ്രചരിപ്പിച്ചു എന്ന പരാതിയും സജിമോനെതിരെ ഉയർന്നിരുന്നു. ഈ സംഭവത്തിൽ ലഹരി ചേർത്ത പാനീയം നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു എന്ന് കാട്ടി വീട്ടമ്മ തിരുവല്ല പൊലീസിലും പാർട്ടി തലത്തിലും പരാതിയും നൽകിയിരുന്നു.

തുടർന്ന് പാർട്ടി അന്വേഷണ കമ്മീഷൻ പരാതികളുടെ നിജസ്ഥിതി പരിശോധിച്ചിരുന്നു. വീട്ടമ്മയെ ഗർഭിണിയാക്കുകയും ഡിഎൻഎ പരിശോധനാഫലം അട്ടിമറിക്കുവാൻ ശ്രമിക്കുകയും ചെയ്ത കേസ് അടുത്ത ആഴ്ച തിരുവല്ല കോടതി പരിഗണിക്കുന്നുണ്ട്. വിഷയം കോടതിയിലേക്ക് എത്തുംമുമ്പ് ബ്രാഞ്ച് സെക്രട്ടറിയായ സജിമോനെ പാർട്ടിയിൽ നിന്നും പുറത്താക്കി മുഖം രക്ഷിക്കുവാൻ ആണ് നേതൃത്വത്തിന്റെ നീക്കം. പുറത്താക്കപ്പെട്ട സജിമോൻ സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റ് കൂടിയാണ്.

അതേ സമയം സിപിഎം തിരുവല്ല ഏരിയാ കമ്മറ്റിയിലെ വിഭാഗീയതയാണ് ഇപ്പോൾ സജിമോനെതിരേ നടപടി ഉണ്ടാകാൻ കാരണമായിരിക്കുന്നത്.ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയുടെ പക്ഷക്കാരനാണ് സജിമോൻ. ഫ്രാൻസിസും ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. സനൽകുമാറും തമ്മിൽ രൂക്ഷമായ വിഭാഗീയത നടക്കുന്ന സ്ഥലമാണ് തിരുവല്ല. ഇരുവരും പരസ്പരം പാര വച്ച് നിരവധി സംഭവങ്ങൾ അടുത്ത കാലത്തായി പൊതുസമൂഹത്തിന് മുന്നിൽ വന്നിരുന്നു. സിഐടിയു ഏരിയാ കമ്മറ്റി വൈസ് പ്രസിഡന്റ് കൂടിയായ സജിമോനെ ഇപ്പോൾ പുറത്താക്കിയത് 2018 ൽ നടന്ന സ്ത്രീപീഡനത്തിന്റെ പേരിലാണ്.

അയൽവാസിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും കുട്ടിയുടെ ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്. പരാതി നേരിട്ട് സംസ്ഥാന കമ്മറ്റിക്കാണ് പോയത്. അവിടെ നിന്ന് ജില്ലാ കമ്മറ്റിക്ക് കൈമാറി. നടപടി എടുക്കണമെന്നത് കർശന നിർദേശമായിരുന്നു. കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക് കൂടി പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗമാണ് നടപടി കൈക്കൊണ്ടത്.