തിരുവനന്തപുരം: സംഘപരിവാര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചപ്പോള്‍ അവരെ അകറ്റി നിര്‍ത്തിയവരാണ് എന്‍എസ്എസ് നേതൃത്വമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.

ഇന്ത്യയിലെ പല ഹൈന്ദവ സംഘടനകളെയും സംഘപരിവാര്‍ വിഴുങ്ങിയെന്നും അപ്പോഴും അവരെ അകത്തുകടത്താതെ ധീരമായ നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. എന്‍എസ്എസുമായി തനിക്ക് യാതൊരു പ്രശ്നവും ഇല്ല. എന്‍എസ്എസിനെ ഒരു കാലത്തും താന്‍ അധിക്ഷേപിച്ചിട്ടില്ല. രാഷ്ട്രീയവും മതവും തമ്മില്‍ അകലം വേണമെന്ന നിലപാട് തന്നെയാണ് തനിക്കെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

എന്‍എസ്എസ് സംഘ പരിവാറിനെ അകറ്റി നിര്‍ത്തിയ സംഘടനയാണെന്ന പ്രസ്താവന വിവരദോഷവും ചരിത്ര ബോധമില്ലായ്മയുമാണെന്ന് സന്ദീപ് വിമര്‍ശിച്ചു. ഏകനാഥറാനഡെ രൂപീകരിച്ച വിവേകാനന്ദ സ്മാരക സേവാസമിതിയുടെ രണ്ടാമത്തെ അധ്യക്ഷന്‍ മന്നത്ത് പത്മനാഭന്‍ ആയിരുന്നു. അടിയന്തരാവസ്ഥയെ നേരിടാന്‍ ആര്‍എസ്എസ് രൂപീകരിച്ച ലോക് സംഘര്‍ഷ സമിതിയുടെ അധ്യക്ഷന്‍ മറ്റൊരു എന്‍എസ്എസ് സെക്രട്ടറിയായ എം.പി മന്മഥന്‍ ആയിരുന്നു. വീര സവര്‍ക്കറെ എന്‍എസ്എസ് രജത ജൂബിലി വര്‍ഷമായ 1940 ല്‍ പെരുന്നയില്‍ എത്തിച്ചതും മന്നത്ത് പത്മനാഭന്‍ ആയിരുന്നു. ചരിത്രം അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണം. ദയവ് ചെയ്ത് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കരുതെന്നും സന്ദീപ് കുറിച്ചു.

സന്ദീപ് വാചസ്പതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

എന്‍എസ്എസ് സംഘ പരിവാറിനെ അകറ്റി നിര്‍ത്തിയ സംഘടനയാണ് പോലും. വിവരദോഷവും ചരിത്ര ബോധമില്ലായ്മയും പ്രതിപക്ഷ നേതാവിന് എന്ന് മാത്രമല്ല ആര്‍ക്കും ഭൂഷണമല്ല. ആര്‍എസ്എസ് സര്‍ സംഘചാലകായിരുന്ന ഗുരുജിയുടെ നിര്‍ദ്ദേശ പ്രകാരം കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ സ്മാരകം നിര്‍മ്മിക്കാന്‍ എത്തിയ ഏകനാഥറാനഡെ രൂപീകരിച്ച വിവേകാനന്ദ സ്മാരക സേവാസമിതിയുടെ രണ്ടാമത്തെ അധ്യക്ഷന്റെ പേര് ചിലപ്പോള്‍ വി ഡി സതീശന് അറിയുമായിരിക്കും. മന്നത്ത് പത്മനാഭന്‍.

മന്നം രോഗശയ്യയില്‍ ആയപ്പോള്‍ ഗുരുജി പെരുന്നയിലെത്തി എന്‍എസ്എസ് സ്ഥാപകനെ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. വി ഡി സതീശന്റെ പാര്‍ട്ടി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ നേരിടാന്‍ ആര്‍എസ്എസ് രൂപീകരിച്ച ലോക് സംഘര്‍ഷ സമിതിയുടെ അധ്യക്ഷന്‍ മറ്റൊരു എന്‍എസ്എസ് സെക്രട്ടറി ആയിരുന്നു. പേര് എം.പി മന്മഥന്‍.

സംഘപരിവാര്‍ സംഘടനയായ കേരള ക്ഷേത്രസംരക്ഷണ സമിതി സ്ഥാപിച്ചത് എന്‍എസ്എസ് സ്ഥാപക പ്രസിഡന്റ് ആയിരുന്ന കെ.കേളപ്പന്‍ ആയിരുന്നു. ആര്‍എസ്എസ് നേതാവ് അല്ലായെങ്കിലും വി. ഡി സതീശനും കൂട്ടരും സംഘിപ്പട്ടം ചാര്‍ത്തി കൊടുക്കുന്ന വീര സവര്‍ക്കറെ എന്‍എസ്എസ് രജത ജൂബിലി വര്‍ഷമായ 1940 ല്‍ പെരുന്നയില്‍ എത്തിച്ചതും മന്നത്ത് പത്മനാഭന്‍ ആയിരുന്നു.

ചരിത്രം അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണം. ദയവ് ചെയ്ത് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കരുത്.