പാലക്കാട്: സന്ദീപ് വാര്യര്‍ വിഷയത്തില്‍ ബിജെപി നേതൃത്വത്തിന് വലിയ വീഴ്ചയുണ്ടായി എന്ന വിലയിരുത്തലില്‍ ആര്‍ എസ് എസ്. സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ഇനിയും ആര്‍ എസ് എസ് ശ്രമിക്കും. എന്നാല്‍ ശുഭസൂചനകള്‍ ആര്‍ എസ് എസിന് സന്ദീപ് നല്‍കുന്നില്ല. ആര്‍ എസ് എസിലെ മുതിര്‍ന്ന നേതാവായ എ ജയകുമാര്‍ നേരിട്ടെത്തി സന്ദീപിനെ ആശ്വസിപ്പിച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി. ബിജെപിയോട് പോലും പറയാതെയായിരുന്നു ഈ നീക്കം. സന്ദീപുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിജെപി നേതൃത്വം ഇത്തരമൊരു നീക്കം നടത്തേണ്ടതായിരുന്നു എന്നാല്‍ ആര്‍ എസ് എസ് പക്ഷം. അതിനിടെ പരമാവധി പരസ്യ പ്രതികരണം സന്ദീപ് വാര്യര്‍ ഒഴിവാക്കും. സിപിഎം നേതൃത്വം സന്ദീപിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. മന്ത്രിമാരായ എംബി രാജേഷും പി രാജീവും സന്ദീപിനെ സിപിഎം ക്യാമ്പിലേക്ക് അടുപ്പിക്കാനുള്ള തന്ത്രങ്ങളുമായി സജീവമാണ്. അതിനിടെ ബിജെപിയിലെ സന്ദീപിന്റെ വിശ്വസ്തരും പാലക്കാട് എത്തും. അവരുമായും സന്ദീപ് ആശയ വിനിമയം നടത്തും. അതിന് ശേഷം കാര്യങ്ങളില്‍ സന്ദീപ് തന്നെ വ്യക്തത വരുത്തും.

സന്ദീപ് വാര്യര്‍ നടത്തിയ പരസ്യപ്രതികരണത്തില്‍ കരുതലോടെ നീങ്ങാന്‍ ബി.ജെ.പി. നേതൃത്വം. സന്ദീപ് വാര്യര്‍ പാര്‍ട്ടിക്കെതിരേ തുറന്നടിച്ചത് ശരിയായില്ലെന്നും പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്നുമാണ് നേതാക്കളുടെ നിലപാട്. ഉടനെ ശക്തമായ നടപടി ഉണ്ടാകില്ലെങ്കിലും വരുംദിവസങ്ങളിലെ നിലപാടുകള്‍കൂടി പരിശോധിച്ചായിരിക്കും സംസ്ഥാനനേതൃത്വം അന്തിമതീരുമാനമെടുക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്‍, കെ.എസ്. രാധാകൃഷ്ണന്‍, പി. രഘുനാഥ്, പത്മജാ വേണുഗോപാല്‍, പി. സുധീര്‍, വി.ടി. രമ തുടങ്ങിയവര്‍ തിങ്കളാഴ്ച പാലക്കാട്ടുതന്നെയുണ്ടായിരുന്നു. സന്ദീപ് വാര്യരുടെ വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക യോഗം ചേര്‍ന്നില്ലെങ്കിലും ഇവര്‍ തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നു. നടപടി വേണമെന്നുതന്നെയാണ് ഒട്ടുമിക്ക നേതാക്കളുടെയും അഭിപ്രായമെന്നാണ് സൂചന. ആര്‍ എസ് എസ് നിലപാട് കൂടി മനസ്സിലാക്കിയായിരുന്നു ഈ പിന്നോട്ട് പോക്ക്.

പ്രചാരണത്തില്‍ സജീവമായി രംഗത്തിറങ്ങിയ ആര്‍.എസ്.എസിന് എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകണമെന്ന നിലപാടായിരുന്നു. തത്കാലം വിവാദങ്ങള്‍ വേണ്ടെന്ന നിലപാടായിരുന്നു ബി.ജെ.പി. നേതാക്കള്‍ക്കും. ഇതിനാല്‍ ജില്ലാനേതൃത്വവും വിഷയം കാര്യമായി ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. സന്ദീപ് വാര്യരെ സി.പി.എമ്മിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം ഊര്‍ജ്ജിതമാണ്. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനും സംസ്ഥാനകമ്മിറ്റിയംഗം മന്ത്രി എം.ബി. രാജേഷും സന്ദീപിനെക്കുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞത് ഇതിന്റെ സൂചനയായാണ് കരുതുന്നത്. ബാലേട്ടന്‍ എന്തെങ്കിലും പറഞ്ഞതായി അറിയില്ലെന്നും എം.ബി. രാജേഷുമായി കുടുംബസൗഹൃദമുണ്ടെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചിരുന്നു. ഇവര്‍ക്കൊപ്പം മന്ത്രി പി രാജീവും ശക്തമായി ഇടപെടലുകള്‍ നടത്തുന്നുണ്ട്.

ബിജെപിക്കായി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല എന്നത് ഉറച്ച തീരുമാനമെന്നും താന്‍ ചെയ്തത് തെറ്റാണോ ശരിയാണോ എന്നത് കാലം വിലയിരുത്തട്ടെ എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ആര്‍എസ്എസ് പ്രതിനിധിയായ എ ജയകുമാറിന്റെ മുന്നില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു. അദ്ദേഹം ഉറപ്പ് നല്‍കിയോ ഇല്ലയോ എന്ന് പുറത്ത് വെളിപ്പെടുത്താനില്ല. തന്റെ പരാതികള്‍ നേരത്തെ കേട്ടിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. എതിര്‍ ചേരിയിലുള്ളവര്‍ക്കും തന്നെ വന്നുകാണാന്‍ സ്വാതന്ത്ര്യമുണ്ട്. വയനാട്ടില്‍ പ്രചാരണത്തിന്റെ ഏകോപന ചുമതല തന്നത് കെ സുരേന്ദ്രന്‍ ഔദാര്യമായി അവതരിപ്പിക്കരുത്. അത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. ചുമതല നന്നായി നിറവേറ്റിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് സംസാരിച്ചതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

എന്നാല്‍ സിപിഎമ്മില്‍ ചേരാനില്ല. ഇപ്പോള്‍ ബിജെപിയിലാണ്. സ്വന്തം ജില്ലയില്‍ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് സംസാരിച്ചത്. അപമാനിക്കപ്പെടില്ല എന്ന് സുരേന്ദ്രന്‍ നല്‍കിയ ഉറപ്പിലാണ് പാലക്കാട് പോയത്. എന്നാല്‍, ആ ഉറപ്പ് തെറ്റി. കണ്‍വെന്‍ഷന് പോയപ്പോള്‍ വീണ്ടും അപമാനിക്കപ്പെട്ടു. ഇത്തരത്തില്‍ വീണ്ടും അപമാനം സഹിക്കേണ്ടിവന്നപ്പോഴാണ് കാര്യങ്ങള്‍ തുറന്ന് പറഞ്ഞത് ശോഭ സുരേന്ദ്രനെക്കുറിച്ചോ കൊടകര കേസിനെകുറിച്ചോ സംസാരിക്കാനില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ പരസ്യ പ്രതികരണം ഒഴിവാക്കണമെന്നാണ് ആര്‍എസ്എസിന്റെ നിര്‍ദേശം. മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നും ആര്‍എസ്എസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേതൃത്വത്തോട് കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് സന്ദീപ് വാര്യരുടെ തിങ്കളാഴ്ചത്തെ ഫെയ്സ്ബുക്ക് പോസ്റ്റ് പാര്‍ട്ടിക്കുള്ള സൂചനയാണ്. പാലക്കാട്ടെ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനെ പേരെടുത്തു കുറ്റപ്പെടുത്തുകയും സംസ്ഥാനനേതൃത്വത്തെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന കുറിപ്പ് പരിശോധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞതോടെ അച്ചടക്കനടപടിക്കുള്ള വഴിയും തെളിഞ്ഞു. പക്ഷേ ആര്‍ എസ് എസ് ഇടപെട്ടതോടെ ഈ നീക്കം വേണ്ടെന്ന് വച്ചു. വേണ്ടിവന്നാല്‍ ബി.ജെ.പി. ബന്ധം ഉപേക്ഷിച്ചേക്കാനും മടിയില്ലെന്ന സന്ദീപിന്റെ സൂചന പാര്‍ട്ടിയെ കുഴക്കുന്നുണ്ടെങ്കിലും അതൊരു സമ്മര്‍ദതന്ത്രമാണെന്ന് സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ പറയുന്നു.

തിരഞ്ഞെടുപ്പുനടക്കുന്നതിനിടെ സന്ദീപിന്റെ അസമയത്തെ നീക്കം ദോഷമുണ്ടാക്കുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്; പരസ്യമായി സമ്മതിക്കുന്നില്ലെന്നുമാത്രം. തിരഞ്ഞടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സന്ദീപിനുമേല്‍ കെട്ടിവെച്ച് നടപടിക്ക് വേഗംകൂട്ടാന്‍ നേതൃത്വത്തിനാകും. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ശോഭാ സുരേന്ദ്രനും ആര്‍.എസ്.എസ്. നേതാക്കള്‍ക്കുമൊക്കെ താത്പര്യമുള്ളയാളാണ് സന്ദീപ്.