മലപ്പുറം: പാര്‍ട്ടി വിട്ടതിന് ശേഷം ബിജെപിക്കെതിരെ ആരോപണം കടുപ്പിച്ചു കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ തന്നെ കൊല്ലാന്‍ വേണ്ടി അയക്കുമോ എന്നാണ് ഇപ്പോഴത്തെ ഭയമെന്ന് വാര്യര്‍ പറഞ്ഞു. ആ ഇന്നോവ ഒരുപക്ഷേ ഡ്രൈവ് ചെയ്യുന്നത് എം.ബി. രാജേഷാണെങ്കില്‍, അതില്‍ എനിക്കെതിരെയുള്ള ക്വട്ടേഷനുമായി വരുന്നത് കെ. സുരേന്ദ്രനായിരിക്കാമെന്നും സന്ദീപ് പ്രതികരിച്ചു.

പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായും ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചാണ് കേരളത്തിലെ രാഷ്ട്രീയം നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ തെരഞ്ഞെടുപ്പും അതുപോലെയാണ് നടക്കുന്നത്. സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ പരിപാടി എനിക്കെതിരെയും എടുക്കുന്നുണ്ടെന്നാണ് ഇന്നലത്തെ രണ്ടുകൂട്ടരുടെയും പ്രതികരണത്തില്‍നിന്ന് തനിക്ക് മനസ്സിലാകുന്നതെന്നും സന്ദീപ് പറഞ്ഞു.

നമ്മുടെ രാജ്യത്ത് ഭക്ഷണം വസ്ത്രം, ഭാഷ ഇതൊക്കെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അത് സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് മതനിരപേക്ഷ ശക്തികളൊക്കെ ഒന്നിച്ചുനില്‍ക്കേണ്ടതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുപോലെ തന്നെയാണ് രാഷ്ട്രീയവും. അതും ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അത് ഒരാള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തിനാണ് അസഹിഷ്ണുത കാണിക്കുന്നത്. സന്ദീപ് ചോദിച്ചു.

രണ്ടുകൂട്ടരും ഒരേ ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന ആക്ഷേപങ്ങളാണ് എനിക്കെതിരെ ഉന്നയിക്കുന്നത്. ഇതെങ്ങനെയാണ് സയാമീസ് ഇരട്ടകളേപ്പോലെ ആക്ഷേപിക്കാന്‍ കഴിയുന്നത്. ഇതൊക്കെ കേരളത്തിലെ ജനങ്ങളും പാലക്കാട്ടെ വോട്ടര്‍മാരും കാണുന്നുണ്ട്. ഓഫര്‍ കിട്ടിയിട്ടാണ് പോയതെന്നാണ് ആക്ഷേപം. അങ്ങനെയെങ്കില്‍ അത് നല്‍കുന്നവര്‍ക്കടുത്തേക്കല്ലെ പോകേണ്ടത്. ഞാന്‍ കോണ്‍ഗ്രസിലേക്ക് വരുന്ന സമയത്ത് കേരളത്തില്‍ യുഡിഎഫിന് ഭരണമില്ല. രാജ്യത്ത് കോണ്‍ഗ്രസിന് ഭരണമില്ല അങ്ങനെ പ്രതിപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയിലേക്ക് കടന്നുവരികയാണ് ചെയ്തത്.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറിയില്‍ നിന്ന് പ്രവര്‍ത്തിച്ച് മടുത്തിട്ടാണ് ഞാന്‍ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തെ എന്നെന്നേക്കുമായി ഉപേക്ഷിച്ചാണ് യുഡിഎഫിന്റെ മാനവീകതയുടെ പക്ഷത്തേക്ക് വന്നത്. ബിജെപിയില്‍ ആരെയും വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ബിജെപിയെ നന്നാക്കാന്‍ ഒരു ചൂരലെടുത്ത് മാരാര്‍ജി ഭവന് ചുറ്റും നടക്കാനും ഉദ്ദേശിക്കുന്നില്ല. ഞാന്‍ തല്ലിയാലും അവര്‍ നന്നാകാന്‍ പോകുന്നില്ല. അതുകൊണ്ട് ഇനിമുതല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വലിയ കസേര കിട്ടട്ടേയെന്നാണ് കെ. സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് ആ രീതിയിലുള്ള കാര്യങ്ങള്‍ പറയുന്നത്. ഇന്ന് എനിക്ക് കിട്ടിയത് വലിയ കസേര തന്നെയാണ്. കുടപ്പനക്കുന്ന് തറവാട്ടില്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാനൊരു കസേര കിട്ടിയിട്ടുണ്ടെങ്കില്‍ അതൊരു വലിയ കാര്യം തന്നെയാണെന്ന് കെ. സുരേന്ദ്രന് മറുപടിയായി സന്ദീപ് വാര്യര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെ സന്ദീപിനെ രൂക്ഷമായി വിമര്‍ശിച്ച് എം.ബി. രാജേഷും സുരേന്ദ്രനും രംഗത്തുവന്നിരുന്നു. വര്‍ഗീയതയുടെ കാളിയനായ സന്ദീപ് വാര്യരെ കൊണ്ടുനടക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹത്തെ എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേ ഇല്ല എന്നുമാണ് രാജേഷ് പ്രതികരിച്ചത്.

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധമാണ് തനിക്കുള്ളത്. മലപ്പുറം സഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടാണ്. അതിനു പിന്നില്‍ കൊടപ്പനക്കല്‍ കുടുംബത്തിന്റെ വലിയ പ്രയത്‌നമുണ്ട്. ലോകത്തിനു തന്നെ മാതൃകയായ ഈ മലപ്പുറത്തിന്റെ മാനവിക സൗഹാര്‍ദത്തിന് അടിത്തറ പാകിയത് ഈ കുടുംബമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങാടിപുറത്തെ തളി ക്ഷേത്രം കത്തിനശിച്ച സമയത്ത് അവിടേക്ക് ആദ്യം ഓടിയെത്തിയത് ശിഹാബ് തങ്ങളാണ്. അതൊക്കെ വളരെ അത്ഭുതത്തോടെ നോക്കികണ്ട ആളാണ്. ബി.ജെ.പിയുടെ ഭാഗമായി നില്‍ക്കുന്ന സമയത്ത് ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഹൃദയവേദന ഉണ്ടായിട്ടുള്ള ഒരുവിഭാഗം ആളുകളുണ്ടെങ്കില്‍, അവര്‍ക്കെന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മാറ്റാന്‍ ഈ സന്ദര്‍ശനം വലിയ സഹായകരമാകുമെന്ന് വിശ്വസിക്കുന്നു' -സന്ദീപ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ഉയര്‍ത്തിപിടിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദീപിന്റ കടന്നുവരവിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സാദിഖലി തങ്ങള്‍ പ്രതികരിച്ചു. ഞായറാഴ്ച രാവിലെ പാണക്കാട് തറവാട്ടിലെത്തിയ സന്ദീപിനെ ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ എന്‍. ഷംസുദ്ദീന്‍, നജീബ് കാന്തപുരം, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

കെ.പി.സി.സി നിര്‍ദേശപ്രകാരമാണ് സന്ദീപ് പാണക്കാട്ടെത്തിയത്. പാലക്കാട്ടെ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ സന്ദീപിനൊപ്പമുണ്ടായിരുന്നു. നേരത്തെ, സന്ദീപിനെ സ്വാഗതം ചെയ്ത് യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സന്ദീപ് വാര്യരുടെ ഫോട്ടോക്കൊപ്പം സ്വാഗതം ബ്രോ...എന്ന് കുറിച്ചാണ് മുനവ്വറലി തങ്ങളുടെ പോസ്റ്റ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന സന്ദീപ് സി.പി.ഐയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എതിര്‍ പാര്‍ട്ടികള്‍ക്ക് ഷോക്ക് നല്‍കി കോണ്‍ഗ്രസ് പാളയത്തിലെത്തിയത്.