- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദീപിനെ ഷാള്‍ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; വെറുപ്പ് മാത്രം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയായി ബിജെപി മാറിയെന്ന് സന്ദീപ്; വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ക്യാമ്പ് വിട്ടുവന്നതില്‍ സന്തോഷം; സ്‌നേഹത്തിന്റെ കടയില്‍ താന്‍ അംഗത്വം എടുക്കുന്നുവെന്നും സന്ദീപ് വാര്യര്‍
നേഹത്തിന്റെ കടയില്‍ താന്‍ അംഗത്വം എടുക്കുന്നുവെന്നു സന്ദീപ് വാര്യര്‍
പാലക്കാട്: ഉപതിരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍, കോണ്‍ഗ്രസില്‍ ഔദ്യോഗികമായി ചേര്‍ന്ന് സന്ദീപ് വാര്യര്‍. ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം കെപിസിസിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവില്‍ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് അനുമതി നല്‍കിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്.
പാലക്കാട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ സന്ദീപിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഷാളണിയിച്ച് സ്വീകരിച്ചു.വെറുപ്പ് മാത്രം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയായി ബിജെപി മാറിയെന്ന് സന്ദീപ്. ഏകാധിപത്യ പ്രവണതയുള്ള ജനാധിപത്യത്തെ മാനിക്കാത്ത, പാര്‍ട്ടിയിലായിരുന്നു താന്‍. അതുകൊണ്ട് സ്‌നേഹത്തിന്റെ കടയില്‍ താന്‍ അംഗത്വം എടുക്കുകയാണെന്നും സന്ദീപ് പറഞ്ഞു.
രാഷ്ട്രീയത്തിനപ്പുറം മാനവികമായ ബന്ധം എല്ലാവരുമായും ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും സന്ദീപ് പറഞ്ഞു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ക്യാമ്പ് വിട്ടുവന്നതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യരുടെ വാക്കുകള്‍
എന്തിനാണ് ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്? സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ താങ്ങ് നമ്മള്‍ പ്രതീക്ഷിക്കും. എല്ലായിപ്പോഴും വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന സംഘടനയില്‍നിന്നു പിന്തുണയും സ്‌നേഹവും പ്രതീക്ഷിച്ചതാണു ഞാന്‍ ചെയ്ത തെറ്റ്. കെ.സുരേന്ദ്രനും സംഘവുമാണ് ഞാന്‍ കോണ്‍ഗ്രസിലേക്കു വരാനുള്ള ഏക കാരണം. ബിജെപി നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റുകള്‍ കണ്ടു മടുത്താണു പാര്‍ട്ടി മാറുന്നത്. കരുവന്നൂര്‍ തട്ടിപ്പ് എതിര്‍ത്തതിനാണു എന്നെ ബിജെപി ഒറ്റപ്പെടുത്തിയത്. സ്‌നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കാനാണ് എന്റെ തീരുമാനം. ഇത്രയും കാലം ബിജെപിയില്‍ പ്രവര്‍ത്തിച്ചതില്‍ ജാള്യത തോന്നുന്നു.
ശ്രീനിവാസന്‍ വധക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട 17 പ്രതികള്‍ക്കു ജാമ്യം കിട്ടിയത് എങ്ങനെയാണെന്നു ബിജെപി നേതൃത്വം മറുപടി പറയണം. ബലിദാനിയായ ശ്രീനിവാസനുവേണ്ടി എന്താണു മികച്ച അഭിഭാഷകനെ ഹാജരാക്കാതിരുന്നത്? ആരാണതിനു പിന്നില്‍ കളിച്ചത്? ബലിദാനികളെ ഒറ്റിക്കൊടുത്തത് ഞാനല്ല, നിങ്ങളുടെ കൂട്ടത്തിലാണെന്നു ബിജെപി അണികള്‍ അറിയണം.
ഒറ്റുകാരന്റെ വിശേഷണം ചേരുന്നതു ബിജെപി നേതൃത്വത്തിനാണ്, എനിക്കല്ല. ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യേണ്ടതു പാര്‍ട്ടി നേതൃത്വത്തെയാണ്, എന്നെയല്ല. വിദ്വേഷത്തിന്റെ ക്യാംപില്‍നിന്നു പുറത്തുവന്നതിന്റെ സന്തോഷത്തിലാണു ഞാന്‍. എന്നെ കോണ്‍ഗ്രസിലേക്കു സ്വീകരിച്ച നേതാക്കള്‍ക്കു നന്ദി. ഇനി കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കും. കോണ്‍ഗ്രസിന്റെ ആശയമെന്നത് ഇന്ത്യയുടെ ആശയമാണ്. ഇന്ത്യയില്‍ ജനിച്ചുവീഴുന്ന എല്ലാ കുട്ടികളുെടയും ഡിഎന്‍എയില്‍ കോണ്‍ഗ്രസിന്റെ ആശയമുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം വിട്ടതിന്റെ ആഹ്ലാദത്തിലാണു ഞാന്‍.
മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കണമെന്ന നിഷ്‌കര്‍ഷതയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് കടന്നുവന്നതെന്ന് കെ.സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും വരുംദിവസങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കാണാമെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്നു സന്ദീപ് വാര്യര്‍. അദ്ദേഹം വെറുപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം വിട്ടു. സ്‌നേഹത്തിന്റെയും ചേര്‍ത്ത് നിര്‍ത്തലിന്റെയും രാഷ്ട്രീയം സ്വീകരിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.
പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയില്‍ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതല്‍ ചൊടിപ്പിച്ചത്. നേരത്തെ ചില പരാതികളുടെ പേരില്‍ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രന്‍ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാന്‍ മുന്‍കയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു.
അതേസമയം, സന്ദീപ് അപ്രസക്തനായ വ്യക്തിയെന്ന് ബിജപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു. പോകുന്നത് അപ്രസക്തമായ പാര്‍ട്ടിയിലേക്കെന്നും അദ്ദേഹം പ്രതികരിച്ചു