- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആജീവനാന്ത വിലക്ക് വരാവുന്ന തീരുമാനമായിട്ടും അന്ന് അര്‍ജുന രണതുംഗ മുത്തയ്യ മുരളീധരന്‍ വേണ്ടി അത് ചെയ്തു; അതാണ് ലീഡര്‍ഷിപ്പ് ക്വാളിറ്റി; ആശ്വസിപ്പിച്ചില്ലെങ്കിലും പ്രകോപിപ്പിക്കാന്‍ നില്‍ക്കരുത്; കെ സുരേന്ദ്രന് പരോക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍
കെ സുരേന്ദ്രന് പരോക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍
പാലക്കാട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ ഒളിയമ്പുമായി സന്ദീപ് വാര്യര്‍. സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് കുറിപ്പിട്ടതിന് പിന്നാലെ, മാധ്യമങ്ങളോട് സംസാപിക്കവേയാണ് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം അര്‍ജുന രണതുംഗയുടെ നേതൃപാടവം ചൂണ്ടിക്കാട്ടി സുരേന്ദ്രനെതിരേ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്.
സംസ്ഥാന അ്രദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രണ്ടുതവണ വിളിച്ചിരുന്നു. പ്രചാരണത്തില്‍ സജീവമാകണമെന്ന് ആവശ്യപ്പെട്ടതിനപ്പുറം പരാതികള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറായില്ല. എന്നെ വല്ലാതെ വേദനിപ്പിച്ച കാര്യമാണത്. ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആരും തയ്യാറായില്ല. വിഷയങ്ങളുണ്ടാകുമ്പോള്‍ അത് പരിഹരിക്കുക എന്നതാണ് നേതൃത്വം ചെയ്യേണ്ടത്.
'ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍ ഓസ്ട്രേലിയയില്‍ ഒരു മാച്ചില്‍ കളിക്കുന്ന സമയത്ത് തുടര്‍ച്ചയായി അദ്ദേഹത്തിനെതിരേ നോബോള്‍ വിളിക്കുന്ന സ്ഥിതിയുണ്ടായി. വര്‍ണവെറിയുടെ ഭാഗമായിരുന്നു അത്. അര്‍ജുന രണതുംഗ എന്ന ക്യാപ്റ്റന്‍ അപ്പോള്‍ കാണിച്ച ഒരു മാതൃകയുണ്ട്. എല്ലാ കളിക്കാരെയും വിളിച്ച് കളിനിര്‍ത്തി പുറത്തേക്ക് പോകുകയാണ് അദ്ദേഹം ചെയ്തത്. സ്വന്തം കരിയര്‍ പോലും അപകടത്തിലായി ആജീവനാന്ത വിലക്ക് പോലും വരാവുന്ന തീരുമാനമായിട്ടും അദ്ദേഹം അത് ചെയ്തു. അതാണ് ലീഡര്‍ഷിപ് ക്വാളിറ്റി. ഈ നേതൃഗുണം ഞാന്‍ ഏറെ ബഹുമാനിക്കുന്ന പലരില്‍ നിന്നും ഉണ്ടായില്ല. സഹപ്രവര്‍ത്തകന്റെ വിഷമഘട്ടത്തില്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ നില്‍ക്കരുത്'.
ബിജെപിയുടെ പ്രധാനപ്പെട്ട ഒരു നേതാവ് വിളിച്ചിരുന്നു. വിവരങ്ങള്‍ അറിയാന്‍ വിളിച്ചതാണെന്ന് പറഞ്ഞു. സന്ദീപിനോട് ചെയ്തത് വലിയ തെറ്റായിപ്പോയെന്ന് പറഞ്ഞു. പ്രശ്നപരിഹാരത്തിനാണോ വിളിച്ചത് അതോ വെറുതെ വിളിച്ചതാണോ എന്ന് ചോദിച്ചു. വെറുതെവിളിച്ചതാണെന്ന് പറഞ്ഞു. എന്നെ ഉപയോഗിച്ച് സുരേന്ദ്രനെ അടിക്കാന്‍ നോക്കണ്ട എന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ ഇതെല്ലാം കാണുന്നുണ്ട്. അവര്‍ പറയുന്ന അഭിപ്രായം കാണാതിരിക്കരുത്. സ്വയം വിമര്‍ശനം നേതൃത്വം നടത്തണം-സന്ദീപ് വാര്യര്‍ പറഞ്ഞു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മര്‍ദ്ദത്തിലാണ്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല. അതവരുടെ ധര്‍മ്മം. നിര്‍വ്വഹിക്കട്ടെ. ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്. സ്‌നേഹിക്കുന്നവരുടെ വികാരങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നുണ്ട്. അവരുടെ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ നമസ്‌കരിക്കുകയാണ്.
പുറത്തു വന്ന വാര്‍ത്തകള്‍ പലതും വാസ്തവ വിരുദ്ധവും അര്‍ദ്ധസത്യങ്ങളുമാണ് . കണ്‍വെന്‍ഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യര്‍ പിണങ്ങിപ്പോയി എന്നാണ് വാര്‍ത്ത. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്‌നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവന്‍ പേര്‍ക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍.
പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാന്‍ സാധിക്കില്ല. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാന്‍ കഴിയില്ല. Sorry to say that.
ഈ അവസരത്തില്‍ ആ കാര്യങ്ങള്‍ മുഴുവന്‍ തുറന്നു പറയാന്‍ ഞാന്‍ തയ്യാറല്ല. പ്രിയ സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍ . കൃഷ്ണകുമാര്‍ ഏട്ടന്‍ ഇന്നലെ ചാനലില്‍ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോര്‍ച്ച കാലം മുതല്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ചതാണെന്ന്. ഏട്ടാ, നമ്മള്‍ ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ഏട്ടന്‍ എപ്പോഴെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ? എന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍, അന്ന് ഞാന്‍ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോള്‍ പ്രകാരം വേദിയില്‍ ഇരിക്കേണ്ട ആള്‍. എന്റെ അമ്മ എന്നത് പോട്ടെ, സംഘപ്രസ്ഥാനങ്ങള്‍ക്ക് കാര്യാലയം നിര്‍മ്മിക്കാന്‍ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയില്‍ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നല്‍കിയ ഒരു അമ്മ , മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല.
ഇന്ന് നിങ്ങളുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ സരിന്‍ എന്റെ വീട്ടില്‍ ഓടി വന്നിരുന്നു. ഞാന്‍ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആര്‍എം ഷഫീര്‍, വിറ്റി ബല്‍റാം, മുകേഷ് എംഎല്‍എ തുടങ്ങി എതിര്‍പക്ഷത്തുള്ളവര്‍ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ ഒരു ഫോണ്‍കോളില്‍ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങള്‍ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്‌നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളിലായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാന്‍ സംസ്ഥാന ഭാരവാഹിയായി ഇരിക്കുന്ന കാലത്തും എന്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതല്‍ സ്‌നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.
സന്ദീപ് വാര്യര്‍ മാറിനില്‍ക്കരുത് എന്ന് നിങ്ങള്‍ പുറത്തേക്ക് പറയുമ്പോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തില്‍ ഒന്ന് സംസാരിക്കാന്‍ ഒരാള്‍ വന്നത് ഇന്ന് രാവിലെയാണ്. വന്ന ആള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനുമുണ്ടായിരുന്നില്ല. എനിക്കും കൂടുതല്‍ ഒന്നും പറയാനില്ല. കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
എന്നാല്‍ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാന്‍ ഞാന്‍ ബഹുമാനിക്കുന്ന മുതിര്‍ന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്‌നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഇത്രമാത്രം പങ്കുവെക്കുന്നത്.