- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുവന്നൂരിന്റെ അലയൊലികൾ കണ്ണൂരിലും; പയ്യന്നൂരിൽ സഹകരണ മേഖലയിൽ സിപിഎം നേതാവിന് എതിരെ ഫണ്ട് തിരിമറി, ബെനാമി വായ്പാ ആരോപണങ്ങൾ; സേവ് സിപിഎം ഫോറം പോസ്റ്റർ പ്രചാരണവുമായി രംഗത്തിറങ്ങി
കണ്ണൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ അലയൊലികൾ കണ്ണൂരിലും.സഹകരണ മേഖലയിൽ സി.പി. എം നേതാവ് വെട്ടിപ്പു നടത്തിയെന്നു ആരോപിച്ചു തെരുവിൽ അണികളുടെ പ്രതിഷേധം. സി.പി. എം ശക്തി കേന്ദ്രമായ പയ്യന്നൂരിലാണ് ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിനു പിന്നാലെ സിപിഎമ്മിൽ വിണ്ടും ഫണ്ട് തിരിമറിയും ആൾമാറാട്ട വായ്പ ആരോപണവും ഉയർന്നത്.
സാമ്പത്തിക ക്രമക്കേടിൽ പങ്കാളികളായ പ്രാദേശിക നേതാക്കളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് ഒരുവിഭാഗം പ്രവർത്തകർ പ്രദേശത്ത് വ്യാപകമായ പോസ്റ്റർ പ്രചരണം നടത്തിയത്. സേവ് സിപിഎം ഫോറമെന്ന പേരിൽ വെള്ളൂർ കോത്തായിമുക്കിലാണ് പോസ്റ്ററുകൾ പതിച്ചത്. വെള്ളൂരിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിൽ നിന്ന് ലോക്കൽ കമ്മിറ്റി അംഗം കൂടിയായ വ്യക്തി 1.75 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് ആരോപണം. തുടർന്ന് ഇയാളെ സ്ഥാപനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നുവെങ്കിലും കുറ്റം തെളിഞ്ഞിട്ടും പാർട്ടി പദവികളിൽനിന്ന് ഇയാളെ നീക്കാതെ നേതൃത്വം സംരക്ഷിക്കുന്നുവെന്നാണ് ആരോപണം.
'പണം അടിച്ചുമാറ്റിയവനാര്, ഏയ് നേതൃത്വമേ നിങ്ങൾ എത്ര തവണയായി ഇദ്ദേഹത്തെ സംരക്ഷിക്കുന്നു. പാർട്ടി നടപടി എടുത്തില്ലെങ്കിൽ സത്യം ജനങ്ങളെ അറിയിക്കും' എന്നാണ് സേവ് സിപിഎം ഫോറത്തിന്റെ പേരിൽ പതിച്ച പോസ്റ്ററുകളിലുള്ളത്. പയ്യന്നൂരിൽ സി.പി. എം ഭരിക്കുന്ന സഹകരണ ബാങ്കിന്റെ ശാഖയിലാണ് ആൾമാറാട്ട വായ്പ നടന്നതായ ആരോപണം പുറത്തുവന്നത്. മുൻ നഗരസഭ കൗൺസിലറുടെ ഭാര്യയുടെ പേരിൽ ബ്രാഞ്ച് സെക്രട്ടറിയും അതേ ബാങ്കിലെ ഉദ്യോഗസ്ഥനുമായ വ്യക്തിയും അരലക്ഷത്തിന്റെ വായ്പയാണ് കൈക്കലാക്കിയത്. ജാമ്യക്കാരായി നൽകിയതും വ്യാജപേരിലാണെന്ന് സഹകരണ വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സഹകരണ ബാങ്കിൽ വായ്പയെടുക്കാൻ എത്തിയയാളാണ് തന്റെ പേരിൽ വ്യാജപേരിൽ ജാമ്യം നിന്ന വിവരം അറിഞ്ഞത്. വ്യാജവായ്പക്കെതിരേ ഇദ്ദേഹം പാർട്ടിക്ക് പരാതി നൽകിയെങ്കിലും പാർട്ടി നേതൃത്വം കുറ്റാരോപിതനെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം. പാർട്ടിക്കുള്ളിൽ ഒരുവിഭാഗം ഇക്കാര്യം ശക്തമായി ഉയർത്തിയതിനെ തുടർന്നാണ് സഥാപനത്തിൽ നിന്നും നടപടി നേരിടേണ്ടി വന്നത്. എന്നാൽ കുറ്റാരോപിതനെ ബന്ധപ്പെട്ട പാർട്ടി കമ്മിറ്റികളിൽ നിന്നും ഒഴിവാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
നേരത്തെ സി.പി. എം ഏരിയാകമ്മിറ്റി ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ടു പയ്യന്നൂരിൽ മുൻ ഏരിയാസെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ ഉന്നയിച്ച സാമ്പത്തികക്രമക്കേടുകൾ ഒരുവിധമാണ് പാർട്ടി നേതൃത്വം പറഞ്ഞൊതുക്കിയത്. ഈ സംഭവത്തിൽ പയ്യന്നൂർ മണ്ഡലം എംഎൽഎ ടി. ഐ മധുസൂദനെതിരെ പാർട്ടി അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. കുന്നരുവിലെ രക്തസാക്ഷി ധനരാജ് കുടുംബസഹായ ഫണ്ടുമായി ബന്ധപ്പെട്ടു അതീവഗുരുതരമായ ആരോപണമാണ് എംഎൽഎയ്ക്കും പാർട്ടി ഏരിയാകമ്മിറ്റിയിലെ ചില നേതാക്കൾക്കുമെതിരെ ഉയർന്നത്.
ഇതിനിടെ പയ്യന്നൂരിൽ മറ്റൊരു ഡി.വൈ. എഫ്. ഐ നേതാവ് കുടുംബശ്രീകൾക്ക് നൽകുന്ന പത്തുലക്ഷം രൂപ അനധികൃതമായി വായ്പയെടുത്തതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. മുറ്റത്തെ മുല്ല പദ്ധതിപ്രകാരം ബിനാമിയെ കൊണ്ടു വായ്പയെടുപ്പിച്ചു ഇയാൾ തുക കൈക്കലാക്കിയെന്നാണ് ആരോപണം. ഒരു പ്രമുഖ നേതാവിന്റെ വിശ്വസ്തനായ ഡി.വൈ. എഫ്. ഐ നേതാവിനെയും പാർട്ടി നേതൃത്വം സംരക്ഷിക്കുകയാണെന്ന ആരോപണവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. തിരിമറി നടത്തിയ പണം തിരിച്ചടപ്പിക്കാതെ ജാഗ്രത കുറവെന്ന പേരിൽ പാർട്ടി നേതൃത്വം വെള്ളപൂശുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നാണ് ഒരുവിഭാഗം അണികൾ പറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്