- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിൽ നിന്ന് ഒരംഗത്തെ അടർത്തിയെടുത്ത് ഭരണം പിടിച്ചു; കൂറുമാറ്റത്തിന് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യ ആക്കിയതോടെ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തുല്യകക്ഷി നിലയിൽ ഭാഗ്യം തുണച്ചത് കോൺഗ്രസിന്; കോന്നി ബ്ലോക്ക് പഞ്ചായത്തിൽ എംവി അമ്പിളി വീണ്ടും പ്രസിഡന്റ്
കോന്നി: ഇത് അമ്പിളിയുടെ മധുര പ്രതികാരം. ഒപ്പം ഭാഗ്യത്തിന്റെ പിന്തുണയും. കൂറുമാറ്റി കൊണ്ടു വന്നയാളെ കൊണ്ട് ഭരണം പിടിച്ച സിപിഎമ്മിന് തിരിച്ചടി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം കോൺഗ്രസ് തിരികെ പിടിച്ചപ്പോൾ സിപിഎം പരീക്ഷണം പാളി.
13 അംഗ കോന്നി ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിന് ഏഴും എൽ.ഡി.എഫിന് ആറും സീറ്റുകൾ വീതമാണുണ്ടായിരുന്നത്. ആദ്യം പ്രസിഡന്റായത് കോൺഗ്രസിലെ തണ്ണിത്തോട് ഡിവിഷനിൽ നിന്നുള്ള എം.വി അമ്പിളി. യുഡിഎഫിലെ കോൺഗ്രസ് അംഗമായിരുന്ന ഇളകൊള്ളൂർ ഡിവിഷൻ പ്രതിനിധി ജിജി സജിയെ ചാക്കിട്ടു പിടിച്ച് മറുകണ്ടം ചാടിച്ച് എൽഡിഎഫ് അവിശ്വാസം കൊണ്ടു വന്നു. ജിജിയുടെ പിന്തുണയോടെ അമ്പിളി പുറത്ത്. കൂറുമാറിയെത്തിയ ജിജിയെ പ്രസിഡന്റാക്കി എൽഡിഎഫ് ഭരണം പിടിച്ചു. പ്രസിഡന്റ് കസേരയിൽ വെറും ഏഴു മാസം മാത്രമാണ് അമ്പിളിക്ക് ഇരിക്കാനായത്. പിന്നാലെ കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ജിജി സജിയെ അയോഗ്യയാക്കി. ഇതോടെ പ്രസിഡന്റ് സ്ഥാനവും പോയി. കക്ഷി നില തുല്യമായി.
യുഡിഎഫ് സ്ഥാനാർത്ഥിയായി എം വിഅമ്പിളിയുടെ പേര് വകയാർ ഡിവിഷൻ അംഗം ദേവകുമാർ നിർദ്ദേശിച്ചു. മൈലപ്ര ഡിവിഷൻ അംഗം എൽസി ഈശോ പിന്താങ്ങി. എൽഡിഎഫ് സ്ഥാനാർത്ഥി തുളസീ മണിയമ്മയുടെ പേര് വർഗീസ് ബേബി നിർദ്ദേശിച്ചു. നീതു ചാർളി പിന്താങ്ങി. ഇരുവർക്കും തുല്യ വോട്ടു വന്നതോടെ വരണാധികാരി നറുക്കെടുപ്പിലേക്ക് നീങ്ങി. ഭാഗ്യം തുണച്ചത് അമ്പിളിയെ.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശത്തെ തുടർന്ന് വ്യാഴം രാവിലെ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്. കോന്നി ഡി.എഫ്.ഓ ആയുഷ് കുമാർ കോറിയായിരുന്നു വരണാധികാരി. അയോഗ്യയായ ജിജി സജിയുടെ ഇളകൊള്ളൂർ ഡിവിഷനിൽ അഞ്ച് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കും. ഇരു മുന്നണികൾക്കും ഭരണം നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പ്.
കുതിരക്കച്ചവടത്തിലൂടെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം അട്ടിമറിച്ച ഇടതുപക്ഷ മുന്നണിക്കേറ്റ തിരിച്ചടിയാണ് കോൺഗ്രസിലെ എം വി അമ്പിളി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ഉണ്ടായതെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഭൂരിപക്ഷമുണ്ടായിരുന്ന യുഡിഎഫിലെ ഒരംഗത്തെ അധാർമ്മീകമായ മാർഗത്തിലൂടെ എൽ.ഡി.എഫിൽ എത്തിച്ച് ഭരണം നേടിയ സിപിഎമ്മിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അയോഗ്യതാ വിധിയിലൂടെ മുഖം നഷ്ടപ്പെട്ടു. യു.ഡി.എഫ് അംഗം വീണ്ടും പ്രസിഡന്റായതോടു കൂടി അവരുടെ മുഖം കൂടുതൽ വികൃതമായെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.
ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, എസ്.വി പ്രസന്നകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ആർ. ദേവകുമാർ, ദീനാമ്മ റോയി, മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രവീൺ പ്ലാവിളയിൽ, എൽസി ഈശോ, കെ.ആർ പ്രമോദ്, ശ്രീകല എസ്. നായർ, സേവാദൾ ജില്ലാ ചെയർമാൻ ശ്യാം എസ്. കോന്നി, രാജീവ് മള്ളൂർ, സുലേഖ. വി. നായർ, ജോയൽ മുക്കരണത്ത്, പഞ്ചായത്ത് പ്രസിഡന്റ് അനി സാബു, എം.കെ മനോജ്, ആനന്ദവല്ലിയമ്മ, ബിജു വട്ടക്കുളഞ്ഞി എന്നിവർ പ്രസംഗിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്