തിരുവനന്തപുരം: എസ്എഫ്‌ഐയ്ക്ക് സ്വയം നിയന്ത്രണം ആവശ്യമാണെന്ന് സിപിഎം നേതാവ് കെ. സുരേഷ് കുറുപ്പ്. ക്യാമ്പസുകളില്‍ ആരാലും ചോദ്യം ചെയ്യപ്പെടാന്‍ ഇല്ലാത്തതും, ലഹരിയുടെ ഉപയോഗവുമെല്ലാം എസ്എഫ്‌ഐയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമാണെന്ന് സുരേഷ് കുറുപ്പ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

സുരേഷ് കുറുപ്പിന്റെ വാക്കുകള്‍-'പണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും അതിന്റെ ഭാരവാഹികള്‍ക്കുമെല്ലാം വലിയ പ്രാധാന്യമുണ്ടായിരുന്നു. പ്രത്യേകിച്ച് കേരളത്തിലെ പത്രങ്ങള്‍ കെഎസ്യുവിന്റെ നേതൃനിരയ്ക്ക് വലിയ പ്രാധാന്യം കൊടുത്തു. എസ്എഫ്‌ഐയുടെ ഇപ്പോഴുള്ള പ്രശ്‌നം ഞാന്‍ മനസിലാക്കിയിടത്തോളം, ക്യാമ്പസുകളിലെ അവരുടെ അപ്രമാദിത്തമാണ്. അവര്‍ക്ക് എതിരാളികളില്ലാതായി.

പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പോലെയാണ് കെഎസ്യുവിന്റെ പ്രവര്‍ത്തനം. മുമ്പൊക്കെ നമ്മുടെ പ്രവര്‍ത്തനത്തെ നിരന്തരം അളക്കുന്ന കണ്ണുകള്‍ ഉണ്ടായിരുന്നു. അതാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. പൊതുവായ ഒരു ഗൈഡ് ലൈന്‍ കൊടുക്കാം എന്നല്ലാതെ എസ്എഫ്‌ഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സിപിഎമ്മിന് കഴിയില്ല. അങ്ങനെ ഇടപെടരുത് എന്ന് തന്നെയാണ് പാര്‍ട്ടിയുടെ നയം.

എന്നാല്‍ എസ്എഫ്ഐ മോശമായി എന്ന അഭിപ്രായം എനിക്കില്ല. അനുനിമിഷം നടക്കുന്ന കാര്യങ്ങള്‍ പുറംലോകം അറിയാന്‍ സംവിധാനങ്ങളുണ്ട്. അതുകൊണ്ടുതന്നെ സ്വയം നിയന്ത്രണം എസ്എഫ്‌ഐ പാലിക്കേണ്ടത് പ്രധാനമാണ്. ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതും മറ്റൊരു കാരണമാണ്. പക്ഷേ, അന്നത്തെ എസ്എഫ്‌ഐ എല്ലാം നല്ലത്, ഇന്നത്തെ എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം മോശം എന്ന് പറയുന്നതില്‍ കാര്യമില്ല. അന്നും പല ക്യാമ്പസുകളില്‍ പലതും നടന്നിട്ടുണ്ടാകാം. അതൊന്നും അന്ന് പുറംലോകം അറിയണമെന്നില്ലല്ലോ? ''