- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രിയുടെ പാലക്കാട്ടെ പരിപാടിയും ഇരുമ്പുമറയിൽ; യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിണറായിയെ കരിങ്കൊടി കാണിച്ചു; പ്രതിഷേധം മുന്നിൽ കണ്ടത് നേതാക്കളെ കരുതൽ തടങ്കലിലാക്കി പൊലീസും; 'രാജാവിന് കരിങ്കൊടി പേടിയെങ്കിൽ ക്ലിഫ് ഹൗസിലിരിക്കാം, അല്ലെങ്കിൽ നികുതി കുറക്കാ'മെന്ന് ഷാഫി പറമ്പിലിന്റെ പരിഹാസം
തിരുവനന്തപുരം: ഇന്ധന സെസ് ഏർപ്പെടുത്തിയ തീരുമാനത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഇന്നലെ കോട്ടയതത് അടക്കം മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം അടക്കം ഉണ്ടായതോടെ സുരക്ഷ കൂട്ടി വേഗത്തിൽ ചീറിപ്പായുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇന്ന് പാലക്കാട്ടും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. പ്രതിഷേധം ഭയന്ന് വൻ സുരക്ഷയിലാണ് മുഖ്യമന്ത്രിയുടെ പാലക്കാട്ടെ പരിപാടികളും നടന്നത്.
പാലക്കാട് നഗരത്തിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സുൽത്താൻപേട്ട ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോയായിരുന്നു കരിങ്കൊടി കാണിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരുന്നു. ജില്ലയിലെ ഇന്നത്തെ മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി. പാലക്കാട് സൗത്ത് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ്പ്രതിഷേധ സാധ്യത കണക്കിലെടുത്തായിരുന്നു തീരുമാനം. ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരുതൽ തടങ്കലിലാക്കിയത്.
അതിനിടെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുന്നതിനെതിരെ ഷാഫി പറമ്പിൽ എംഎൽഎ. 'രാജാവിന്' കരിങ്കൊടി പേടിയാണെങ്കിൽ രണ്ട് വഴിയേ ഉള്ളൂ, ഒന്നുകിൽ ക്ലിഫ് ഹൗസിലിരിക്കാം അല്ലെങ്കിൽ അമിത നികുതി കുറക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പെൺകുട്ടികളെ വരെ കഴുത്തിൽ പിടിച്ച് വലിക്കുന്ന പൊലീസ് രാജ് കൊണ്ട് ഞങ്ങളെ നിശബ്ദരാക്കാം എന്ന് കരുതേണ്ടെന്നും പ്രതിഷേധങ്ങൾ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'രാജാവ്' സഞ്ചരിക്കുന്ന വഴിയിലുടനീളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടങ്കലിലാക്കുകയാണ്. ഇന്നലെ പെരുമ്പാവൂരിൽ യൂത്ത് കോൺഗ്രസ് രക്തസാക്ഷി അനുസ്മരണവും മണ്ഡലം സമ്മേളനവും തടഞ്ഞ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് പാലക്കാടും ആലത്തൂരിലും വീട് വളഞ്ഞ് വീട്ടുകാരെ പരിഭ്രാന്തരാക്കി കരുതൽ തടങ്കലെന്ന ഓമനപ്പേരിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
'രാജാവിന്' കരിങ്കൊടി പേടിയാണെങ്കിൽ രണ്ട് വഴിയേ ഉള്ളൂ. ഒന്നുകിൽ ക്ലിഫ് ഹൗസിലിരിക്കാം അല്ലെങ്കിൽ അമിത നികുതി കുറക്കാം. പെൺകുട്ടികളെ വരെ കഴുത്തിൽ പിടിച്ച് വലിക്കുന്ന പൊലീസ് രാജ് കൊണ്ട് ഞങ്ങളെ നിശ്ശബ്ദരാക്കാം എന്ന് കരുതണ്ട. പ്രതിഷേധങ്ങൾ തുടരും.
കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലെ പെരുമ്പാവൂരിലും അങ്കമാലിയിലും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു. പെരുമ്പാവൂരിൽ മുഖ്യമന്ത്രിയുടെ യാത്രയെ തുടർന്ന് യൂത്ത് കോൺഗ്രസ് സമ്മേളനം തടസപ്പെടുത്തിയതിനാലായിരുന്നു പ്രതിഷേധം. പെരുമ്പാവൂർ മലമുറിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനം പൊലീസ് തടഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
നടപടിയെ തുടർന്ന് സ്ഥലത്ത് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് എൽദോസ് കുന്നപ്പിള്ളി അടക്കമുള്ളവർ രംഗത്തുവന്നു. അങ്കമാലിയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. നികുതി വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചാടി വീണ പ്രവർത്തകർ കരിങ്കൊടികൾ വാഹനത്തിന് നേരെ വലിച്ചെറിയുകയായിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ