- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിയമപരമായ കാര്യങ്ങൾ നടക്കട്ടെ, നടപടിക്രമങ്ങൾക്ക് തടസം നിൽക്കില്ല'; കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയുമായി കൂടിയാലോചിച്ച ശേഷം; രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഗുരുതരമായ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്തെത്തിയതിന് പിന്നാലെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. നിയമപരമായ കാര്യങ്ങൾ അതിൻ്റെ വഴിക്ക് നടക്കട്ടെയെന്നും, യാതൊരു നടപടിക്രമങ്ങൾക്കും തടസ്സം നിൽക്കില്ലെന്നും എംപി ഷാഫി പറമ്പിൽ പ്രതികരിച്ചു. പാർട്ടിയുമായി വിശദമായ കൂടിയാലോചനകൾക്ക് ശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്നും ഷാഫി വ്യക്തമാക്കി. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന്, വിഷയത്തിൽ നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ലൈംഗിക പീഡന ആരോപണത്തിൽ രാഹുലിനെതിരെ യുവതി മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടെത്തി പരാതി നൽകിയത്. ഡിജിറ്റൽ തെളിവുകളടക്കം സമർപ്പിച്ച് യുവതി നേരിട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതി ലഭിച്ചയുടൻ, മുഖ്യമന്ത്രി തുടർനടപടികൾക്കായി സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതടക്കമുള്ള നിർണായക ശബ്ദ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളാണ് യുവതി പരാതിക്കൊപ്പം ഹാജരാക്കിയത്.
രാഹുലും പരാതിക്കാരിയും തമ്മിൽ സംസാരിക്കുന്നതിൻ്റെ ഓഡിയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് യുവതിയുടെ പരാതിയെത്തിയത്. ലൈംഗികാക്രമണത്തിന് ഇരയായ യുവതിക്ക് നേരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിലുള്ള അധിക്ഷേപങ്ങളും ഭീഷണികളും ഉയർന്നിരുന്നു. രാഹുലിനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ നിർണായക തെളിവുകൾ യുവതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ രാഹുലിൻ്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നും, യുവതിയുടെ മൊഴി നേരിട്ട് രേഖപ്പെടുത്താൻ പോലീസ് ഒരുങ്ങുന്നതായും വിവരങ്ങളുണ്ട്.




