- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.പി ദിവ്യയോടൊപ്പം കോടതിയിലും പൊലിസ് സ്റ്റേഷനിലും കൊലക്കേസ് പ്രതിയായ എസ്.എഫ്.ഐ നേതാവിന്റെ സാന്നിദ്ധ്യം; പി പി ദിവ്യ നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും; ആരോപണവുമായി കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ്
പി.പി ദിവ്യയോടൊപ്പം കോടതിയിലും പൊലിസ് സ്റ്റേഷനിലും കൊലക്കേസ് പ്രതിയായ എസ്.എഫ്.ഐ നേതാവിന്റെ സാന്നിദ്ധ്യം
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ അറസ്റ്റിലായ പി.പി ദിവ്യയെ രക്ഷിക്കാന്‍ സി.പി.എം നേതൃത്വം ശ്രമം നടത്തുന്നതായി ആരോപണം ശക്തമാകുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലിസില്‍ കീഴടങ്ങിയ ദിവ്യയെ തളിപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൊലക്കേസ് പ്രതിയായ എസ്.എഫ്.ഐ നേതാവും സി.പി.എം പ്രവര്‍ത്തകരും അഭിഭാഷകരെന്ന വ്യാജേന മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിയിരുവെന്ന് കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷന്‍ പി. മുഹമ്മദ് ഷമ്മാസ് കണ്ണൂര്‍ ഡി.സി.സി ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ദിവ്യ യ്ക്ക് എല്ലാ സഹായവും സി.പി.എം ചെയ്തു കൊടുക്കുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. 2016 ല്‍ പാപ്പിനിശേരി അരോളി യില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിലെ എട്ടാം പ്രതി വിഷ്ണു ദേവാണ് ദിവ്യയോടൊപ്പമുണ്ടായിരുന്നത്. ബി.ജെ പിക്ക് ഇതില്‍ പ്രശ്‌നമുണ്ടാവില്ല. കൊടകര കുഴല്‍പണ കേസ് സി.പി.എമ്മുമായി ഒത്തുതീര്‍ക്കുന്ന തിരക്കിലാണ് അവര്‍.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ സന്തത സഹചാരിയാണ് വിഷ്ണു ദേവ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് എം.വി ജയരാജന്റെ കൂടെ പ്രചരണത്തിനായി നിഴന്‍ പോലെ ഉണ്ടായതാണ് വിഷ്ണുദേവ്. ഇയാള്‍ക്കെതിരെയുള്ള കൊലക്കേസിന്റെ വിചാരണ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സി.പി.എമ്മിലെ പല നേതാക്കള്‍ക്കും വിഷ്ണു ദേവുമായി ബന്ധമുണ്ടെന്ന് ഷമ്മാസ് ആരോപിച്ചു. ദിവ്യയെ ജയിലില്‍ സന്ദര്‍ശിച്ചവരില്‍ സി.പി.എം നേതാക്കളും ജനപ്രതിനിധികളുമുണ്ട്. ക്രൈംബ്രാഞ്ച് ഓഫിസില്‍ കഴിഞ്ഞ ദിവസം ദിവ്യയെ ചോദ്യം ചെയ്യുമ്പോള്‍ ഉച്ചഭക്ഷണം എത്തിച്ചു കൊടുത്തത് ബ്‌ളോക്ക് പ്രസിഡന്റ് ഷാജര്‍ ഔദ്യോഗിക വാഹനത്തിലെത്തിയാണ്.
വരും ദിവസങ്ങളില്‍ പി.പി ദിവ്യ നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഷമ്മാസ് പറഞ്ഞു. ദിവ്യയെ കേസില്‍ നിന്നും രക്ഷിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അഭിഭാഷകരെന്ന വ്യാജേനെയാണ് കോടതി വളപ്പിലും മജിസ്‌ട്രേറ്റ് വസതിയിലും ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെത്തുന്നതെന്ന് ഷമ്മാസ് ആരോപിച്ചു.
വിഷ്ണു ദേവ്, പി പി ദിവ്യ, ഷമ്മാസ്, ആരോപണം
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്