കണ്ണൂർ :കെപിസിസി അധ്യക്ഷനായ കെ.സുധാകരന്റെ തട്ടകത്തിൽ ശശിതരൂരിനെ അനുകൂലിച്ചു യൂത്ത് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം മുതിർന്ന നേതാക്കൾ ശശി തരൂരിനെ പ്രത്യക്ഷമായും പരോക്ഷമായും എതിർക്കുമ്പോഴാണ് കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ ശശി തരൂരിനെ പിൻതുണച്ചു കൊണ്ടു രംഗത്തു വന്നത്.

മാടായിയിൽ നടന്ന യൂത്ത് കോൺഗ്രസ് പഠന ക്യാംപിലാണ് ശശി തരൂരിനെ പിൻതുണച്ചു കൊണ്ടു യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അർഹിക്കുന്നു.

സംസ്ഥാനത്തെ ചില നേതാക്കളുടെ 'അമ്മാവൻ സിൻഡ്രോം' മാറണമെന്നും പ്രമേയത്തിലുണ്ട്. മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് തരൂരിന് പിന്തുണ നൽകിയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്. ശശിതരൂർ കഴിഞ്ഞ മാസം കണ്ണൂർ ജില്ലയിൽ വിവിധപരിപാടികളിൽ പങ്കെടുക്കാനെത്തിയപ്പോൾ ഡി.സി.സി ഓഫീസി ജില്ലാകോൺഗ്രസ് നേതൃത്വം സ്വീകരണം നൽകിയിരുന്നു.

ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജുൾപ്പെടെ സ്വീകരണപരിപാടിയിൽ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് കണ്ണൂരിലെത്തിയ ശശിതരൂരിന് ലഭിച്ചത്. സംസ്ഥാന ഉപാധ്യക്ഷൻ റിജിൽമാക്കുറ്റിയുൾപ്പെടെ ശശി തരൂരിനെ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ്റത്. ഈ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ തട്ടകമായ കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരുടെയും സാധാരണ കോൺഗ്രസ് പ്രവർത്തകരുടെയും മനസിൽ ശശി തരൂർ ഏറെ സ്വീകാര്യത നേടുന്നത്.