- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ചിലരത് മറന്നു', മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താൻ; സതീശനെ കുത്തി യൂത്ത് കോൺഗ്രസ് സമരവേദിയിൽ തരൂർ; ജോലി പാർട്ടിക്കാർക്ക് മാത്രം നൽകാൻ ആർക്കും അവകാശമില്ല; മുഖ്യമന്ത്രി തെറ്റു ചെയ്താൽ അദ്ദേഹത്തെ വിമർശിക്കാനും തനിക്കു യാതൊരു മടിയുമില്ലെന്നും നിലപാട് അറിയിച്ച് തിരുവനന്തപുരം എംപി
തിരുവനന്തപുരം: മലബാർ പര്യടനവുമായി കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച ശശി തരൂർ തലസ്ഥാനത്തും താരമായി. തിരുവനന്തപുരം കോർപറേഷനു മുന്നിലെ യുഡിഎഫ് സമരവേദിയിലെത്തിയാണ് തരൂർ ജനകീയ വിഷങ്ങളിൽ കൂടുതൽ ഇടപെട്ടു തുടങ്ങിയത്. കോർപറേഷനിലെ കത്തു വിവാദവുമായി ബന്ധപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് സമരത്തിലാണ് തരൂർ എത്തിയത്. മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് സമരവേദിയിൽവച്ച് തരൂർ ചൂണ്ടിക്കാട്ടി. ചിലർ അക്കാര്യം മറന്നുവെന്നും തരൂർ കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരിനും സിപിഎമ്മിനും എതിരായി ശശി തരൂർ നിലപാടെടുക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടെയാണ്, കോർപറേഷൻ ഓഫിസിനു മുന്നിലെ യുഡിഎഫ് സമരവേദിയിലേക്ക് ശശി തരൂർ എത്തിയത്. തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന സൂചനകൾക്കിടെ, കോൺഗ്രസിനുള്ളിൽ അദ്ദേഹത്തിനെതിരായ പടയൊരുക്കം ശക്തമാണ്. ഇതിന്റെ ഭാഗമായി, തരൂർ മുൻപ് മുഖ്യമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രകീർത്തിച്ചതും അദാനിയോടുള്ള സമീപനവുമൊക്കെ പാർട്ടിയിലെ എതിർപക്ഷം ചർച്ചയാക്കുന്നുണ്ട്.
ഇത്തരം വിമർശനങ്ങൾക്കു മറുപടി നൽകുക കൂടി ലക്ഷ്യമിട്ടാണ് കോർപറേഷന് മുൻപിൽ ഡിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചികാല സത്യാഗ്രഹ സമരത്തിൽ തരൂർ പങ്കെടുത്തത്. തിരുവനന്തപുരത്ത് ഇല്ലാത്തതിനാലാണ് ഇതുവരെ ഈ സമരത്തിന്റെ ഭാഗമാകാൻ സാധിക്കാതെ പോയതെന്ന് ശശി തരൂർ സമരവേദിയിൽ വ്യക്തമാക്കി. ഈ സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
'നവംബർ ഏഴിന് മേയറിന്റെ രാജി ആവശ്യപ്പെട്ട ആദ്യത്തെ എംപിയും ആദ്യത്തെ നേതാവും ഞാനാണ്. ഇത് അന്നത്തെ പത്രങ്ങളിലെല്ലാം വന്നതുമാണ്. അക്കാര്യം ചിലരെങ്കിലും മറന്നുപോയി. വ്യക്തമായ ആലോചനകളുടെ അടിസ്ഥാനത്തിലാണ് അന്ന് ഞാൻ ആ നിലപാട് സ്വീകരിച്ചത്. ഇന്ന് 24ാം തീയതിയായി. ആ നിലപാടിൽ എനിക്ക് യാതൊരു ഖേദവുമില്ല' തരൂർ പറഞ്ഞു. മുഖ്യമന്ത്രി തെറ്റു ചെയ്താൽ അദ്ദേഹത്തെ വിമർശിക്കാനും തനിക്കു യാതൊരു മടിയുമില്ലെന്ന് തരൂർ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.
മേയറുടെ രാജി ആവശ്യപ്പെട്ടത് മൂന്നു കാരണങ്ങൾ കൊണ്ടാണെന്നും തരൂർ വ്യക്തമാക്കി. സംസ്ഥാനത്ത് തൊഴിലില്ലായ്മ അതി രൂക്ഷമാണ്. സർക്കാർ ജോലിയാകട്ടെ, കോർപ്പറേഷൻ താൽക്കാലിക ജോലിയാകട്ടെ നാട്ടിലെ എല്ലാ പൗരന്മാരെയും പരിഗണിക്കേണ്ടതുണ്ട്. ഈ ജോലിക്ക് ശമ്പളം നൽകുന്നത് നാട്ടിലെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്. ഈ ജോലി പാർട്ടിക്കാർക്ക് മാത്രം നൽകാൻ ആർക്കും അവകാശമില്ലെന്ന് തരൂർ പറഞ്ഞു. വേറെ ചടങ്ങുകളുണ്ടായിരുന്നതിനാലാണ് തിരുവനന്തപുരത്തെ സമരപ്പന്തലിൽ എത്താൻ വൈകിയത്.
സമരത്തിന്റെ നേതൃത്വം എംപി എന്ന നിലയിൽ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന്, പാർലമെന്ററി പാർട്ടി നേതാവും കൗൺസിലർമാരും സമരത്തിന് ഇരിക്കുമ്പോൾ അവർക്ക് പിന്തുണ കൊടുക്കുകയാണ് തന്റെ കർത്തവ്യം. സമരത്തിന് നേതൃത്വം അവരുടെ തന്നെയാണ്. മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കാൻ പിശുക്കു കാണിക്കുന്നു എന്ന വിമർശനം ഉണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തരൂരിന്റെ മറുപടി ഇപ്രകാരമായിരുന്നു.
മുഖ്യമന്ത്രി തെറ്റു ചെയ്താൽ, ഒരു സംശയവും വേണ്ട പറയാനുള്ളതെല്ലാം പറയും. ഇത് കോർപ്പറേഷനിലെ വിഷയമാണ്. അതുകൊണ്ടാണ് മേയർക്കെതിരെ പ്രസ്താവന നടത്തിയത്. എഴുത്ത് ഒപ്പിട്ടവർക്കല്ലേ ഉത്തരവാദിത്തമെന്നും തരൂർ ചോദിച്ചു. തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ ഡിസിസി പ്രസിഡന്റ് പാലോട് രവി, കെ എസ് ശബരീനാഥൻ, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് തുടങ്ങിയ നേതാക്കൾ സമരത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ