പത്തനംതിട്ട: മലബാറിലും പെരുന്നയിലും ജനമനസുകൾ കീഴടക്കി മുന്നേറിയ ശശി തരൂർ എംപി ഇനി എത്തുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക സംഗമങ്ങളിൽ ഒന്നായ മാരാമൺ കൺവൻഷനിൽ പ്രസംഗിക്കാൻ. കോൺഗ്രസിന് യുവത്വം നൽകി പ്രസരിപ്പ് വീണ്ടെടുക്കാൻ ശ്രമിക്കുന്ന തിരുവനന്തപുരം എംപി കൺവൻഷനിൽ യുവജന സമ്മേളനത്തിലാണ് പ്രസംഗിക്കാൻ പോകുന്നത്. ഫെബ്രുവരി 12 മുതൽ 19 വരെയാണ് മാരാമൺ കൺവൻഷൻ നടക്കുന്നത്.

18 നാണ് തരൂരിന്റെ പ്രസംഗം. മാർത്തോമ്മാ സഭയെ ആഗോളതലത്തിൽ മുന്നിലെത്തിച്ച മാരാമൺ കൺവൻഷൻ പന്തലിൽ തരൂരിന് കിട്ടിയ ക്ഷണം ചെറുതായി കാണേണ്ടതില്ല. ഒരു പാട് മാനങ്ങളുണ്ടാകും തരൂരിന്റെ വരവിന്. യുവാക്കളും കുടിയേറ്റവും എന്ന വിഷയത്തിലാണ് അദ്ദേഹം പ്രസംഗിക്കുന്നത്. മാരാമൺ കൺവൻഷനിൽ ഏറ്റവും അധികം വിശ്വാസികൾ പങ്കെടുക്കുന്ന ദിവസങ്ങളിൽ ഒന്നായ ശനിയാഴ്ച ആണ് തരൂർ പമ്പാ നദീ തടത്തിലെ വിശാലമായപന്തലിൽ എത്തുക. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘമാണ് ഒരാഴ്ചക്കാലം മാരാമൺ മണൽപ്പുറത്ത് സുവിശേഷ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

മാർത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തക്കും എപ്പിസ്‌ക്കോപ്പാമാർക്കും പുറമേ വിദേശ പ്രാസംഗികർ അടക്കമുള്ളവർ ഓരോ വർഷത്തെയും യോഗങ്ങളിൽ പ്രസംഗിക്കും. സറ്റാൻലി ജോൺസ് അടക്കമുള്ള ലോക പ്രശസ്തരായ പ്രാസംഗികർ മാരാമണിൽ വിശ്വാസികളോട് സുവിശേഷത്തിന്റെ പൊരുൾ പങ്കു വച്ചിട്ടുണ്ട്. എക്യുമിനിക്കൽ യോഗത്തിലും സാമൂഹിക തിന്മകൾക്കെതിരെയുള്ള സമ്മേളനങ്ങളിലും ഇതര സഭകളിൽ നിന്നുള്ള ബിഷപ്പുമാരും പ്രസംഗിക്കാറുണ്ട്.

ഇതിന് പുറമേയാണ് യുവവേദി മാരാമൺ പന്തലിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ സായാഹ്നത്തിൽ നടത്തുന്നത്. ഈ സമ്മേളനത്തിന് മുഖ്യ സ്റ്റേജ് ഉപയോഗിക്കാറില്ല. ഇതിനു സമീപം പന്തലിന് ഉള്ളിലാണ് യുവജന കൂട്ടായ്മയുടെ വേദി. പ്രശസ്തരായ ക്രിസ്തീയ എഴുത്തുകാർ, ജഡ്ജിമാർ, വെസ് ചാൻസലർമാർ, സിവിൽ സർവീസ് പ്രമുഖർ, സാമൂഹിക പ്രവർത്തകർ, മന്ത്രിമാർ എന്നിവരൊക്കെയാണ് ഈ യോഗങ്ങളിൽ പങ്കെടുക്കുക.

അപൂർവമായാണ് മറ്റ് സമുദായങ്ങളിൽ നിന്നുള്ളവർ എത്തുന്നത്. ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യരും സുനിൽ പി. ഇളയിടവുമാണ് അടുത്ത കാലത്ത് ഇത്തരത്തിൽ പങ്കെടുത്തത്. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന യുവവേദിയിലേക്കാണ് ശശി തരൂരിന് ക്ഷണം ലഭിച്ചിട്ടുള്ളത്. ചരൽകുന്നിൽ നടന്ന മാർത്തോമ്മാ യുവജന സഖ്യം ക്യാമ്പിൽ വർഷങ്ങൾക്ക് മുൻപ് അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാരാമൺ കൺവൻ ഷനിലേക്ക് കേന്ദ്ര സംസ്ഥാന മന്ത്രിമാർ അടക്കമുള്ള പ്രമുഖ നേതാക്കൾക്ക് എല്ലാം ക്ഷണം ഉണ്ടെങ്കിലും ഇവർക്കെല്ലാം ഇരിപ്പടം വേദിക്ക് പിന്നിലാണ്.എന്നാൽ ഇപ്പോൾ വേദിക്കും മുന്നിലാണ് തരൂർ പ്രസംഗിക്കുക എന്ന പ്രത്യേകതയുമുണ്ട്.