- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ പരാതി നൽകിയ കമ്പനി വീണ വിജയന്റേത് തന്നെയെന്ന് ഷോൺ ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ദുബായിലും അക്കൗണ്ടെന്ന തരത്തിൽ ബിജെപി നേതാവ് ഷോൺ ജോർജ് ഉന്നയിച്ച ആരോപണത്തിനു സിപിഎം നേതാവ് ടിഎം തോമസ് ഐസക്ക് മറുപടി പറഞ്ഞിരുന്നു. ഷോൺ ആരോപണം ഉന്നയിച്ച കമ്പനിയല്ല വീണയുടേത് എന്ന വാദമാണ് ഐസക്ക് ഉയർത്തുന്നത്. എന്നാൽ, വിദേശ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നുവെന്ന് താൻ പരാതി നൽകിയ കമ്പനി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റേത് തന്നെയാണെന്ന് ഷോൺ ജോർജ് പ്രതികരിച്ചു.
താൻ പരാതിപ്പെട്ട എക്‌സാലോജിക് വേറെ കമ്പനിയാണെന്ന തോമസ് ഐസകിന്റെ പരാമർശം വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്, അബൂദബി കൊമേഴ്‌സ്യൽ ബാങ്കിൽ വീണ ടി, സുനീഷ് എം എന്നിവർ ചേർന്നുള്ള അക്കൗണ്ട് എക്‌സാലോജിക് കമ്പനിക്ക് ഇല്ലെന്ന് പറയാൻ ഐസകിന് തന്റേടമുണ്ടോ എന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ ഷോൺ ചോദിച്ചു. അല്ലെങ്കിൽ കേസ് കൊടുക്കണമന്നും ഷോൺ ആവശ്യപ്പെട്ടു.
ഷോൺ ജോർജിന്റെ മറുപടി കുറിപ്പ്:
ബഹു കിഫ്ബി മസാല ബോണ്ട് സഖാവേ,
വീണയുടെ കമ്പനിയുടെ പേരിലെ കുത്തും കോമയും നോക്കി വിഷയം വഴി തിരിച്ചു വിടാനുള്ള നിങ്ങളുടെ കുരുട്ടു ബുദ്ധി കൊള്ളാം .
പ വേറെ പാപ്പച്ചൻ വേറെ സഖാവേ
അബുദാബി കൊമേർഷ്യൽ ബാങ്കിൽ വീണ ടി, സുനീഷ് എം എന്നിവർ സിഗ്‌നേറ്ററിസ് ആയിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ട് എക്‌സലോജിക് കമ്പനിക്ക് ഇല്ല എന്ന് പറയാൻ സാറിനു തന്റേടമുണ്ടോ ?
മുഖ്യന്റെ മകൾക്കു ലോകമെമ്പാടും എവിടെ ഒക്കെ അക്കൗണ്ടുകൾ ഉണ്ടെന്നും എന്തൊക്കെ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും സാറിനും ബോധ്യമുള്ള കാര്യമാണോ ?
എനിക്ക് ഈ രണ്ടു ചോദ്യങ്ങളെ ഉള്ളു, ഉത്തരം പറയാൻ ഭയം ഇല്ല എങ്കിൽ ഉത്തരം പറയാം. ബാക്കി കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം ....
അല്ലെങ്കിൽ കേസ് കൊടുക്കണം പിള്ളേച്ചാ
വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊല്യൂഷൻസ് എന്നാണെന്നും ദുബായ് കമ്പനി എക്‌സാലോജിക് കൺസൾട്ടിങ് ആണെന്നും തോമസ് ഐസക്ക് തന്റെ കുറിപ്പിൽ പറഞ്ഞിരുന്നു. ഏതൊരാൾക്കും ഗൂഗിൾ ചെയ്തു കണ്ടെത്താവുന്ന വിവരങ്ങളുമായാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും ഐസക് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
കനേഡിയൻ പെൻഷൻ ഫണ്ട് ലാവലിന്റെ ഉപകമ്പനിയാണെന്ന ആക്ഷേപവും ഐസക്ക് തള്ളി. പെൻഷൻ ഫണ്ട് മറ്റുപല കമ്പനികളിലെന്നപോലെ ലാവലിിന്റെ ഷെയറും വാങ്ങിയിട്ടുണ്ടാകാം. അത് എങ്ങനെ പെൻഷൻ ഫണ്ടിനെ ലാവലിന്റെ ഉപകമ്പനിയാക്കും എന്നും ഐസക്ക് ചോദിക്കുന്നു.
ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:
ബാംഗ്ലൂരിലെ എക്സാലോജിക് കമ്പനി സിഎംആർഎൽ കമ്പനിയുമായി സർവ്വീസ് കരാറിലേർപ്പെട്ട് നിയമാനുസൃതമായി ഫീസ് വാങ്ങിയതിനെ മാസപ്പടിയായി കഴിഞ്ഞ ഏതാനും മാസങ്ങളായി മാധ്യമങ്ങളും പ്രതിപക്ഷവും ആഘോഷിച്ചുവരികയായിരുന്നു. മാത്യു കുഴൽനാടൻ അത് കോടതിയിൽകൊണ്ടുപോയി തിരിച്ചടി നേടിയശേഷം പ്രതിപക്ഷം വലിയ ഇച്ഛാഭംഗത്തിലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ബിജെപിയുടെ ഷോൺ ജോർജ്ജ് പുതിയൊരു ആക്ഷേപവുമായിട്ടു വരുന്നത്.
എക്സാലോജികിന് ദുബായിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമുണ്ടത്രേ. അതിലേക്ക് കേരള സർക്കാരുമായി ബന്ധമുള്ള പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൽ എസ്എൻസി ലാവലിനും 2016-19 കാലത്ത് പലതവണ പണം നിക്ഷേപിച്ചിട്ടുണ്ടത്രേ. "ഈ കമ്പനി സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ" കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിൽ ആയിരുന്നത്രേ. ഷോൺ ഇഡിക്കും തെളിവുകൾ കൊടുത്തിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയിലും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇന്ന് എല്ലാ പത്രങ്ങളും വളരെ പ്രാധാന്യത്തോടെ വാർത്തയും നൽകിയിട്ടുണ്ട്.
മലയാള മാധ്യമ പ്രവർത്തനത്തിന്റെ നിലവാരത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ സംഭവം. ഒരാൾക്കുപോലും ഗൂഗിൾ ചെയ്ത് ദുബായിയിലെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റ് പരിശോധിച്ചിരുന്നെങ്കിൽ അവർ ഒന്ന് കാണുമായിരുന്നു: വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊല്യൂഷൻസ് എന്നാണ്. ദുബായ് കമ്പനിയുടെ പേര് എക്സാലോജിക് കൺസൾട്ടിങ് എന്നാണ്.
ദുബായ് കമ്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് ഒരു മെയിൽ അയച്ചിരുന്നെങ്കിൽ അവർ ഇപ്പോൾ വെബ്സൈറ്റിൽ ഇട്ടിരിക്കുന്ന വിശദീകരണം മാധ്യമ പ്രവർത്തകർക്ക് അയച്ചുകൊടുക്കുമായിരുന്നു. ദുബായ് കമ്പനിക്ക് അഞ്ച് കോർപ്പറേറ്റ് ഓഫീസുകളാണുള്ളത്. മൂന്നെണ്ണം യുഎഇയിലും ഒരെണ്ണം ലണ്ടനിലും മറ്റൊന്ന് ബാംഗ്ലൂരുമാണ്. ബാംഗ്ലൂരിലെ കമ്പനിയിലെ പേര് എക്സാലോജികോ സിസ്റ്റംസ് ആൻഡ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. എന്നു മാത്രമല്ല, ഇവയല്ലാതെ മറ്റൊരു സ്ഥാപനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഷോൺ പറയുന്ന മലയാളികളായ ഉടമസ്ഥർക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കുന്നു.
ഈ കള്ളക്കഥ ആര് മെനഞ്ഞതാണ്? മറ്റു പത്രങ്ങളിലെല്ലാം ഇന്നാണ് വാർത്ത. പക്ഷേ, ഷോണിന്റെ പത്രസമ്മേളനത്തിനു മുമ്പ് ഇന്നലെ തന്നെ മനോരമ ഒരു എക്സ്‌ക്ലൂസീവ് പോലെ ഇതു സംബന്ധിച്ച് ഒന്നാം പേജിൽ തലക്കെട്ടായി കൊടുത്തിട്ടുണ്ട്. ആര് ആരിൽ നിന്ന് പഠിച്ച കഥയാണാവോ ഇത്? റിപ്പോർട്ടിൽ ഒരു ബോക്സിൽ എന്നെക്കുറിച്ചും പരാമർശമുണ്ട്. കിഫ്ബി മസാലബോണ്ട് കേസിൽ ഇഡി അന്വേഷണം നടത്തവേ ഇതു സംബന്ധിച്ച് ഒരു വർഷം മുമ്പ് വിവരം ലഭിച്ചിരുന്നുവത്രേ. ഇനിയാണ് ഹൈലൈറ്റ്.
"മസാലബോണ്ട് കേസ് അന്വേഷണത്തിനെതിരെ മുന്മന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കിഫ്ബിയുമായി നേരിട്ട് ബന്ധമില്ലാത്തവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദം ഉയർത്തിയിരുന്നു. എന്നാൽ ഈ വ്യക്തികളും കുടുംബാംഗങ്ങളും ആരാണെന്നു വ്യക്തമാക്കിയിരുന്നില്ല."ഹോ... എന്തൊരു ദുരൂഹത!
ആറ് ശതമാനം പലിശയ്ക്ക് വായ്പ കിട്ടുമായിരുന്നത് വേണ്ടെന്നുവച്ചിട്ടാണ് 9.7 ശതമാനത്തിന് കനേഡിയൻ പെൻഷൻ ഫണ്ടിന് ബോണ്ട് വിറ്റതത്രേ. ഈ പലിശ വ്യത്യാസത്തിന്റെ ലാഭവും ദുബായ് കമ്പനിയിലേക്ക് ഒഴുകിയിട്ടുണ്ടത്രേ. കനേഡിയൻ പെൻഷൻ ഫണ്ട് ലാവലിന്റെ ഉപകമ്പനിയാണെന്നും നിരീക്ഷണമുണ്ട്. പെൻഷൻ ഫണ്ട് മറ്റുപല കമ്പനികളിലെന്നപോലെ ലാവലിിന്റെ ഷെയറും വാങ്ങിയിട്ടുണ്ടാകാം. അത് എങ്ങനെ പെൻഷൻ ഫണ്ടിനെ ലാവലിന്റെ ഉപകമ്പനിയാക്കും?
മസാലബോണ്ട് മാർക്കറ്റ് എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന പ്രാഥമിക വിവരമുള്ള ഒരുത്തൻ ഇങ്ങനെ പറയുമോ? റിസർവ്വ് ബാങ്കിന്റെ ചട്ടപ്രകാരം മസാലബോണ്ട് ഇറക്കുന്നതിന് അംഗീകൃത ബാങ്കുകളായ ഏജൻസികളെ ചുമതലപ്പെടുത്തണം. അവർ ടെണ്ടർ വിളിച്ച് ഏറ്റവും താഴ്ന്ന് നിരക്ക് ക്വാട്ട് ചെയ്യുന്നവരുടെ വിവരം കിഫ്ബിയെ അറിയിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് ബോണ്ട് വിൽക്കുന്നത്. ഇതൊക്കെ സംബന്ധിച്ച് പ്രാഥമിക ധാരണപോലും ഇല്ലാത്തവരാണ് ഇത്തരം വാർത്തകൾ ചമയ്ക്കുന്നത്.
ആരോപണം തെറ്റെങ്കിൽ തനിക്കെതിരെ മാനനഷ്ട കേസ് കൊടുക്കട്ടേയെന്നാണ് ഷോൺ ജോർജിന്റെ വെല്ലുവിളി. ബഹുമാനപ്പെട്ട കോടതിയോട് വിനീതമായ ഒരു അഭ്യർത്ഥനയേയുള്ളൂ. ഇദ്ദേഹത്തെപോലുള്ള ശല്യക്കാരനായ വ്യവഹാരി നൽകിയിരിക്കുന്ന ഉപഹർജി പിൻവലിക്കാൻ അനുവദിക്കരുത്. കുഴൽനാടൻ കേസിലെന്നപോലെ ഒരു തീർപ്പുണ്ടാക്കണം.