ന്യൂഡൽഹി: ഏറെ അനിശ്ചിതത്വത്തിന് ഒടുവിലാണ് കർണാടക മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സീനിയർ നേതാവ് സിദ്ധരാമയ്യയെ തന്നെ നിശ്ചയിച്ചപ്പോൾ ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി സ്ഥാനത്തും എത്തും. വകുപ്പുകളുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട് താനും. എന്തായാലും ഡൽഹി കേന്ദ്രീകരിച്ചു നടക്കുന്ന ചർച്ചകളെ നയിക്കുന്നത് പ്രധാനമായും എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ്. തലമുതിർന്ന രണ്ട് നേതാക്കളെയും ഒരുമിച്ചിരുത്തി ചർച്ചകൾ നടത്തിയത് കെ സിയായിരുന്നു.

കർണാടക സർക്കാർ രൂപീകരണം സംബന്ധിച്ച് സമവായത്തിലെത്തിയതിന് പിന്നാലെ നേതാക്കളെ ഒരുമിപ്പിക്കുന്നതിനുള്ള നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡും രംഗത്തുണ്ട്. മുഖ്യമന്ത്രിയാകാൻ പോകുന്ന സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഒരേ കാറിൽ കയറി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാണാനായി എത്തി. ഇതിന് പിന്നാലെ കെ സി വേണുഗോപാലിന്റെയും വീട്ടിലെത്തി.

എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാലയും ഇതേ കാറിലുണ്ടായിരുന്നു. കെ.സി.വേണുഗോപാലിന്റെ വസതിയിൽ ഒത്തുചേർന്ന നേതാക്കൾ ഇവിടെ നിന്നാണ് ഒരുമിച്ച് ഒറ്റ കാറിൽ ഖാർഗെയെ കാണാനായി എത്തിയത്. വെള്ള നിറത്തിലുള്ള ഇന്നോവയുടെ മുൻ സീറ്റിൽ സിദ്ധരാമയ്യ ഇടംപിടച്ചപ്പോൾ പിന്നിലായി ഡി.കെ.ശിവകുമാറും കെ.സി വേണുഗോപാലും സുർജെവാലയും ഇരുന്നു.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഡൽഹിയിലെത്തിയ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഒരുമിച്ചുള്ള യോഗത്തിൽ ഇതുവരെ പങ്കെടുത്തിരുന്നില്ല. ഇരുവരും ഇന്ന് കെ.സി.വേണുഗോപാലിന്റെ വീട്ടിലാണ് ആദ്യമായി കണ്ടുമുട്ടിയത്. ഇരുവരും ഇവിടെ വച്ചാണ് പ്രഭാത ഭക്ഷണം കഴിച്ചത്. കർണ്ണാടകയുടെ മനസ്സ് കീഴടക്കിയ ഇരട്ട നേതാക്കൾ! എന്നു പറഞ്ഞു കൊണ്ട്് സിദ്ധരാമയ്യയേും ഡികെയേയും ഒരുമിച്ചെത്തിച്ച് പ്രഭാത ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും കെ സി വേണുഗോപാൽ പുറത്തുവിട്ടു.

തന്റെ വസതിയിലെത്തിയ നേതാക്കളെ സ്വീകരിച്ച ഖാർഗെ, സിദ്ധരാമയ്യയുടേയും ഡി.കെ.ശിവകുമാറിന്റെയും കൈപിടിച്ച് ഉയർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇന്ന് ഉച്ചയോടെ നേതാക്കൾ ബെംഗളൂരുവിലേക്ക് തിരിക്കും. വൈകീട്ട് ഏഴ് മണിക്ക് ബെംഗളൂരുവിൽ നിയമസഭാ കക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കർണാടകയിലെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ വേദികൂടി ആക്കിമാറ്റാനുള്ള നീക്കങ്ങളും കോൺഗ്രസ് നടത്തുന്നുണ്ട്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളെ ചടങ്ങിലേക്ക് ഖാർഗെ ക്ഷണിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരേയും ചടങ്ങിലേക്ക് ക്ഷിച്ചേക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

അതിനിടെ ഉപമുഖ്യമന്ത്രിയാകുമെന്നത് സ്ഥിരീകരിച്ച് ശിവകുമാറും രംഗത്തുവന്നു. പാർട്ടിയുടെ താൽപര്യം മുൻനിർത്തിയാണ് തീരുമാനമെന്നും ശിവകുമാർ പറഞ്ഞു. നാല് നാൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കർണാടകയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും ഹൈകമാൻഡ് തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

'കർണാടകയുടെ താൽപര്യങ്ങളോട് പ്രതിബദ്ധതയുള്ളവരാണ് ഞങ്ങൾ. പാർലമെന്റ് തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അതിനാൽ, നേതൃത്വം മുന്നോട്ടുവെച്ച ഫോർമുല പാർട്ടിയുടെ താൽപര്യം മുൻനിർത്തിക്കൊണ്ട് അംഗീകരിക്കുകയായിരുന്നു' -ശിവകുമാർ പറഞ്ഞു. രണ്ട് ടേമുകളിലായി സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിമാരാകുമെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി പദം പങ്കുവെക്കാമെന്ന് നേരത്തെ സിദ്ധരാമയ്യ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, ആദ്യതവണ മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യക്ക് വേണമെന്ന ആവശ്യത്തിലാണ് ശിവകുമാർ ഉടക്കിയത്. ആറ് പ്രധാന വകുപ്പുകൾ ഉപമുഖ്യമന്ത്രിക്ക് നൽകാനുള്ള ധാരണയിലാണ് ഒടുവിൽ പ്രശ്‌നപരിഹാരമായത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ ശിവകുമാറിന് ഒറ്റ പദവി എന്ന വ്യവസ്ഥയിലും ഇളവ് അനുവദിക്കും.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ബംഗളൂരു കണ്ഡീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കും. സത്യപ്രതിജ്ഞക്കുള്ള തയ്യാറെടുപ്പുകൾ ഇവിടെ നേരത്തെ തുടങ്ങിയിരുന്നു.