കണ്ണൂർ: എസ്‌കെഎസ്എസ്എഫിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽനേരിട്ട് ഇടപെട്ട് സാദിഖലി തങ്ങൾ തീരുമാനങ്ങൾഅട്ടിമറിച്ചതായി സംഘടനയ്ക്കുള്ളിൽആരോപണം. ശക്തമാകുന്നു. സംഘടനയിൽ മെമ്പർഷിപ്പ് പോലുമെടുക്കാത്ത 53 വയസ്സുള്ള പാണക്കാട് കുടുംബാംഗത്തെ തന്നെ പ്രസിഡണ്ട് ആക്കി നിലനിർത്തണമെന്ന് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ കൂടിയായ സാദിഖലി തങ്ങൾ വാശിപിടിച്ചുവെന്നാണ് സംഘടനയ്ക്കുള്ളിൽ നിന്നുമുള്ള പരാതി.

എസ്‌കെഎസ്എസ്എഫിന്റെ മുൻപ്രസിഡന്റുമാർ ജനറൽ സെക്രട്ടറിമാർ അടങ്ങുന്നതാണ് തെരഞ്ഞെടുപ്പ് സമിതി. 14 വർഷം എസ്‌കെഎസ്എസ്എഫിന്റെ പ്രസിഡണ്ട് ആയിരുന്നു സാദിഖലി ശിഹാബ് തങ്ങൾ. ഇങ്ങനെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് സമിതി തലവനാകുന്നത്. എന്നാൽ പ്രായപരിധി കടന്നതിനാൽ അദ്ദേഹത്തെ മാറ്റണമെന്ന് ജില്ലാ പ്രതിനിധികളും കൗൺസിലർമാരും തെരഞ്ഞെടുപ്പ് സമിതിക്ക് മുമ്പിൽ മൊഴി നൽകിയിട്ടും അംഗങ്ങളുടെ അഭിപ്രായത്തിന് വില കൊടുത്തില്ലെന്നാണ് ആരോപണം.

സാദിഖലി തങ്ങളുടെ ജ്യേഷ്ഠനായ ഉമറലി ശിഹാബ് തങ്ങളുടെ പുത്രനാണ് ഇപ്പോഴത്തെ പ്രസിഡണ്ട് ഹമീദലി ശിഹാബ് തങ്ങൾ. ഏതാനും ആഴ്ചകൾക്ക് മുമ്പ് ലീഗ് സെക്രട്ടറി പിഎംഎ സലാം പാണക്കാട് തങ്ങൾമാർ നേതൃത്വത്തിൽ ഇല്ലാത്ത ഒരു സുന്നി സംഘടനയും ഉണ്ടാകില്ല എന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സമസ്തയെയും കീഴ് ഘടകങ്ങളെയും വരുതിയിലാക്കാനുള്ള മുസ് ലിം ലീഗ് ശ്രമത്തിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെയുള്ള ഹാശിറലി ശിഹാബ് തങ്ങളെ പ്രസിഡണ്ട് ആക്കാൻ ആയിരുന്നു കൂടുതൽ ജില്ലാ കമ്മിറ്റികളും ആവശ്യപ്പെട്ടത്. എന്നാൽ ഹാശിറലി ശിഹാബ് തങ്ങൾ സാദിഖലി തങ്ങളുടെ താൽപര്യങ്ങൾക്ക് വഴങ്ങുന്ന ആളല്ലെന്നാണ് വിലയിരുത്തൽ. സമസ്തയെ തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ട് മഹല്ലുകൾ കേന്ദ്രീകരിച്ച് പാണക്കാട് ഖാസി ഫൗണ്ടേഷന് ലീഗ് രൂപം നൽകിയിരുന്നു.

ഇതേ തുടർന്നാണ് മുസ്ലിം ലീഗുമായുള്ള ബന്ധം വഷളായത്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പിൻതുണയ്‌ക്കേണ്ടതില്ലെന്ന അഭിപ്രായവും സംഘടനയിലെ ചില നേതാക്കൾക്കുണ്ടെന്നാണ് സൂചന.