തിരുവനന്തപുരം: കുട്ടികളിലെ പുകവലിയെ ന്യായീകരിച്ച മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തെ തള്ളി മന്ത്രി എം ബി രാജേഷ്. കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്‌സൈസ് വകുപ്പിന്റെ ശ്രമം. കുട്ടികളിലെ പുകവലി നല്ല ശീലമല്ല. മന്ത്രി സജി ചെറിയാന്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. അദ്ദേഹം പറഞ്ഞതിനുള്ള മറുപടിയല്ല പറയുന്നത്. കുട്ടികളായാല്‍ കമ്പനിയടിക്കും പുകവലിക്കും എന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.

യു.പ്രതിഭ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെട്ട കഞ്ചാവ് കേസിനെ നിസാരവല്‍ക്കരിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്.

' പ്രതിഭയുടെ മകന്‍ പോളിടെക്നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്തതായി ഒരു കേസിലുമില്ല. എഫ്.ഐ.ആര്‍ ഞാന്‍ വായിച്ചതാണ്. അതില്‍ പുക വലിച്ചു എന്നാണ്. ഞാനും വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കാറുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ കെട്ടുകണക്കിന് ബീഡി വലിക്കാറുണ്ട്. പുകവലിച്ചതിനെന്തിനാണ് ജാമ്യമില്ലാ വകുപ്പ് ഇടുന്നത്', - മന്ത്രി ചോദിച്ചു.

കൊച്ചുകുട്ടികളല്ലേ, അവര്‍ കമ്പനി കൂടും സംസാരിക്കും ചിലപ്പോള്‍ പുകവലിക്കും. വലിച്ചത് ശരിയാണെന്നല്ല. ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ്. പക്ഷെ ഇത് വലിയൊരു മഹാ അപരാധമാണോ. പ്രതിഭയുടെ മകന്‍ ഇങ്ങനെ ഒരു കാര്യത്തില്‍ കൂട്ടുകൂടി ഇരുന്നു. അതിന് പ്രതിഭയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും. അവര്‍ സ്ത്രീയല്ലേ, ആ പരിഗണന നല്‍കണ്ടേ. പ്രതിഭയെ വേട്ടയാടുകയാണ്. കേരളത്തിലെ 140 എം.എല്‍.എ.മാരില്‍ ഏറ്റവും മികച്ച എം.എല്‍.എ.യാണ് അവര്‍. അതിനാലാണ് പാര്‍ട്ടി മത്സരിപ്പിച്ചത്.'- പ്രതിഭ വേദിയിലിരിക്കെയായിരുന്നു സജി ചെറിയാന്‍ ഇങ്ങനെ പറഞ്ഞത്.

കഞ്ചാവ് വലിച്ചതിന് എംഎല്‍എയുടെ മകനെതിരെ എക്‌സൈസ് കേസെടുക്കുന്നതിന് പകരം ഉപദേശിച്ചു നന്നാക്കണമായിരുന്നുവെന്ന് സജി ചെറിയാന്‍ പിന്നീട് വിശദീകരിച്ചു. പ്രതിഭയുടെ മകന്‍ കഞ്ചാവ് വലിച്ചു എന്നതിന് തെളിവില്ലെന്നും താന്‍ തെറ്റായ സന്ദേശം നല്‍കിയിട്ടില്ലെന്നും സജി ചെറിയാന്‍ ചേര്‍ത്തലയില്‍ പറഞ്ഞു.

പ്രതിഭയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരായ ലഹരിക്കേസില്‍ നവമാധ്യമങ്ങള്‍ യു. പ്രതിഭയ്‌ക്കെതിരേ വാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രതിഭയെ ജാതീയമായും വേട്ടയാടുന്നുവെന്നും എം.എല്‍.എയ്‌ക്കെതിരായി നവമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തകള്‍ കണ്ടാല്‍ ആരായാലും കരഞ്ഞുപോകുമെന്നും മന്ത്രി പറഞ്ഞു.


'പ്രതിഭ വളരെ ഷോക്ക്ഡാണ്, ഫ്രസ്‌ട്രേറ്റഡാണ്. മകനിങ്ങനെ സംഭവിച്ചു എന്നറിഞ്ഞാല്‍ അവര്‍ കടുംകൈ ചെയ്യില്ലേ, സ്വാഭാവികമല്ലേ? മകന്‍ അങ്ങനെയാരു കുറ്റം ചെയ്തിട്ടില്ല, അമ്മയെന്ന രീതിയില്‍ ഞാന്‍ അത് അംഗീകരിക്കുന്നില്ല എന്ന് നവമാധ്യമത്തിലൂടെ അവര്‍ പറഞ്ഞു. ആ പ്രചാരണം അങ്ങേയറ്റം കളവാണെന്നും ഒരു അമ്മയെന്ന നിലയിലും ഒരു എം.എല്‍.എ എന്ന നിലയിലും തന്നെ വേട്ടയാടരുത് എന്ന് അവര്‍ പറഞ്ഞു. പിന്നെന്താ ചെയ്തത്? ജാതീയമായ ചുവ ചേര്‍ത്തല്ലേ അവരേ ആക്ഷേപിച്ചത്? ഞങ്ങളാരും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പോയില്ല. പ്രതിഭ തന്നെ പറയട്ടെ എന്നായിരുന്നു നിലപാട്. പക്ഷേ ഒരു ദിവസം കഴിഞ്ഞു, രണ്ടുദിവസം കഴിഞ്ഞു, മൂന്നുദിവസം കഴിഞ്ഞു. നവമാധ്യമങ്ങള്‍ മുഴുവന്‍ ഏറ്റെടുത്ത വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം അവര്‍ കാണിച്ചുതന്നു. സങ്കടപ്പെട്ടാണ് അവര്‍ പറഞ്ഞത്. വാര്‍ത്തകള്‍ കണ്ടാല്‍ കരഞ്ഞുപോകും. ഒരു സ്ത്രീയെപ്പറ്റി ഇങ്ങനെ മോശം വാക്കുകള്‍ പറയാമോ?' - സജി ചെറിയാന്‍ പ്രതികരിച്ചു.