തൃശ്ശൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ പരിഹാസത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രന്റെ വീടിന് സമീപത്തേയ്ക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിലായിരുന്നു ജയരാജന്റെ പരിഹാസം. ഇതിനാണ് ശോഭ മറുപടി നല്‍കിയത്.

ജയരാജനെ പോലെ ബോംബ് കൈകാര്യം ചെയ്ത് തനിക്ക് പരിചയമില്ല. ബോംബില്‍ പിഎച്ച്ഡി എടുത്ത ആളാണ് ഇ. പി. ജയരാജന്‍. ഇവിടെ പൊട്ടിയ ബോംബിനെ കുറിച്ച് എങ്ങനെ പറയാനാകുമെന്നുമായിരുന്നു ശോഭയുടെ പ്രതികരണം.

'പടക്കം എവിടെയെല്ലാം പൊട്ടുന്നുണ്ട്, വിഷു കഴിഞ്ഞതല്ലേ ഉള്ളൂ. പല സ്ഥലങ്ങളില്‍ പടക്കം പൊട്ടും. ആ പടക്കമെല്ലാം പലതിന്റെയും ഭാഗമായിരിക്കുമെന്ന്' ഇ പി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.തനിക്ക് അവരെ അറിയില്ല. അറിയാതൊരാളെ കുറിച്ച് കൂടുതലൊന്നും പ്രതികരിക്കുന്നില്ല, അത് ശെരിയല്ലെന്നും ഇപി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് ശോഭ സുരേന്ദ്രന്റെ തൃശൂരിലെ വീടിന് സമീപത്ത് സ്‌ഫോടകവസ്തു പൊട്ടിയത്. ശോഭയുടെ അയല്‍വാസിയുടെ വീട്ടിലായിരുന്നു ഗുണ്ട് പൊട്ടിയത്. സംഭവം നടക്കുമ്പോള്‍ ശോഭാ സുരേന്ദ്രന്‍ വീട്ടിലുണ്ടായിരുന്നു. ശോഭയുടെ വീടാണെന്ന് തെറ്റിദ്ധരിച്ച് എറിഞ്ഞതാകാം എന്ന സംശയവും ഗുണ്ട് പൊട്ടിയതിന് പിന്നാലെ ഉയര്‍ന്നു. സംശയകരമായ രീതിയില്‍ രാത്രി ഒരു കാര്‍ കണ്ടതായി പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.