കൊച്ചി: കേരളത്തില്‍ ബിജെപിയുടെ എംഎല്‍എമാരുണ്ടായിരുന്നുവെങ്കില്‍ ശബരിമല സ്വര്‍ണക്കൊള്ള ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാനത്ത് ബിജെപി കുറച്ചുകൂടി മുന്‍പ് ഭരണത്തില്‍ വന്നിരുന്നുവെങ്കില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുമായിരുന്നുവെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് തോന്നലുണ്ടെന്ന് അവര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെക്കുറിച്ചും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

രു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളെക്കുറിച്ചും ശോഭാ സുരേന്ദ്രന്‍ സംസാരിച്ചു.'ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബിജെപി ചോദിച്ച പല ചോദ്യങ്ങള്‍ക്കും കോണ്‍ഗ്രസ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം എന്തിനാണ് മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധിയെ പോയി കണ്ടത്?

എന്താണ് സോണിയ ഗാന്ധിയുടെ കൈയില്‍ കെട്ടിക്കൊടുത്തതെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടിയില്ല. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എസ്‌ഐടിയോട് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് സതീശനറിയില്ലേ? ഈ കേസില്‍ കോണ്‍ഗ്രസിന് പങ്കാളിത്തമില്ലെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ ഇതിന് മറുപടി പറയാത്തത്. ഇക്കാര്യങ്ങള്‍ കേരളം ചര്‍ച്ച ചെയ്യും.ശബരിമലയിലെ സ്വര്‍ണ കട്ടിളപ്പാളി രാജ്യാന്തര കള്ളന്‍മാര്‍ക്ക് വിറ്റോ? അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസില്‍ സിബിഐ വരണമെങ്കില്‍ മുഖ്യമന്ത്രി അതിന് തയ്യാറാകണം. അല്ലെങ്കില്‍ കോടതി പറയണം. പൊലീസിനെയും അധികാരവും ഉപയോഗിച്ച് ഒരു വിശ്വാസവുമില്ലാത്ത സ്ത്രീകളെ സര്‍ക്കാര്‍ ശബരിമലയില്‍ കയറ്റുന്നതാണ് കണ്ടത്. അതിന്റെ ശിക്ഷ അവര്‍ക്കു കിട്ടി. അവര്‍ പാര്‍ലമെന്റിലേക്ക് പോകേണ്ടെന്ന് ജനം തീരുമാനിച്ചു.

ഇവരെ താഴെയിറക്കാന്‍ ബിജെപിയ്ക്ക് കരുത്തുണ്ടോയെന്നും ജനം പരിശോധിച്ചു. അതാണ് പല സ്ഥലത്തും ബിജെപി വോട്ടുകള്‍ 20 ശതമാനത്തില്‍ എത്താന്‍ കാരണം. ഇതുവരെയുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നു വ്യത്യസ്തമായി ജനം ചിന്തിക്കാന്‍ പോകുകയാണ്. കാരണം അവര്‍ക്ക് മനസിലായി.ശബരിമല കേന്ദ്രീകരിച്ച് ഒരു പ്രത്യേക ഗൂഢാലോചന നടന്നിട്ടുണ്ട്. ശബരിമലയില്‍ രണ്ട് മുന്നണികളുടേയും ലക്ഷ്യം അയ്യപ്പനല്ല. രണ്ട് മുന്നണികളുടേയും ലക്ഷ്യം അതൊരു ടൂറിസ്റ്റ് കേന്ദ്രം പോലെയാകണമെന്നാണ്. കേരളത്തില്‍ ബിജെപിയുടെ അര ഡസനോളം എംഎല്‍എമാരുണ്ടായിരുന്നുവെങ്കില്‍ സ്വര്‍ണക്കൊള്ള ഒരിക്കലും നടക്കില്ലായിരുന്നു. ഈ പ്രശ്‌നങ്ങള്‍ സിപിഎമ്മിനോടുള്ള വിശ്വാസ്യതയെ കൂടി ചോദ്യം ചെയ്യുന്നതാണ്.

ലോകത്താകമാനം കമ്യൂണിസം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ വാക്കും പ്രവര്‍ത്തികളും തമ്മിലുള്ള അന്തരം ജനങ്ങള്‍ കാണാന്‍ ആരംഭിച്ചു. ഇത് കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ ഭാവിക്ക് തുടക്കം കുറിക്കും. കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരേണ്ട സമത്തുതന്നെ എത്തും.വരുന്ന തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ വന്നിരുന്നു. ഞാന്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി തീരുമാനിക്കുന്നതനുസരിച്ച് എല്ലാം നടക്കും. സിപിഎം, കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ കേരളത്തിലെ മൂന്ന് പ്രധാന പാര്‍ട്ടികളാണ്.

മുന്നണികളിലെ ചെറിയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം, അവയുടെ പ്രാതിനിധ്യം പലപ്പോഴും അവയുടെ യഥാര്‍ത്ഥ വോട്ട് അടിത്തറയ്ക്ക് ആനുപാതികമല്ല. രാഷ്ട്രീയ പുനഃക്രമീകരണം സ്വാഭാവികമായി സംഭവിക്കും.തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി തന്ത്രം വെളിപ്പെടുത്തും. പരമ്പരാഗത സിപിഎം ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലുടനീളം ബിജെപി സാന്നിദ്ധ്യം വികസിപ്പിച്ചിട്ടുണ്ട് എന്നാണ്. പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ, മൊത്തത്തിലുള്ള വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഗണ്യമായ സീറ്റുകള്‍ നേടുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം'- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.