- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തള്ളേയെന്നും അമ്മായിയെന്നുമാണ് വിളിക്കുന്നത്; അതിൽ സന്തോഷം; ഞാൻ തള്ളയാണെങ്കിൽ ശ്രീമതി ടീച്ചർക്ക് എത്ര വയസ്സായി? എനിക്ക് 49 വയസ്സേ ആയിട്ടുള്ളൂ; സൈബർ ആക്രമണങ്ങൾക്ക് ഉരുളക്കുപ്പേരി മറുപടിയുമായി ശോഭാ സുരേന്ദ്രൻ; നേതൃത്വം തെറ്റു ചെയ്താൽ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ആവർത്തിച്ച് കോഴിക്കോടെ പ്രഭാരിസ്ഥാനം ഏറ്റെടുത്തു നേതാവ്
കോഴിക്കോട്: ബിജെപി എന്ന പാർട്ടിയിൽ നിന്നും നിരന്തരം പോരാടുന്ന നേതാവാണ് ശോഭാ സുരേന്ദ്രൻ. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിന്ന ഇവർ അടുത്തിടെ വീണ്ടും പാർട്ടിയിൽ സജീവമായി രംഗത്തുവന്നു. കോഴിക്കോട് ജില്ലാ പ്രഭാരിയുടെ സ്ഥാനവും ശോഭയ്ക്ക് നേതൃത്വം നൽകുകയുണ്ടായി. ഇതിനിടെ സൈബറിടത്തിൽ അടക്കം ശോഭാ സുരേന്ദ്രനെതിരെ വിമർശനങ്ങളും വിവിധ കോണുകളിൽ നിന്നുമുണ്ടായി. ഈ സൈബർ ആക്രമണങ്ങൾക്ക് മറുപടി നൽകി ശോഭ രംഗത്തുവന്നു.
കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയനേതാക്കളിൽ ഏറ്റവും ചെറിയ പ്രായക്കാരായവരുടെ കൂട്ടത്തിലുള്ളയാളാണ് താൻ. എന്നിട്ടും സൈബർ അക്രമികൾ തള്ളയെന്നും അമ്മായിയെന്നും വിളിച്ച് തന്നെ തളർത്താമെന്ന് കരുതുകയാണ്. 'ഇത്രയും വയസ്സായില്ലേ, ഇനി വീട്ടിലിരുന്നൂടേ എന്നാണ് സൈബർ അക്രമികൾ ചോദിക്കുന്നത്. തള്ളേയെന്നും അമ്മായിയെന്നുമാണ് വിളിക്കുന്നത്. ഞാൻ തള്ളയാണെങ്കിൽ ശ്രീമതി ടീച്ചർക്ക് എത്ര വയസ്സായി?' ശോഭാ സുരേന്ദ്രൻ ചോദിച്ചു.
ബ്യൂട്ടി പാർലറിൽ പോയി മുടികറുപ്പിക്കില്ലെന്ന് എല്ലാ സ്ത്രീകളും പറയുന്ന കാലത്ത് താനും കറുപ്പിക്കാതിരിക്കാമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. 'എനിക്ക് 49 വയസ്സേ ആയിട്ടുള്ളൂ. 1974ലാണ് ഞാൻ ജനിച്ചത്,' അവർ വിശദീകരിച്ചു. ഇപ്പോൾ തനിക്കെതിരെ ആക്രമണം കൂടി വരികയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. താനിപ്പോൾ എതിർത്തു നിൽക്കുന്നത് സമൂഹത്തിലെ വലിയ പ്രമാണിമാരോടാണ്. അഴിമതിക്കെതിരെ പോരാട്ടം നടത്തുമ്പോൾ തന്നെ കിടത്തിയുറക്കാതിരിക്കാൻ കഴിവുള്ള ശക്തികൾ പിറകിലുണ്ടെന്ന് തനിക്കുറപ്പാണെന്നും അവർ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി നിയമിക്കപ്പെട്ട ശോഭാ സുരേന്ദ്രൻ തന്നിലേൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്ന് പ്രസ്താവിച്ചു. അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുകൾ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ശോഭാ സുരേന്ദ്രൻ ആവർത്തിച്ചു. താൻ പറഞ്ഞ പരാതികൾ തനിക്ക് വേണ്ടിയല്ല. പാർട്ടിക്ക് വേണ്ടിയാണ്. നേതൃത്വം ഇനി തെറ്റുകൾ ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ആര് ചവിട്ടിത്താഴ്ത്തിയാലും താഴെ വീഴില്ല. തനിക്കെതിരെ സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് പരാതിയൊന്നും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.
അതേസമയം, മിത്ത് പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനേയും അവർ രൂക്ഷമായി വിമർശിച്ചു. ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാനാണ് സ്പീക്കർ ശ്രമിക്കുന്നത്. എന്നാൽ അത് നടക്കില്ല. മുസ്ലിങ്ങൾ വിശ്വാസികൾക്ക് ഒപ്പമാണ്. ദൈവത്തിൽ വിശ്വസിക്കാത്ത സിപിഎം നേതാക്കൾ പറയുന്നത് ആരും ഗൗരവത്തിൽ എടുക്കില്ല. വിശ്വാസികൾ സ്പീക്കർക്ക് എതിരാണ്. ദേവസ്വം ബോർഡ് പിരിച്ചു വിടാൻ സർക്കാർ തയ്യാറുണ്ടോയെന്നും അവർ ചോദിച്ചു.
കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് സംസ്ഥാന നേതൃത്വം പ്രഭാരിസ്ഥാനം ശോഭയ്ക്ക് നൽകിയത്. ഔദ്യോഗിക പക്ഷത്തെ പിന്തുണയ്ക്കുന്ന മണ്ഡലങ്ങളിൽ ശോഭാ സുരേന്ദ്രന് ഇടം നല്കാൻ നേതൃത്വം തയ്യാറായില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഒടുവിലാണ് കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി ശോഭ നിയമിക്കപ്പെട്ടത്. എംടി രമേശിന്റെ പിന്തുണ ഇക്കാര്യത്തിൽ ശോഭയ്ക്കുണ്ടായിരുന്നു എന്നാണറിയുന്നത്. ജില്ലയുടെ ചുമതലയിൽ ഏറെക്കാലം ഇരുന്നിട്ടുള്ളയാളാണ് എംടി രമേശ്.
ശോഭാ സുരേന്ദ്രനോട് പ്രത്യേകം അനുഭാവമൊന്നുമില്ലെങ്കിലും കെ സുരേന്ദ്രനെതിരെ നിൽക്കുന്നയാൾ എന്ന നിലയിലുള്ള അടുപ്പം അദ്ദേഹത്തിനുണ്ട്. കൂടാതെ വരുന്ന തിരഞ്ഞെടുപ്പിൽ കോഴിക്കോട് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ളയാൾകൂടിയാണ് രമേശ്.
മറുനാടന് മലയാളി ബ്യൂറോ