കോട്ടയം: അഞ്ചുദിവസം മുമ്പാണ് കോൺഗ്രസിലെ ഏറ്റവും ഉയർന്ന സംഘടനാവേദിയായ പ്രവർത്തക സമിതിയിലേക്കുള്ള അംഗങ്ങളെ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഒഴിവിൽ കേരളത്തിൽ നിന്ന് ശശി തരൂർ എത്തി. കേരളത്തിന്റെ അംഗബലം മൂന്നായി തുടരുകയും ചെയ്യുന്നു. അന്ന് തരൂരിന്റെ വരവിനെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത് ഇങ്ങനെയാണ്:

'ശശി തരൂർ വരും, വരില്ല എന്നൊക്കെ മാധ്യമങ്ങൾ കുറേനാൾ വാർത്ത കൊടുത്തു. ശരി തരൂരിനെ ഒതുക്കും, ശശി തരൂരിനെ ഒഴിവാക്കും എന്നെല്ലാം പറഞ്ഞു. ലിസ്റ്റ് വന്നപ്പോൾ ശശി തരൂർ ഉൾപ്പെട്ടതോടെ ആ വാർത്ത പോയി. ഇനി രമേശ് ചെന്നിത്തലയുടെ പിന്നാലെയാണ്. ശശി തരൂർ പട്ടികയിൽ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ എന്തൊക്കെ പറയുമായിരുന്നു? കോൺഗ്രസിന്റെ പ്രവർത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശമെങ്കിലും നിങ്ങൾ ദേശീയ നേതൃത്വത്തിനു നൽകണം'

എന്തായാലും ശരി, തരൂർ പ്രവർത്തക സമിതിയിൽ എത്തുമെന്ന് സംസ്ഥാന നേതാക്കൾ പ്രതീക്ഷിച്ചിരുന്നില്ലേ? കാരണം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച താരപ്രചാരകരുടെ പട്ടികയിൽ ശശി തരൂർ ഉണ്ടായിരുന്നില്ല. പട്ടികയിൽ കെ മുരളീധരനും ഇടമില്ലായിരുന്നു, ഓഗസ്റ്റ് 17നാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ 37 താരപ്രചാരകരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്.

കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ 15 ലോക്സഭാംഗങ്ങളിൽ 12 പേരും താരപ്രചാരകരുടെ പട്ടികയിലുണ്ട്. വയനാട് എംപിയായ രാഹുൽ ഗാന്ധിയും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ദേശീയ നേതൃനിരയിൽ നിന്ന് സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ഐഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമാണ് താരപ്രചാരകരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നുള്ള ലോക്‌സഭാ എംപി വി ശ്വനാഥൻ പെരുമാളും താരപ്രചാരകരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്നത് വിശ്വനാഥൻ പെരുമാളായിരുന്നു.

രമ്യാ ഹരിദാസ് എംപി, ജെബി മേത്തർ എംപി, ഷാനി മോൾ ഉസ്മാൻ, പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ തുടങ്ങിയ വനിതാ നേതാക്കളും താരപ്രചാരകരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. എംഎം ഹസൻ, കെസി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷണൻ, ബെന്നി ബഹനാൻ എംുി തുടങ്ങിയ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായിരുന്ന മുതിർന്ന നേതാക്കളും താരപ്രചാരകരുടെ പട്ടികയിലുണ്ട്.

എന്നാൽ, തരൂരിനെ പട്ടികയിൽ കാണാനില്ല. തരൂർ സെപ്റ്റംബർ, 2 നും, 3 നും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണം നയിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും അദ്ദേഹം പട്ടികയിൽ ഇടം പിടിച്ചില്ലെന്നാണ് തരൂർ ക്യാമ്പിന്റെ പരാതി. കെ സി വേണുഗോപാലാണ് 37 താരപ്രചാരകരുടെ പട്ടിക കമ്മീഷന് സമർപ്പിച്ചത്. പ്രവർത്തക സമിതി അംഗങ്ങളുടെ പട്ടിക വന്നത് ഓഗസ്റ്റ് 20 നാണ്. കെ സി, തിരഞ്ഞെടുപ്പ് കമ്മീഷന് താരപ്രചാരകരുടെ പട്ടിക സമർപ്പിച്ചത് ഓഗസ്റ്റ് 17 നും. ഖാർഗെയും, രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അടങ്ങുന്ന ഹൈക്കമാൻഡിന്റെ അന്തിമ പട്ടികയിൽ തരൂരും ഉൾപ്പെടുമെന്ന് കെ സി കരുതിയിരുന്നില്ലേ? എന്തായാലും, തരൂരിനെ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പാർട്ടി പ്രവർത്തകരിലും അമർഷം ഉയരുന്നതായാണ് സൂചന