- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടതുതുടർഭരണത്തിൽ മുഖ്യമന്ത്രിയുടെ വൺ മാൻ ഷോ; പാർട്ടി മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകൾ ശരാശരിക്ക് താഴെയുള്ള പ്രകടനം; സ്വപ്നാ സുരേഷിന്റെ 'സ്വർണക്കടത്ത് ആരോപണങ്ങൾ' ചെറുക്കുന്നതിൽ പരാജയപ്പെട്ടു; സി പി എം ഗൃഹസന്ദർശന പരിപാടിയിൽ സർക്കാരിന് എതിരെ രൂക്ഷ വിമർശനം
കണ്ണൂർ: പുതുവത്സര ദിനം തൊട്ടു ഇരുപതു ദിവസത്തിലേറെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാനത്ത് പാർട്ടി നേതാക്കളും പ്രവർത്തകരും മന്ത്രിമാരും ചേർന്ന് നടത്തിയ ഗൃഹ സമ്പർക്ക പരിപാടി പര്യവസാനിച്ചു. എന്നാൽ കക്ഷി രാഷ്ട്രീയത്തിനതീതമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലും സമ്പർക്കം നടത്താനായിരുന്നു സംസ്ഥാനകമ്മിറ്റി തീരുമാനമെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്ന ആരോപണം പാർട്ടിക്കുള്ളിൽ നിന്നും തന്നെ ശക്തമാണ്.
സി.പി. എം ശക്തി കേന്ദ്രമായ കണ്ണൂരിലെ പാർട്ടിക്ക് സ്വാധീനമുള്ള ഗ്രാമങ്ങളിൽ പോലും പ്രാദേശിക വികസന വിഷയങ്ങളിലുള്ള എതിർപ്പുകാരണം നേതാക്കൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്. പ്രാദേശികവിഷയങ്ങൾ കത്തിനിൽക്കുന്ന സ്ഥലങ്ങളിൽ പേരിന് ഏതാനും പാർട്ടിക്കാരുടെ വീടുകളിലും മറ്റും ചായകുടിച്ചു സമ്പർക്കം നടത്തി നേതാക്കൾ തടിയൂരുകയായിരുന്നുവെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്.
സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിലും തുടർഭരണം താളംതെറ്റിയതിനെതിരെ ജനങ്ങളിൽ ഉയർന്നിരിക്കുന്ന പ്രതിഷേധം തണുപ്പിക്കാനുമാണ് ഗൃഹസന്ദർശന പരിപാടി സി.പി. എം സംസ്ഥാന വ്യാപകമായി നടത്തിയത്. എൽ.ഡി. എഫ് സർക്കാർ നടപ്പിലാക്കിയ വികസന പ്രവൃത്തികൾ ചൂണ്ടിക്കാട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ കയ്യിലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഗൃഹസന്ദർശനപരിപാടിയെന്ന വിമർശനം തുടക്കത്തിലെ പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നു.
എന്നാൽ നേതാക്കളെ അത്ഭുതപ്പെടുത്തുന്ന വിധത്തിൽ രണ്ടാം പിണറായി സർക്കാറിന്റെ പ്രവർത്തനങ്ങളിലടക്കം അതിരൂക്ഷ വിമർശനങ്ങളാണ് പാർട്ടി കുടുംബങ്ങളിൽ നിന്നടക്കം ഉയർന്നത്. പാർട്ടി നേതാക്കളോടുള്ള ഭയംകാരണം എൺപതു ശതമാനം പേരും വെട്ടിതുറന്ന് കാര്യങ്ങൾ പറയാൻ തയ്യാറായിട്ടില്ലെങ്കിലും അവശേഷിച്ച ഇരുപതു ശതമാനം കുടുംബങ്ങൾ മുൻപിൻ നോക്കാതെ തുറന്ന അഭിപ്രായ പ്രകടനങ്ങൾ തന്നെ നടത്തി. ഇവർ നടത്തിയ ചില വിമർശനങ്ങൾക്കു മുൻപിൽ നേതാക്കൾക്ക് ഉത്തരംമുട്ടുന്ന അസാധാരണ സാഹചര്യവുമുണ്ടായിട്ടുണ്ട്.
ഇടതുതുടർഭരണത്തിൽ മുഖ്യമന്ത്രിയുടെ വൺ മാൻ ഷോയാണ് നടന്നു വരുന്നതെന്ന വിമർശനം കണ്ണൂരിൽ നിന്നു പോലും ഉയർന്നിട്ടുണ്ട്. പാർട്ടി മന്ത്രിമാർ ഭരിക്കുന്ന മറ്റു വകുപ്പുകൾ ശരാശരിക്ക് താഴെയുള്ള പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന വിമർശനവും പാർട്ടി നേതാക്കൾക്കും താഴെക്കിടയിലുള്ള പാർട്ടി മെമ്പർമാർക്ക് മുമ്പിൽ വിമർശനമായി പലരും ഉയർത്തി. സർക്കാരിനെ വരിഞ്ഞു മുറുക്കിയ സ്വപ്നാ സുരേഷിന്റെ സ്വർണക്കടത്ത് ആരോപണങ്ങൾ വിശ്വസനിയമല്ലെന്ന പാർട്ടിയുടെ അഭിപ്രായത്തെ പ്രതിരോധിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. ഇതിനെ രാഷ്ട്രീയമായി നേരിടുന്നതിൽ പാർട്ടിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്ന വിമർശനം പല വീടുകളിൽ നിന്നും ഉയർന്നു. കെ- റെയിൽ, ജലപാത തുടങ്ങിയ സർക്കാരിന്റെ വികസന പദ്ധതികളുടെ ഭാഗമായുള്ള കുടിയിറക്കലും കുറ്റിയിടലും അടക്കം ജനദ്രോഹമായി മാറിയെന്നും ആരോപണമുയർന്നു. ഏറ്റവും ഒടുവിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ നടത്തിയ പട്ടിണി പാവങ്ങൾ കളി കാണേണ്ടെന്ന അഭിപ്രായപ്രകടനം തൊഴിലാളിവിരുദ്ധമാണെന്ന ആരോപണവും ഉയർന്നു.
പാർട്ടി പ്രാദേശിക നേതാക്കൾ സംസ്ഥാനത്തങ്ങോളമിങ്ങോളും മയക്കുമരുന്ന്-ലഹരി കടത്തുകളിലും അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിലും പ്രതികളാവുന്നതും ധാർഷ്ട്യത്തോടുള്ള ജനങ്ങളോടുള്ള പെരുമാറ്റ രീതിയും അപചയം സൃഷ്ടിക്കുന്നുവെന്ന വിമർശനവും പലയിടങ്ങളിൽ നിന്നുമുണ്ടായി. ഏഴ് വർഷത്തോളം പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനം ഭരിച്ചിട്ടും സംസ്ഥാനത്തെ സാമ്പത്തിക തകർച്ച അനുദിനം കൂടുകയല്ലാതെ പ്രശ്‌ന പരിഹാരം കാണാനാവാത്തതും വിമർശനങ്ങൾക്ക് കാരണമായി.
കെഎസ്ആർടിസി, ലൈബ്രേറിയന്മാർ, പ്രേരക്മാർ, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾ തുടങ്ങി വലിയൊരുവിഭാഗമാളുകളെ സർക്കാർ പരിഗണിക്കുന്നില്ലെന്ന ആരോപണവും ചില കേന്ദ്രങ്ങളിൽ നിന്നുമുയർന്നിരുന്നു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടുവെട്ടിപ്പ്, അർജുൻ ആയങ്കിയടക്കമുള്ളവർ പങ്കാളികളായസ്വർണക്കടത്ത ്കേസുകളിലെ പ്രതികളെ ചില പാർട്ടി നേതാക്കൾ സംരക്ഷിക്കുന്നുവെന്ന ആരോപണം എന്നിവയും പാർട്ടി ഗ്രാമങ്ങളിൽ നിന്നും വിമർശനമായി ഉയർന്നിട്ടുണ്ട്.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാരിനെതിരെ ജനങ്ങൾക്കിടെയിൽ പ്രചരണം നടത്തുകയെന്ന ലക്ഷ്യത്തോടെ സമ്പർക്ക പരിപാടിക്കിറങ്ങിയ സി.പി. എം നേതാക്കൾ വടികൊടുത്തു അടിവാങ്ങിയ അവസ്ഥ പലയിടങ്ങളിലുമുണ്ടായിട്ടുണ്ടെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ ഗൃഹസന്ദർശനവേളയിൽ പാർട്ടി നേതാക്കൾക്കും ജനപ്രതിനിധികൾക്കും ലഭിച്ച അഭിപ്രായങ്ങളും വിമർശനങ്ങളും കോഡ്രീകരിച്ചു തിരുത്തേണ്ടവ തിരുത്തി മുൻപോട്ടുപോകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇത്തരംആശങ്കകൾക്ക് മറുപടിയായി പറഞ്ഞിട്ടുണ്ട്.
പാർട്ടിക്കുള്ളിൽ പ്രവർത്തകരുടെയും നേതാക്കളുടെയും, ബൂർഷ്വാ വലതുപക്ഷ വ്യതിയാനത്തിനെതിരെ നടത്തുന്ന തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായാണ് ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപായി ഗൃഹസന്ദർശന പരിപാടി സംസ്ഥാന നേതാക്കളെയും, മന്ത്രിമാരെയും പങ്കെടുപ്പിച്ചുകൊണ്ടു സി.പി. എം നടത്തിയത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി പ്രഖ്യാപിച്ച ഗൃഹസന്ദർശനപരിപാടിയുടെ ഭാഗമായി സ്വന്തം നാടായ പിണറായിയിലോ, തിരുവനന്തപുരത്തോ പങ്കെടുത്തിരുന്നില്ല. ഇതുപാർട്ടി പ്രവർത്തകർക്കിടെയിൽ ചർച്ചയായിട്ടുണ്ട്.




