കണ്ണൂര്‍ നിയമസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന ആഭ്യന്തര കലാപം രൂക്ഷമാകുന്നു. തന്റെ തട്ടകമായ കണ്ണൂരില്‍ തന്നെ തള്ളാന്‍ ആരെയും സമ്മതിക്കില്ലെന്ന ഉറച്ച നിലപാടില്‍ കെ. സുധാകരന്‍ ഉറച്ചുനില്‍ക്കുന്നതോടെ പാര്‍ട്ടി അതീവ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്ഥാനാര്‍ഥിപ്പട്ടിക ഉടന്‍ വരുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രചാരണത്തിന് വെറും 21 ദിവസം മാത്രം ബാക്കിനില്‍ക്കെ കണ്ണൂരിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ ഹൈക്കമാന്‍ഡിന് സാധിച്ചിട്ടില്ല. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ തമ്മില്‍ കൂടുതല്‍ എം.എല്‍.എമാരെ സ്വന്തം ചേരിയിലെത്തിക്കാന്‍ നടത്തുന്ന ചരടുവലികളാണ് ഈ അനിശ്ചിതത്വത്തിന് പിന്നിലെന്ന് ജില്ലാ നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു.

എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനം നിലനില്‍ക്കെ, കണ്ണൂരില്‍ താന്‍ തന്നെ മത്സരിക്കണമെന്ന വാശിയിലാണ് സുധാകരന്‍. നേതൃത്വവുമായി പിണങ്ങി ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ച് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ചൊവ്വാഴ്ച വീണ്ടും ഡല്‍ഹിയിലെത്തിയത് 'രണ്ടും കല്‍പ്പിച്ച്' തന്നെയാണ്. സുധാകരന്‍ വഴങ്ങാത്ത പക്ഷം അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ആളെ സ്ഥാനാര്‍ഥിയാക്കാമെന്ന മുന്‍പത്തെ ധാരണ അട്ടിമറിക്കപ്പെട്ടതാണ് അദ്ദേഹത്തെ കൂടുതല്‍ ചൊടിപ്പിച്ചത്. വി.ഡി. സതീശന്‍ മുന്നോട്ടുവെച്ച മറ്റൊരു പേരിനോട് കെ.സി. വേണുഗോപാലും താത്പര്യം പ്രകടിപ്പിച്ചതോടെ കണ്ണൂരില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലേക്ക് സുധാകരവിഭാഗം മാറി.

തന്റെ തട്ടകത്തില്‍ തനിക്ക് താത്പര്യമില്ലാത്ത ഒരാളെ പ്രതിഷ്ഠിക്കാനുള്ള നീക്കം സുധാകരനെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിനിടെ സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല രംഗത്തെത്തിയത് എ ഗ്രൂപ്പിന് കരുത്തായി. ഡല്‍ഹിയിലുള്ള സുധാകരനെ ചെന്നിത്തല സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു കഴിഞ്ഞു. കൂടാതെ കണ്ണൂരില്‍ തീയ്യ പ്രാതിനിധ്യം വേണമെന്ന ആവശ്യവും ശക്തമാണ്; സതീശന്‍ പക്ഷം നിര്‍ദ്ദേശിച്ച പേര് ഈ വിഭാഗത്തില്‍ നിന്നുള്ളതല്ലെന്നത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടുന്നു. ഇരിക്കൂറിലും പേരാവൂരിലും തലശ്ശേരിയിലും ധര്‍മ്മടത്തും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും കണ്ണൂര്‍ അടക്കമുള്ള മൂന്ന് മണ്ഡലങ്ങളിലെ തര്‍ക്കം പരിഹരിക്കാത്തത് കോണ്‍ഗ്രസിന് ഇന്ന് നിര്‍ണ്ണായകമാകും.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന ലാപ്പില്‍ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് തെരുവിലേക്ക് എത്തുമെന്ന സൂചനകളാണുള്ളത്. കെ.സി. വേണുഗോപാലും വി.ഡി. സതീശനും കൈകോര്‍ത്ത് നടത്തുന്ന കരുനീക്കങ്ങളില്‍ കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും നിസ്സഹായരായതോടെയാണ് പാര്‍ട്ടിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. തന്റെ തട്ടകമായ കണ്ണൂരില്‍ തന്നെ തള്ളാന്‍ ആരെയും സമ്മതിക്കില്ലെന്ന ഉറച്ച നിലപാടില്‍ കെ. സുധാകരന്‍ നിലയുറപ്പിച്ചതോടെ ഇന്നത്തെ ചര്‍ച്ചകള്‍ കോണ്‍ഗ്രസിന് നിര്‍ണ്ണായകമായി.

കോന്നിയില്‍ മത്സരിക്കാന്‍ അടൂര്‍ പ്രകാശും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സുധാകരന്റെ അത്രയും രാഷ്ട്രീയ കരുത്തില്ലാത്ത അടൂര്‍ പ്രകാശിനെ ഒതുക്കാന്‍ കെസി-വിഡി അച്ചുതണ്ടിന് എളുപ്പമായി. എന്നാല്‍ കണ്ണൂരില്‍ സുധാകരനെ തൊടാന്‍ ശ്രമിച്ചാല്‍ വിവരം അറിയുമെന്ന മുന്നറിയിപ്പാണ് സുധാകരന്‍ വിഭാഗം നല്‍കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പൂര്‍ണ്ണമായും കെസി-വിഡി ഗ്രൂപ്പ് പിടിമുറുക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതിനെ മറികടക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് പോലും കഴിയുന്നില്ലെന്നത് ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയതിന്റെ തെളിവാണ്.

കെ.പി.സി.സി. അധ്യക്ഷനായ സണ്ണി ജോസഫാകട്ടെ, ഹൈക്കമാന്‍ഡ് നോമിനികള്‍ക്കും ഗ്രൂപ്പ് മാനേജര്‍മാര്‍ക്കും ഇടയില്‍പ്പെട്ട് തീര്‍ത്തും നിസ്സഹായനാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനാകാത്തത് പാര്‍ട്ടിയെ പരിഹാസ്യമാക്കുന്നുണ്ട്. സുധാകരന്‍ നിര്‍ദ്ദേശിക്കുന്ന പേരിനെ വെട്ടി സതീശന്‍ സ്വന്തം നോമിനിയെ കണ്ണൂരില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതാണ് സുധാകരനെ ചൊടിപ്പിച്ചത്. ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ സുധാകരന്‍, തനിക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന സൂചനയാണ് നല്‍കുന്നത്.

കണ്ണൂരില്‍ തന്നെ തഴഞ്ഞ് മറ്റൊരു പരീക്ഷണത്തിന് മുതിര്‍ന്നാല്‍ അത് ജില്ലയിലെ മറ്റ് മണ്ഡലങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് സുധാകരന്‍ പക്ഷം മുന്നറിയിപ്പ് നല്‍കുന്നു. എംപിമാരെ മത്സരിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് വേണുഗോപാലും സതീശനും. എന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ നേരം നിയമസഭയിലേക്ക് മത്സരിപ്പിപ്പാമെന്ന് സുധാകരന് ഉറപ്പ് കൊടുത്തിരുന്നു. അത് പാലിക്കണമെന്നതാണ് സുധാകരന്റെ നിലപാട്. ഇനി രാഹുല്‍ ഗാന്ധിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.