- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാർക്കോഴയിൽ പാലായിലെ വീട്ടിൽ റെയ്ഡിനു വരെ ഗൂഢാലോചന; ഐപിഎസ് കിട്ടി വിരമിച്ച ഉദ്യോഗസ്ഥന് കെ എസ് ആർ ടി സിയിൽ സ്ഥാനം നൽകാൻ ചാനൽ ചർച്ചകളിൽ മാണിയെ വിമർശിച്ച ആന്റണി രാജു; സുകേശന് താക്കോൽ സ്ഥാനം നൽകുന്നത് ജോസ് കെ മാണിയെ പുകച്ച് പുറത്തു ചാടിക്കാനോ? കേരളാ കോൺഗ്രസിന്റെ നീക്കങ്ങൾ ഇനി നിർണ്ണായകം
തിരുവനന്തപുരം : ഇടതു മുന്നണിയും കേരളാ കോൺഗ്രസ് മാണിയും തമ്മിലെ ബന്ധം വഷളാകുന്നു. കെ.എം. മാണിക്കെതിരായ ബാർക്കോഴ കേസ് അന്വേഷിച്ച വിജിലൻസ് മുൻ എസ്‌പി. ആർ. സുകേശനെ കെ.എസ്.ആർ.ടി.സി.യുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായി (വിജിലൻസ്) നിയമിക്കാനുള്ള സർക്കാർ നീക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഗതാഗത വകുപ്പ് മന്ത്രിയായ ആന്റണി രാജുവാണ് ഈ നീക്കത്തിന് പിന്നിൽ. രണ്ടരക്കൊല്ലത്തേക്കാണ് ആന്റണി രാജുവിനെ ഇടതു മുന്നണി മന്ത്രിയാക്കിയത്. എന്നാൽ ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട ആന്റണി രാജുവിന് സ്ഥാനം ഒഴിയേണ്ടി വരില്ലെന്ന സൂചനകളുണ്ട്. ഇതിനിടെയാണ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ പ്രകോപിപ്പിക്കാൻ സുകേശനെ കെ എസ് ആർ ടി സിയിലേക്ക് എത്തിക്കാനുള്ള നീക്കം.
ഐ.പി.എസ്. ഉദ്യോഗസ്ഥനായി സർവീസിൽനിന്ന് വിരമിച്ച ആർ. സുകേശനെ കെ.എസ്.ആർ.ടി.സി. വിജിലൻസിൽ ഉന്നതപദവിയിൽ നിയമിക്കാനാണ് നീക്കം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയിൽനിന്നാണ് സുകേശനെ നിയമിക്കുന്നത്. ഇതിനെതിരെ കേരളാ കോൺഗ്രസ് മാണി വിഭാഗം ചെയർമാൻ ജോസ് കെ മാണി എതിർപ്പ് മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ജോസ് കെ മാണിയെ ഇടതുപക്ഷത്ത് നിന്ന് പുകച്ചു പുറത്തു ചാടിക്കാനാണ് ശ്രമം. നേരത്തെ പാല നഗരസഭയിലും മറ്റും ഉണ്ടായ ഉരസലുകളും സാഹചര്യം വഷളാക്കുന്നുണ്ട്. സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതു പോലെ വിട്ടു വീഴ്ചകൾക്കും ജോസ് കെ മാണി തയ്യാറായി. ഇതിനിടെയാണ് ബാർകോഴയിലെ അന്വേഷണ ഉദ്യോഗസ്ഥന് അംഗീകാരം നൽകാനുള്ള നീക്കം.
ഗതാഗതവകുപ്പാണ് നിയമനം നടത്തുന്നതെങ്കിലും സുകേശന് പുനർനിയമനം നൽകാനുള്ള തീരുമാനം സിപിഎമ്മിന്റെതാണ്. ഇതിലുള്ള അതൃപ്തി ജോസ് കെ. മാണി മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനെയും അറിയിച്ചു. ഇത് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം. സംസ്ഥാന പൊലീസിൽനിന്ന് ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെയാണ് വിജിലൻസ് ഓഫീസർ തസ്തികയിൽ കെ.എസ്.ആർ.ടി.സി. നിയമിക്കാറുള്ളത്. ഇപ്പോൾ ആ സ്ഥാനം വിരമിച്ച ഉദ്യോഗസ്ഥന് നൽകുന്നു. ഇത് കേരളാ കോൺഗ്രസിനെ പ്രകോപിപ്പിക്കാൻ കൂടി വേണ്ടിയാണ്. ആർ. സുകേശനുവേണ്ടി വിജിലൻസ് ഓഫീസർ തസ്തിക എക്‌സിക്യുട്ടീവ് ഡയറക്ടറായി ഉയർത്താനും നീക്കമുണ്ട്.
2018-ലാണ് സുകേശന് ഐ.പി.എസ്. നൽകിയത്. 2017 മെയ് 31-ന് സർവീസിൽനിന്ന് വിരമിച്ചിരുന്നു. 2018-ൽ ഐ.പി.എസ്. ലഭിച്ചതിനെതുടർന്ന് സർവീസിൽ തിരികെയെത്തി. കെ.എം. മാണിയെ ബാർക്കോഴയിൽ പ്രതിരോധത്തിലാക്കിയത് സുകേശന്റെ അന്വേഷണ റിപ്പോർട്ടുകളാണ്. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായപ്പോൾ കെ.എം. മാണിയുടെ പാലായിലെ വീട്ടിൽ റെയ്ഡ് നടത്താൻ സുകേശൻ നീക്കം നടത്തിയിരുന്നതായി കേരള കോൺഗ്രസ് ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് എതിർപ്പ് അറിയിക്കുന്നത്. പ്രത്യേക സാഹചര്യത്തിൽ ജോസ് കെ. മാണി ശക്തമായ വിയോജിപ്പ് അറിയിച്ചതോടെ മുഖ്യമന്ത്രി എടുക്കുന്ന നിലപാടായിരിക്കും നിർണായകം.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് മാണിയെയും പാർട്ടിയെയും ഏറ്റവും കൂടുതൽ അപഹാസ്യനാക്കിയ ഉദ്യോഗസ്ഥന് വിരമിച്ച ശേഷവും വലിയ പരിഗണന നൽകുന്നതാണ് കേരളാ കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും ചൊടിപ്പിച്ചത്. ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായിട്ടും ഇത്തരം നീക്കങ്ങൾ തടയാൻ കഴിയാത്തത് മാണി ഗ്രൂപ്പിനുള്ളിൽ നേതാക്കൾക്ക് എതിരായ പ്രതിഷേധത്തിനും കാരണമായി. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണി നേരിട്ട് പ്രതിഷേധം അറിയിച്ചത്.
ബാർ കോഴക്കേസ് എങ്ങുമെത്താതെ അവസാനിച്ചെങ്കിലും പാർട്ടിക്ക് അതുണ്ടാക്കിയ മാനക്കേട് വളരെ വലുതാണെന്ന വിലയിരുത്തലിലാണ് മാണി ഗ്രൂപ്. കോഴ ആരോപണമുന്നയിച്ച ബിജു രമേശ്, അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് എന്നിവരൊക്കെ പാർട്ടിക്ക് അനഭിമതരാണ്. എന്നാൽ, മാണിയുടെ വസതിയിലേക്ക് പൊലീസിനെ നിയോഗിച്ച സുകേശനെതിരെ വിരമിച്ചശേഷം പോലും നടപടിയെടുക്കാൻ കഴിയാത്തവണ്ണം മാണി വിഭാഗം ദുർബലമായോ എന്ന ചോദ്യമാണ് കേരളാ കോൺഗ്രസ് അണികൾ ഉയർത്തുന്നത്.
ചാനൽ ചർച്ചകളിൽ അന്ന് മാണിക്കെതിരെ നിലപാടെടുത്തിരുന്ന ആന്റണി രാജുവാണ് ഗതാഗത മന്ത്രിയെന്നതും അവരെ ചൊടിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കേരളാ കോൺഗ്രസുകാരും സംശയിക്കുന്നു. കെ.എസ്.ആർ.ടി.സി വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കേണ്ട കാര്യമെന്ത് എന്ന ചോദ്യവും അവർ ഉയർത്തുന്നുണ്ട്.




