തിരുവനന്തപുരം: പി വി അന്‍വര്‍ എം എല്‍ എയെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ശക്തമായ വിമര്‍ശനവുമായി സമസ്ത മുഖപത്രമായ 'സുപ്രഭാത'ത്തിന്റെ മുഖപ്രസംഗം.

'പി.വി അന്‍വര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ നട്ടംതിരിയുമ്പോഴും ആരോപണവിധേയരെ ചേര്‍ത്തുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ വ്യഗ്രത. രാജാവിനൊപ്പമുള്ള പലരും നഗ്‌നരാണെന്നു വിളിച്ചുപറഞ്ഞ ഇടതുപക്ഷ എം.എല്‍.എയുടെ രാഷ്ട്രീയ ഡി.എന്‍.എ പരതുന്നതിലാണ് പത്രസമ്മേളനത്തില്‍പോലും മുഖ്യമന്ത്രിക്കു താല്‍പര്യം. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നേരാംവഴിക്കുള്ള അന്വേഷണം നടത്തുന്നതിനു പകരം ഇഷ്ടക്കാരനായ എ.ഡി.ജി.പിയെ ന്യായീകരിക്കാനും പൊതിഞ്ഞുകാക്കാനും കാണിക്കുന്ന അമിതാവേശം സര്‍ക്കാരിനെ മാത്രമല്ല മുന്നണി സംവിധാനത്തെക്കൂടിയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്'- 'ആരെയാണ് മുഖ്യമന്ത്രി തോല്‍പ്പിക്കുന്നത് 'എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

അന്‍വര്‍ ഉന്നയിച്ച, ആരോപണങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പ്രതിപക്ഷത്തിന് എന്തിനാണ് ഇത്ര കൈയറപ്പ് എന്നും സുപ്രഭാതം ചോദിക്കുന്നു. തുടക്കത്തില്‍ പ്രതിപക്ഷം അന്‍വറിന്റെ വാദങ്ങള്‍ ഏറ്റുപിടിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തെങ്കിലും പതുക്കെ ആ ആവേശവും പ്രതിഷേധവും ദുര്‍ബലമാകുന്നത് ജനം കാണുന്നുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

സുപ്രഭാതം എഡിറ്റോറിയല്‍ പ്രസക്ത ഭാഗങ്ങള്‍



ഭരണകക്ഷി എം.എല്‍.എ തുറന്നുവിട്ട ഭൂതത്തെ കുടത്തിലാക്കാനുള്ള പെടാപ്പാടിലാണ് കഴിഞ്ഞ കുറേദിവസമായി പിണറായി സര്‍ക്കാര്‍. പി.വി അന്‍വര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ നട്ടംതിരിയുമ്പോഴും ആരോപണവിധേയരെ ചേര്‍ത്തുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ വ്യഗ്രത. രാജാവിനൊപ്പമുള്ള പലരും നഗ്‌നരാണെന്നു വിളിച്ചുപറഞ്ഞ ഇടതുപക്ഷ എം.എല്‍.എയുടെ രാഷ്ട്രീയ ഡി.എന്‍.എ പരതുന്നതിലാണ് പത്രസമ്മേളനത്തില്‍പോലും മുഖ്യമന്ത്രിക്കു താല്‍പര്യം. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നേരാംവഴിക്കുള്ള അന്വേഷണം നടത്തുന്നതിനു പകരം ഇഷ്ടക്കാരനായ എ.ഡി.ജി.പിയെ ന്യായീകരിക്കാനും പൊതിഞ്ഞുകാക്കാനും കാണിക്കുന്ന അമിതാവേശം സര്‍ക്കാരിനെ മാത്രമല്ല മുന്നണി സംവിധാനത്തെക്കൂടിയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

അന്‍വറിന്റെ പരാതികള്‍ക്കു ചെവികൊടുക്കുന്നെന്ന തോന്നല്‍ പൊതുസമൂഹത്തിലുണ്ടാക്കാന്‍ തുടക്കത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉത്സാഹിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തോടെ ഇരയ്ക്കൊപ്പമല്ല ഇരപിടിയന്‍മാര്‍ക്കൊപ്പമാണ് തങ്ങളെന്ന് മുഖ്യമന്ത്രി മറവില്ലാതെ പറയുകയുണ്ടായി. തൊട്ടുപിന്നാലെ അന്‍വറിനെ തള്ളി സി.പി.എമ്മും പ്രസ്താവനയിറക്കി. മുഖ്യമന്ത്രിയും പാര്‍ട്ടിയും കൈവിട്ടതോടെ അന്‍വര്‍ അസ്തപ്രജ്ഞനായി. എന്നാല്‍ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ അന്തരീക്ഷത്തില്‍ സക്രിയമാണെന്നത് സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും മറന്നുപോകരുത്. ഘടകകക്ഷികളെപ്പോലും നിശബ്ദരാക്കി എന്തിനാണ് ഒരു എ.ഡി.ജി.പിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഇത്ര തിടുക്കംകാട്ടുന്നത്....

'അതേസമയം ഭരണപക്ഷ എം.എല്‍.എ ഉന്നയിച്ച, തെളിവുകളേറെയുള്ള ആരോപണങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പ്രതിപക്ഷത്തിന് എന്തിനാണ് ഇത്ര കൈയറപ്പ്? തുടക്കത്തില്‍ പ്രതിപക്ഷം അന്‍വറിന്റെ വാദങ്ങള്‍ ഏറ്റുപിടിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തെങ്കിലും പതുക്കെ ആ ആവേശവും പ്രതിഷേധവും ദുര്‍ബലമാകുന്നത് ജനം കാണുന്നുണ്ട്.

ബി.ജെ.പിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ മുഖ്യമന്ത്രി ഒത്താശ ചെയ്തെന്നും എ.ഡി.ജി.പി ദല്ലാളായി വര്‍ത്തിച്ചെന്നുമുള്ള ആരോപണത്തിനുകൂടി മറുപടി കിട്ടേണ്ടതുണ്ട്. പൂരത്തിന്റെ കാര്യത്തില്‍ മാത്രമല്ല സംസ്ഥാനത്തെ സാമൂഹിക സാമുദായിക അന്തരീക്ഷം തകര്‍ക്കുവാനും എ.ഡി.ജി.പി ശ്രമിച്ചെന്ന അന്‍വറിന്റെ ആദ്യ ആരോപണത്തിലും കഴമ്പുണ്ടെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന പൂരം കലക്കല്‍ റിപ്പോര്‍ട്ട് അടിവരയിടുന്നു.'......

'അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ കേരളത്തിന്റെ മതേതര മനസിന് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. ഈ മുറിവിന് മറുമരുന്ന് മുഖ്യമന്ത്രിയില്‍നിന്നും സി.പി.എം നേതൃത്വത്തില്‍ നിന്നും ജനം പ്രതീക്ഷിച്ചിരുന്നു. എ.ഡി.ജി.പിയുടെയും അദ്ദേഹത്തിനു കീഴിലുള്ള ചില ക്രിമിനല്‍ പൊലിസുകാരുടെയും മനോവീര്യത്തിനു മുകളിലാണ് ഇന്നാട്ടിലെ കോടിക്കണക്കിനു ജനങ്ങളുടെ മനസ് എന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നില്ലെങ്കില്‍ സ്വന്തം മുന്നണിയെ മാത്രമല്ല ജനങ്ങളെക്കൂടിയാണ് അദ്ദേഹം ശത്രുപക്ഷത്ത് നിര്‍ത്തുന്നത് എന്നതില്‍ സംശയമില്ല.'