പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ സംബന്ധിച്ച് കേരളത്തിൽ ഔദ്യോഗിക തീരുമാനം ആയിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതു സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. ഏതൊക്കെ മണ്ഡലത്തിൽ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനമായിട്ടില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും നരേന്ദ്രമോദിക്ക് മത്സരിക്കണമെന്നാണോ പറയുന്നത്.

പി.സി. ജോർജ് എൻഡിഎയുടെ ഭാഗമായതായി ഞങ്ങൾ എവിടെയുംപറഞ്ഞിിട്ടില്ല. ജനപക്ഷം എൻഡി എയിൽ ചേരാൻ തീരുമാനം എടുത്തതായി അറിയാൻ കഴിഞ്ഞു. അതിനായി അവർ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവർ തീരുമാനമെടുത്ത് ഞങ്ങളെ സമീപിക്കുമായിരിക്കും. പി.സി. ജോർജ് പോലും എൻഡിഎയിൽ ചേരുമെന്ന് പരസ്യമായി പറഞ്ഞിട്ടില്ല. ബിഡിജെഎസ് വളരെ ശക്തമായി എൻഡിഎയിലുണ്ട്. സംസ്ഥാന, ജില്ലാ കൺവൻഷനുകൾ നടന്നു വരുന്നു. 2000 ജനപഞ്ചായത്തുകളിൽ ബിഡിജെഎസ് ശക്തമായിട്ടുണ്ട്.

സാമ്പത്തിക അവതാളാവസ്ഥയാണ് ഇവിടെയുള്ളത്. എത്ര മാസം ശമ്പളവും പെൻഷൻ കൊടുക്കാൻ കഴിയും? എത്ര നാൾ കരാറുകാർക്ക് കാശുകൊടുക്കാൻ കഴിയുമെന്നും ഉറപ്പില്ല. സ്ഥിതി മെച്ചപ്പെടുത്താൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്. അതിനുള്ള മറുപടി പാർലമെന്റിൽ നൽകിയിട്ടുണ്ട്. 56,000 കോടിയുടെ കുടിശിക ഒറ്റദിവസം കൊണ്ട് 5000 കോടിയായി. നമ്മുടെ രാജ്യത്ത് ഒരു സംസ്ഥാനത്തോടും ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്ന സാമാന്യ വിവരമെങ്കിലും വേണം.

നവകേരള സദസിനെതിരേ ബിജെപി പ്രതിഷേധ സമരം നടത്തുന്നു. അത് യൂത്ത് കോൺഗ്രസ് നടത്തുന്നതു പോലെ ഗോറില്ലാ സമരമല്ലെന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച നടത്തിയത് ആൾക്കാരുടെ സമരമാണ് എന്നും അദ്ദേഹം പറഞ്ഞു.