- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ലീഡറുടെ മാനസപുത്രൻ; സുരേഷ് ഗോപി വീണ്ടും ചർച്ചകളിൽ
തൃശൂർ: തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം തൃശൂർ ലൂർദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. തൃശൂരിലെ മുരളീമന്ദിരത്തിലെത്തി കെ കരുണാകരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി തൃശൂരിലെ ലൂർദ് പള്ളിയിലെത്തിയത്. തുടർന്ന് ലൂർദ് മാതാവിന് സ്വർണ കൊന്ത സമർപ്പിച്ചു. തുടർന്ന് പൂമാലയും സമർപ്പിച്ചു. ഇതിനുശേഷം പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗർഭ ആരാധനാ കേന്ദ്രലേക്ക് പോയി. അവിടെ പാട്ടു പാടികൊണ്ട് സുരേഷ് ഗോപി മാതാവിന് ആരാധന നടത്തി. നന്ദിയാൽ പാടുന്നുദൈവമേ എന്ന എന്ന പാട്ടാണ് സുരേഷ് ഗോപി പാടിയത്.
തെരഞ്ഞെടുപ്പ് വിജയത്തിലെ നന്ദി അറിയിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ലൂർദ് പള്ളിയിലെ സന്ദർശനം. തെരഞ്ഞെടുപ്പിനുശേഷം വീണ്ടും വരുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മകളുടെ വിവാഹത്തോടനുബന്ധിച്ച് സുരേഷ് ഗോപി ലൂർദ് മാതാവിന് സ്വർണ കിരീടം സമർപ്പിച്ചിരുന്നു. സ്വർണ കിരീടത്തിന്റെ തൂക്കം നോക്കണമെന്ന ആവശ്യം ഉൾപ്പെടെ ഉയർന്നത് വിവാദവും ആയിരുന്നു. നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉൽപന്നങ്ങളിൽ അല്ലെന്നുമാണ് സ്വർണ കൊന്ത സമർപ്പിച്ചശേഷം സുരേഷ് ഗോപി പ്രതികരിച്ചത്. ഭക്തിപരമായ നിർവഹണത്തിന്റെ മുദ്രയാണ് സ്വർണ കൊന്തയെന്നും സുരേഷ് ഗോപി പറഞ്ഞു. മറ്റു പ്രതികരണങ്ങൾ സുരേഷ് ഗോപി നടത്തിയതുമില്ല.
അതിനിടെ കരുണാകര സ്മൃതി കുടീരത്തിൽ നടത്തിയ ചില പരാമർശങ്ങൾ ചർച്ചകളിൽ നിറയുന്നുണ്ട്. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുരുത്വം നിർവഹിക്കാനാണ് എത്തിയത്. കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണ് കരുണാകരൻ. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ദിരാ ഗാന്ധിയെയും സുരേഷ് ഗോപി പുകഴ്‌ത്തി. ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധിയെ ദീപസ്തംഭം എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി, ഇന്ദിരാഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
ധീരനായ ഭരണകർത്താവ് എന്ന നിലയിൽ കരുണാകരനോട് ആരാധനയുണ്ട്. കേന്ദ്ര മന്ത്രി എന്ന പദവിയിൽ ഇരുന്നുകൊണ്ട് ഗുരുത്വം നിർവഹിക്കാനാണ് മുരളീ മന്ദിരത്തിൽ എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കെ കരുണാകരനും ബിജെപി നേതാവ് ഒ രാജഗോപാലും മാത്രമേ കേരളത്തിന് വേണ്ടി ഭരണപരമായി എന്തെങ്കിലും മികവ് കാട്ടിയുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
രാവിലെ എട്ട് മണിയോടെയായിരുന്നു സുരേഷ് ഗോപി സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്ന മുരളീ മന്ദിരത്തിലെത്തിയത്. ധീരനായ ഒരു ഭരണകർത്താവ് എന്ന നിലയിൽ കരുണാകരനോട് ആരാധനയുണ്ടെന്നും അതുകൊണ്ട് തന്നെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കക്ഷിയോട് ഇഷ്ടമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കരുണാകരൻ ഉപയോഗിച്ച മാനസപുത്രൻ എന്നതിനുള്ള മര്യാദയാണ്, ആ ഗുരുത്വം നിർവഹിക്കാനാണ് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ രാഷ്ട്രീയം എന്ന് പറയുന്നത് വളരെ സ്പഷ്ടമാണ്. എന്നാൽ വ്യക്തിയുടെ നിർവഹണം ഹൃദയത്തിൽ നിന്ന് വരുന്നതാണെന്നും അതിൽ രാഷ്ട്രീയമാനം കാണേണ്ടതില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
2019ൽ തൃശൂരിൽ സ്ഥാനാർത്ഥിയായ സമയത്ത് തന്നെ മുരളീ മന്ദിരത്തിൽ വന്നോട്ടെയെന്ന് പത്മജയോട് അപേക്ഷിച്ചിരുന്നു. എന്നാൽ അന്നത് പാടില്ല എന്നാണ് പത്മജ പറഞ്ഞത്. തന്റെ പാർട്ടിക്കാരോട് എന്ത് പറയും എന്നാണ് പത്മജ ചോദിച്ചത്. അന്ന് താനത് മാനിച്ചു. ഇന്ന് കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിരുന്ന് കൊണ്ടാണ് ഇവിടെ എത്തിയത്. അത് കെ മുരളീധരനോ മറ്റാർക്കെങ്കിലുമോ തടയാൻ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കെ റെയിൽ വേണ്ടെന്നും അത് ജനദ്രോഹമാണെന്നും സുരേഷ് ഗോപി പറഞ്ഞു. വികസനത്തിൽ പ്രാദേശികവാദം അനുവദിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.