ഇടുക്കി: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 'നല്ല വിദ്യാഭ്യാസമുള്ള ഒരു വിദ്യാഭ്യാസ മന്ത്രി വരട്ടെ' എന്നായിരുന്നു അദ്ദേഹം നടത്തിയ പരാമര്‍ശം. ഇടുക്കിയിലെ വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ ഈ പ്രസ്താവന.

വട്ടവടയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യം കേട്ടതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. 'എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോള്‍ ഉള്ളത്. അവരൊക്കെ തെറിച്ചുമാറട്ടെ. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ' എന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ആളാണ് വിദ്യാഭ്യാസ മന്ത്രിയെന്നും അവരില്‍ നിന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പോലുള്ള കാര്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പും പലതവണ മന്ത്രി വി. ശിവന്‍കുട്ടി സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും മറ്റും പ്രതികരിച്ചിട്ടുണ്ട്.

നേരത്തെ കോട്ടയത്ത് വെച്ച് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം നല്‍കാന്‍ ഒരാള്‍ ശ്രമിച്ചിരുന്നു. പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡ് മൈതാനത്ത് വെച്ച് കലുങ്ക് സംവാദം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അദ്ദേഹത്തിന്റെ വാഹനം കല്ലാടംപായ്ക സ്വദേശി ഷാജിയാണ് തടഞ്ഞത്. വാഹനം റോഡുവക്കില്‍ നിര്‍ത്തി, സുരേഷ് ഗോപി ഇരുന്ന ഭാഗത്തേക്ക് ഓടിയെത്തി വാഹനം തടയുകയായിരുന്നു ഇയാള്‍. കയ്യിലിരുന്ന പേപ്പറുകള്‍ ഉയര്‍ത്തിക്കാട്ടി നിവേദനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, സുരേഷ് ഗോപി വാഹനം തുറക്കാനോ പുറത്തിറങ്ങാനോ തയ്യാറായില്ല.