- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍.ഐ.എയും സിബിഐയും ഇഡിയും വരും; അപ്പോള്‍ കയ്യും കിടന്ന് കയ്യും കാലുമിട്ട് അടിക്കരുത്; മസാല ബോണ്ടില്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത് നേരിട്ട് ഹാജരാകാന്‍ വേണ്ടിയല്ല; മറുപടി കൊടുക്കാന്‍ വേണ്ടിയാണ്; കിഫ്ബിയായലും എന്ത് ബി ആയാലും കണക്കുവേണം: സുരേഷ് ഗോപി
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍.ഐ.എയും സിബിഐയും ഇഡിയും വരും
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇ.ഡിക്ക് പിന്നാലെ എന്‍.ഐ.എയും സിബിഐയും വരുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. അപ്പോള്‍ കൈകാലിട്ട് അടിയ്ക്കരുതെന്നും സര്‍ക്കാരിനു മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കേസില്‍ ഇ.ഡി അന്വേഷണം ആകാമെന്നു ഹൈക്കോടതി പറഞ്ഞതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സംവിധാനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും ജനങ്ങളെ മാത്രമേ സിപിഎമ്മിനു പറ്റിക്കാന്‍ കഴിയൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഒന്ന് വഴിമാറാന്‍ തള്ളിയതിനുള്ള നിയമ നടപടികള്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതില്‍ എന്തോ സംഭവിച്ചന്ന് പറഞ്ഞ് ഒറ്റിയ സമൂഹം കേരളത്തിലുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചത് നേരിട്ട് ഹാജരാകാന്‍ വേണ്ടിയല്ല. മറുപടി കൊടുക്കാന്‍ വേണ്ടിയാണ്. കിഫ്ബിയായലും എന്ത് ബി ആയാലും കണക്കുവേണം. നാട്ടുകാരെ പറ്റിക്കാനാകും, പക്ഷേ സര്‍ക്കാര്‍ സംവിധാനത്തില്‍ അത് നടക്കില്ല.
നേമത്തെ ജനങ്ങള്‍ ബിജെപിയെ വിജയിപ്പിക്കുമെന്നും അതിലൊന്നും മന്ത്രി പുങ്കവന്മാര്‍ ഇപ്പോഴേ ഭയപ്പെട്ട് ഇളകണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എന്‍ഡിഎ കൊല്ലം കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥി സംഗമവും വികസന രേഖ പ്രകാശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
നേരത്തെ ശരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണ വിഷയം അന്വേഷിക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കിയതോടെ ഇ.ഡി അന്വേഷണത്തിന് സാധ്യത ഉരുത്തിരിഞ്ഞിരിക്കയാണ്. ഇതോടെ ആശങ്കയുടെ നിഴലിലാണ് സിപിഎമ്മും സര്‍ക്കാറും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട്് വിപുലമായ പദ്ധതികള്‍ ഉള്ള ബിജെപിക്ക് സ്വര്‍ണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണം എത്തിയാല്‍ അത് വലിയ സാധ്യതയാണ്. അതുകൊണ്ട് തന്നെ ബിജെപിയുടെ മുതലെടുപ്പിനെ ഭയക്കുകയാണ് സിപിഎം.
സ്വര്‍ണക്കൊള്ള കേസില്‍ ക്രൈംബ്രാഞ്ച് രജിസ്റ്രര്‍ ചെയ്ത എഫ്.ആര്‍.ആറിന്റെ പകര്‍പ്പും മൊഴികളും കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ പുതിയ അപേക്ഷ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വാദവും കേട്ടശേഷം മജിസ്ട്രേറ്റ് കോടതി ഉചിതമായ തീരുമാനമെടുക്കണം.
സ്വര്‍ണക്കൊള്ളയില്‍ ബംഗളൂരു കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാടുകള്‍ നടന്നെന്ന സംശയമാണ് ഇ.ഡിക്ക്. നിലവില്‍ പ്രത്യേക അന്വേഷണ സംഘം അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. അതോടൊപ്പമാകും കള്ളപ്പണ ഇടപാടും അന്വേഷിക്കുക. ഇതിന് കോടതിയുടെ അനുമതി കിട്ടിയാല്‍ ഇഡി പരിശോധനകളിലേക്ക് നീങ്ങും. ഇഡിയുടെ രംഗപ്രവേശം സിപിമ്മിനെ ശരിക്കും ആശങ്കയിലാക്കുന്നുണ്ട്.
ഇ.ഡി വന്നാല്‍ സര്‍ക്കാരും സി.പി.എമ്മും പ്രതിക്കൂട്ടിലാവും. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുമെന്ന ആശങ്കയിലാണ് പാര്‍ട്ടി. സര്‍ക്കാരിനെയാകെ സംശയ മുനയില്‍ നിറുത്താന്‍ ശ്രമിക്കുമെന്നാണ് ഭയത്തിന് അടിസ്ഥാന കാരണം. ഇത് കൂടാതെ 2025വരെയുള്ള ഇടപാടുകള്‍ അന്വേഷിക്കുന്നതായി എസ്.ഐ.ടി ഇന്നലെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതോടെ, ഇപ്പോള്‍ അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെയും ഇ.ഡി തിരിയാന്‍ സാദ്ധ്യതയുണ്ട്. സര്‍ക്കാരിലും കരിനിഴല്‍ വീഴും.




