പത്തനംതിട്ട: കൈക്കൂലി ആരോപണത്തില്‍ നംനൊന്ത് ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ പത്തനംതിട്ടയിലെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വൈകിട്ടോടെയാണ് സുരേഷ് ഗോപി നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് ആശ്വാസമേകാനാണ് എത്തിയതെന്ന് സന്ദര്‍ശനത്തിനുശേഷം സുരേഷ് ഗോപി പ്രതികരിച്ചു.

കേരളത്തിലെ 25 വര്‍ഷത്തെ പെട്രോള്‍ പമ്പ് എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. വിവാദ എന്‍ഒസിയില്‍ അന്വേഷണം നടക്കുകയാണ്. കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് കേന്ദ്രം അന്വേഷണം നടത്തുന്നുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും അന്വേഷണം നടക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒഫീഷ്യലായ കാര്യങ്ങള്‍ ആദ്യത്തെ ദിവസം തന്നെ നീക്കിത്തുടങ്ങിയിട്ടുണ്ട്. അതിന്റെ പരിണിതഫലം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍, അല്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളിലുണ്ടാകും. അതേക്കുറിച്ച് മാധ്യമങ്ങളോട് പറയാനാവില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഈ വിഷയത്തില്‍ മാസ് പെറ്റീഷന്‍ നല്‍കിയിരുന്നോ എന്നത് തനിക്ക് അറിയില്ല. തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പരിശോധിക്കാം. പെട്രോളിയം മിനിസ്ട്രിയുടെ ഒരു പോളിസിയുണ്ട്. അത് ലംഘിച്ച് എന്തു നടപടിയുണ്ടായാലും, അതില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കര്‍ശനമായ നടപടിയുണ്ടാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

'നവീന്റെ കുടുംബത്തെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയത്. അവര്‍ ഒന്നും ഇങ്ങോട്ട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എന്റെ വരവ് ആശ്വാസമായി എന്നാണ് പറഞ്ഞത്. നവീന്‍ബാബുവിന്റെ മരണത്തില്‍, നിങ്ങളെല്ലാം സംശയിക്കുന്നപോലെ ഞാനും സംശയിക്കുന്നു. കോടതിക്ക് ഇതില്‍ ഫൈനല്‍ സേയുണ്ട്. കോടതി അത് ഉചിതമായി പറയുമെന്നാണ് വിചാരിക്കുന്നത്'. സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ധനമന്ത്രി കെഎന്‍ ബാലഗോപാലും നവീന്‍ ബാബുവിന്റെ വീട്ടിലെത്തി. എഡിഎമ്മിന്റെ മരണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കേണ്ടത് സര്‍ക്കാര്‍ അഭിമാന പ്രശ്‌നമായി എടുക്കണമെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കണമെന്നും കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഇടപെടല്‍ സംശയകരമാണെന്നും സി ദിവാകരന്‍ പറഞ്ഞു.

അതേസമയം, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് എഡിഎം നവീന്‍ ബാബുവിനെ പല തവണ കണ്ടതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജാമ്യഹര്‍ജിയില്‍ പരാമര്‍ശിച്ച ഗംഗാധരന്‍ പറഞ്ഞു. ഒരുപാട് വട്ടം നവീനെ കണ്ടിട്ടും പ്രശ്ന പരിഹാരമുണ്ടായില്ലെന്നും തുടര്‍ന്നാണ് നവീനെതിരെ പരാതി നല്‍കിയതെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

നവീനെതിരെ വിജിലന്‍സിലും മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലും പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. നവീനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് കുറ്റാട്ടൂരിലെ ഗംഗാധരന്‍ എന്ന റിട്ടയേര്‍ഡ് ഹയര്‍ സെക്കണ്ടറി ടീച്ചര്‍ വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു ദിവ്യയുടെ പരാമര്‍ശം.

ദിവ്യ പറഞ്ഞത് സത്യമാണെന്ന് ഗംഗാധരന്‍ പറഞ്ഞു. എന്നാല്‍ നവീന്‍ കൈക്കൂലി ആവശ്യപ്പെട്ടില്ലെന്നും താന്‍ പണം നല്‍കിയിട്ടില്ലെന്നും ഗംഗാധരന്‍ വ്യക്തമാക്കി. നവീനെതിരെയുള്ള പരാതി നേരത്തെ തന്നെ കണ്ണൂരിലെ എല്ലാ ജനപ്രതിനിധികള്‍ക്കും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.