തിരുവനന്തപുരം: സംസ്ഥാനത്തെ സമുദായ സംഘടനകളായ എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ദീര്‍ഘവീക്ഷണമില്ലെന്ന വിമര്‍ശനവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത് എന്‍എസ്എസും, എസ്എന്‍ഡിപിയും എല്‍ഡിഎഫ് സര്‍ക്കാരിന് പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് 'കേരളത്തിലെ ജാതി സംഘടനകളും രാഷ്ട്രത്തിന്റെ സ്ഥിതിയും' എന്ന പേരില്‍ സെന്‍കുമാറിന്റെ കുറിപ്പ്. എന്‍എസ്എസിന്റെ നിലപാട് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്ന് എന്‍എസ്ഡിപിയോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ ഇന്നുഅഭിപ്രായപ്പെടുകയും ചെയ്തു.

മന്നത്ത് പത്മനാഭന്റെയും, ആര്‍ ശങ്കറിന്റെയും കാലത്തിന് ശേഷം എന്‍എസ്എസിനും എസ്എന്‍ഡിപിക്കും കാര്യമായിട്ടുള്ള വളര്‍ച്ചയുണ്ടായിട്ടില്ല എന്നാണ് സെന്‍കുമാറിന്റെ അഭിപ്രായം. താന്‍ ബിജെപിയില്‍ അംഗമല്ലെന്നും തന്റെ അഭിപ്രായം ബിജെപിയുടേതായി തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്.

'ഒരു സമുദായത്തിലെ 60 - 65 ശതമാനം പേരും ഇപ്പോള്‍ ദേശീയ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും അവര്‍ക്ക് വോട്ട് ചെയ്യുന്നവരുമാണ്. മറ്റൊരു സംഘടനയുടെ 30 - 35 ശതമാനം പേരെങ്കിലും അത് തന്നെ ചെയ്യുന്നവരാണെന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. ഇത് അധികം താമസിയാതെ ആരെല്ലാം എതിര്‍ത്താലും 95 ശതമാനം പേരെങ്കിലും ദേശീയ പ്രസ്ഥാനങ്ങളിലേക്ക് മാറും എന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. കാരണം അവര്‍ക്കെല്ലാം അറിയാം ഈ നേതാക്കന്മാരെ വിശ്വസിച്ചു അവര്‍ മുന്നോട്ട് പോയാല്‍ അവരുടെ വരുന്ന തലമുറകള്‍ ഏറ്റവും ബുദ്ധിമുട്ടിലാകുന്ന സമൂഹത്തില്‍ ജീവിക്കേണ്ടി വരുമെന്ന്.'-സെന്‍കുമാര്‍ കുറിച്ചു.

സമുദായ സംഘടനാ നേതാക്കന്മാരുടെ വ്യക്തിപരമായ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി നടത്തുന്ന ശ്രമങ്ങളെ അവഗണിച്ചു എല്ലാവരും ദേശീയ പ്രസ്ഥാനങ്ങളോടൊപ്പം ചേരണമെന്നാണ് തന്റെ അപേക്ഷയെന്നും സെന്‍കുമാര്‍ പറഞ്ഞു.

ടി പി സെന്‍കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിലെ ജാതി സംഘടനകളും രാഷ്ട്രത്തിന്റെ സ്ഥിതിയും

ഞാന്‍ കേരളത്തിലെ ബിജെപിയില്‍ അംഗമല്ല. ഞാന്‍ ഇതുവരെ അംഗത്വം എടുത്തിട്ടില്ല. പലരും ചൂണ്ടികാണിക്കുന്നതുപോലെ ബിജെപി നേതാവായ സെന്‍കുമാര്‍ പറഞ്ഞു എന്ന് പറയുന്നത് തെറ്റാണ്. ഞാന്‍ പറയുന്നതിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ ഈ കാര്യം കൃത്യമായി പറയുന്നതിന് കാരണം ഞാന്‍ ഇനി എഴുതാന്‍ പോകുന്ന കാര്യങ്ങള്‍ ബിജെപിയുടെ പേരില്‍ ആക്ഷേപിക്കപ്പെടരുത്. അത് ടിപി സെന്‍കുമാറിന്റെ സ്വന്തം എഴുത്താണ്.

ആക്ഷേപം ഉള്ളവര്‍ എനിക്കെതിരെ ആക്ഷേപം പറഞ്ഞോട്ടെ. ബിജെപിയില്‍ അംഗം അല്ലെങ്കിലും ദേശീയ പ്രസ്ഥാനങ്ങളോട് അടുത്ത് നില്‍ക്കുകയും, അവരോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. അതിന് പ്രത്യേകം മെമ്പര്‍ഷിപ്പ് ഒന്നും ആവശ്യമില്ല. അതുകൊണ്ടുതന്നെ ആ ദേശീയ പ്രസ്ഥാനങ്ങളില്‍ നിന്നും കിട്ടുന്ന അറിവ് കൂടി വെച്ച് എനിക്ക് സ്വന്തമായി ഉള്ള അറിവും വെച്ച് ഭാരതത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയും ജനസംഖ്യകളിലെ വ്യതിയാനവും വരാന്‍ പോകുന്ന വലിയ അപകടത്തെക്കുറിച്ചും നിങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താനാണ് ഞാന്‍ ഇത് എഴുതുന്നത്.

2014 ല്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ ഇന്ത്യയില്‍ വരാതിരുന്നിരുന്നു എങ്കില്‍ ഇന്ന് ഇന്ത്യ ഒരു ഇസ്ലാമിക - ഇവാന്‍ജെലിസ്റ്റ് രാജ്യമായി മാറുന്ന ഘട്ടത്തില്‍ എത്തി നിന്നേനെ. അത്രയും തീക്ഷ്ണമായിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരുന്നത്. കമ്മ്യൂണല്‍ വയലന്‍സ് ബില്‍ എന്ന 2011 ഇല്‍ കൊണ്ടുവന്ന ഒരു ബില്‍ തന്നെ ഹിന്ദുക്കളെ, ആര് അക്രമം കാണിച്ചാലും ഹിന്ദുവിനെ പ്രതിയാക്കാനുള്ളതായിരുന്നു. അതായത് ഒരു ഹിന്ദുവിന്റെ വീട്ടില്‍ കയറി ഒരു ന്യുനപക്ഷ സമുദായക്കാരന്‍ ഒരു കുട്ടിയെ റേപ്പ് ചെയ്താല്‍ അതിന്റെ പ്രതി പോലും ആ ഹിന്ദു ആവുന്ന വിധത്തിലായിരുന്നു കമ്മ്യൂണല്‍ വയലന്‍സ് ബില്‍ 2011 എന്ന് പറയുന്ന ബില്‍ യുപിഎ ഗവണ്മെന്റ് കൊണ്ട് വന്നത്.

ഹിന്ദുവിന്റെ ഭാഗ്യത്തിന് അതൊരു നിയമമായി മാറിയില്ല. ഇതുപോലെയുള്ള കാര്യങ്ങളൊക്കെവെച്ച് നോക്കുമ്പോള്‍ ഇന്ന് കേരളത്തിന്റെ ഉള്ളില്‍ ഹിന്ദു എന്ന് പറയുന്ന ഒരു വിഭാഗം, ആ വിഭാഗത്തിലാണല്ലോ എസ്എന്‍ഡിപിയും എന്‍എസ്സ്എസ്സും ഒക്കെ ഉള്‍പ്പെടുന്ന ആള്‍ക്കാര്‍ ഉള്ളത്. ഹിന്ദു വിഭാഗത്തില്‍ ഇവര്‍ രണ്ടും കൂടാതെ തന്നെ വിശ്വകര്‍മ്മജരുണ്ട്, ധീവരരുണ്ട് പിന്നെ കുറച്ചുകൂടി ജനസംഖ്യ കുറഞ്ഞ നിരവധി കമ്മ്യൂണിറ്റികള്‍ ഉണ്ട്. സിദ്ധനര്‍ ഉണ്ട് അതുപോലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ ജനസംഖ്യ ഉള്ള ആള്‍ക്കാരുമുണ്ട് കുറഞ്ഞ ജനസംഖ്യ ഉള്ള ആള്‍ക്കാരുമുണ്ട്. അതുപോലെ ഷെഡ്യൂള്‍ ട്രൈബുകളും ഉണ്ട്. പക്ഷേ ഇതില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള രണ്ട് വിഭാഗങ്ങളാണ്, മാത്രമല്ല സാമ്പത്തികമായും മറ്റു കാര്യങ്ങളിലും മുന്നിട്ട് നില്‍ക്കുന്ന വിഭാഗങ്ങളാണ് എസ്എന്‍ഡിപിയും എന്‍എസ്സ്എസ്സും.

നമ്മള്‍ കാണേണ്ടത് കേരളം ജനന നിരക്കിന്റെ കാര്യത്തില്‍ ഏതു ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു എന്നതാണ്. എത്ര ജനസംഖ്യയുണ്ട് ഈ രണ്ട് സംഘടനകള്‍ക്കുമെന്ന് നമ്മള്‍ മനസ്സിലാക്കണം. അത് മനസ്സിലാക്കിയാല്‍ നമുക്ക് കൃത്യമായിട്ട് മനസ്സിലാകും അധികം വൈകാതെ ഇപ്പോള്‍ മൂക്കിനൊപ്പം വെള്ളത്തില്‍ നില്‍ക്കുന്ന ഇവരുടെ തലയ്ക്ക് മുകളില്‍ പോയി വെള്ളം നില്‍ക്കും എന്ന്. തലയ്ക്ക് മുകളില്‍ വെള്ളം വന്നാല്‍ എന്ത് സംഭവിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ. അത് തന്നെയാണ് ഇവര്‍ക്കും സംഭവിക്കാന്‍ പോകുന്നത്. ഇത് മനസ്സിലാക്കാതെ ഇപ്പോഴും സ്വന്തം കാര്യത്തിന് വേണ്ടി, വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടി ഈ സംഘടനകളില്‍പ്പെട്ട 97 ശതമാനം ജനങ്ങളേയും , സമുദായത്തിലെ ആള്‍ക്കാരെയും പറ്റിച്ചു, അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ അവരെ അപകടത്തിലേക്ക് കൊണ്ട് ചാടിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്.

ഇതിന്റെ ഒരു ചരിത്രം നോക്കിയാല്‍ എസ്എന്‍ഡിപി 1903ല്‍ ഡോ പല്പുവിന്റെ ശ്രമഫലമായിട്ട് ശ്രീനാരായണ ഗുരുദേവനും കുമാരനാശാനും വാവൂട്ട് സംഘം എന്നതില്‍ നിന്ന് ആരംഭിച്ച ഒരു പ്രസ്ഥാനമാണ്. എന്‍എസ്സ്എസ്സ് ആകട്ടെ 1914 ല്‍ ഏറ്റവും ബഹുമാന്യനായ മന്നത്തു പദ്മനാഭന്‍ അദ്ദേഹം നേതൃത്വം കൊടുത്തു ഉണ്ടാക്കിയ സംഘടനയാണ്. അത് ഉണ്ടാകുന്നത് നായര്‍ സമുദായ ഭൃത്യ ജനസംഘം അതിന് രണ്ട് വര്‍ഷം മുന്‍പ് ഉണ്ടാക്കിയ ഒരു സംഘടന, പിന്നീട് നായര്‍ സര്‍വീസ് സൊസൈറ്റിയായി 1914 ല്‍ രെജിസ്റ്റര്‍ ചെയ്യുന്നു.അതിന് ശേഷം വളരെയധികം നല്ല കാര്യങ്ങള്‍ ഈ സമുദായങ്ങള്‍ക്കുവേണ്ടിയും പൊതുവെയും ചെയ്തുകൊടുക്കുവാന്‍ ഈ സംഘടനകള്‍ക്ക് സാധിച്ചിട്ടുണ്ട്.

അത് ഏറ്റവും നന്നായിട്ട് വന്നത് മഹാനായ മന്നത്തു പദ്മനാഭനും മഹാനായ ആര്‍ ശങ്കറും ഒരുമിച്ചു പ്രവര്‍ത്തിച്ച സമയത്താണ്. അവര്‍ ഒരു ഹിന്ദു മഹാമണ്ഡലം ഉണ്ടാക്കുകയും ഹിന്ദുക്കള്‍ക്ക് പൊതുവെ ഉത്തേജനം നല്‍കാനും അവരുടെ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്. എന്തായാലും അത് നന്നാകുന്നതില്‍, ഇങ്ങനെ വളരുന്നതില്‍ കുറേ പേര്‍ക്ക് വളരെ എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് നഷ്ടം സംഭവിക്കുമായിരുന്ന ചിലര്‍ ഇടങ്കോല്‍ ഇടുകയും അവരെ തമ്മില്‍ തെറ്റിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.

അതിന് ശേഷം ഈ സംഘടനകള്‍ പിന്നീട് കുറച്ചുകാലം ശ്രീ വെള്ളാപ്പള്ളിയുടേയും ശ്രീ സുകുമാരന്‍ നായരുടേയും നേതൃത്വത്തില്‍ അടുത്തെങ്കിലും വീണ്ടും മറ്റുള്ളവരുടെ ഇടപെടലുകള്‍ കാരണം അകന്നുപോകുകയുമാണ് ഉണ്ടായത്.അതുകൊണ്ട് നഷ്ടം ഉണ്ടാകുന്നത് ആര്‍ക്കാണ് ? പൊതുവെയുള്ള ഹിന്ദു സമുദായത്തിനാണ്.

ഇപ്പോഴത്തെ ജനസംഖ്യ നോക്കുക. അതുപോലെ സ്ഥാപനങ്ങള്‍ നോക്കുക. ഞാന്‍ പറയുകയാണെങ്കില്‍ ബഹുമാനപ്പെട്ട മന്നവും ബഹുമാനപ്പെട്ട ശങ്കറും പോയതിനുശേഷം എന്തുമാത്രം സ്ഥാപനങ്ങളാണ് ഈ രണ്ട് സംഘടനകളും ഉണ്ടാക്കിയിട്ടുള്ളത് ? ഈ സമുദായങ്ങളിലെ ആര്‍ക്കൊക്കെയാണ് പ്രയോജനം കിട്ടുന്നത് ? വാസ്തവത്തില്‍ ഈ രണ്ട് സംഘടനകളിലെയും പ്രധാന സംഭാവനയായി കിട്ടുന്നത് എന്താണെന്നു വെച്ചാല്‍ വിവാഹത്തിന് ശാഖയിലെയോ കരയോഗത്തിലെയോ ആളുകള്‍ വന്ന് അത് രെജിസ്റ്റര്‍ ചെയ്തു കൊടുക്കും. മരണം ഉണ്ടായാല്‍ കുറേ അധികം സ്ഥലങ്ങളില്‍ അതിന്റെ സഹായത്തിന് കരയോഗത്തിലെയോ ശാഖയിലെയോ ആള്‍ക്കാര്‍ വന്ന് അത് ചെയ്യും. പിന്നെ സ്‌കൂളിലെയും കോളേജിലെയും അഡ്മിഷന്റെയും നിയമനത്തിന്റെയും കാര്യത്തില്‍ അതില്‍ ഒരു സാമുദായിക സംഘടന - ഞാന്‍ കൃത്യമായി പറയുന്നില്ല അവര്‍ സമുദായത്തില്‍ നിന്ന് തന്നെ ആള്‍ക്കാരെ എടുക്കുന്നു പക്ഷെ ഏറ്റവും കൂടുതല്‍ പൈസ കൊടുക്കുന്ന ആള്‍ക്കാരെ എടുക്കുന്നു. ഞാന്‍ അറിയുന്നത് ആ പൈസ കുറച്ചു താലൂക്ക് യുണിയനിലേക്ക് കിട്ടുന്നുണ്ട് എന്ന് തന്നെയാണ്.

പക്ഷെ മറ്റൊരു സംഘടന ചെയ്യുന്നത് നിയമനത്തിന് ലേലം വിളി നടത്തുകയും അത് ഏത് കമ്മ്യൂണിറ്റിയില്‍ നിന്നായാലും അവരുടെ സ്വന്തം കമ്മ്യൂണിറ്റിക്ക് ഒന്നും കൊടുക്കാതെ ഏറ്റവും കൂടുതല്‍ പൈസ തരുന്നയാള്‍ക്ക് കൊടുക്കുകയും, ആ പൈസ കള്ളപ്പണമായിട്ട് ഉപയോഗിക്കുകയും ചെയ്യുന്നു. സമുദായത്തിന് യാതൊരു പ്രയോജനവും ഇല്ല. ഇതുപോലെ കോളേജ് അഡ്മിഷന്, ഇപ്പോള്‍ കോളേജ് അഡ്മിഷന് ഒക്കെ വലിയ ഡിമാന്‍ഡ് ഇല്ല, പക്ഷേ ഡിമാന്‍ഡ് ഉള്ള ചില മേഖലകള്‍ ഉണ്ട്.അതിന് സ്വന്തം കമ്മ്യൂണിറ്റിയില്‍ നിന്ന് വരെ പൈസ വാങ്ങുന്നു. അതില്‍ ഒരു സമുദായം അങ്ങനെ പൈസ വാങ്ങുന്നില്ല എന്നും ഞാന്‍ കേട്ടിട്ടുണ്ട്.

പക്ഷേ എന്തായാലും ബഹുമാനപ്പെട്ട മന്നത്തിന്റെയും ബഹുമാനപ്പെട്ട ആര്‍ ശങ്കറിന്റെയും നിര്യാണത്തിന് ശേഷം ഈ സംഘടനകള്‍ക്ക് കാര്യമായിട്ടുള്ള വളര്‍ച്ചയുണ്ടായിട്ടില്ല. അന്നുണ്ടായിരുന്നത് ഏകേദശം എന്തോ അതില്‍ നിന്ന് വളരെ കുറവ് മാത്രം, ചിലയിടത്തൊക്കെ വളരെ കുറഞ്ഞു പോയിട്ടുമുണ്ട്. ഉദാഹരണത്തിന് ശങ്കേഴ്‌സ് ഹോസ്പിറ്റല്‍, കൊല്ലം. അത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്ര നല്ല ഹോസ്പിറ്റല്‍ ആയിരുന്നു , ഇപ്പോള്‍ എങ്ങനെയാണ് എന്ന് നോക്കിയാല്‍ മതി.

ഇനി മൈക്രോ ഫൈനാന്‍സിനെപ്പറ്റി നോക്കാം. ആയിരക്കണക്കിന് കോടി രൂപ, അത് ചെറിയ പലിശയ്ക്ക് എടുത്തിട്ട് 12 -13 -14 ശതമാനം പലിശയ്ക്ക് വാങ്ങി സ്ത്രീകള്‍ക്കോ ചെറിയ സംഘങ്ങള്‍ക്കോ കൊടുത്തു അവര്‍ മറ്റു മാര്‍ഗത്തില്‍ പണം കിട്ടാത്ത സ്ഥിതിയില്‍ , ഇതുവഴി പണം ലഭിച്ചതുകൊണ്ട് ആദ്യം വളരെ സന്തോഷത്തിലായിരുന്നു. പിന്നീട് എന്ത് സംഭവിച്ചു ? കിട്ടുന്ന പലിശയ്ക്ക് ഒരു ശതമാനത്തില്‍ കൂടുതല്‍ പലിശയ്ക്ക് ഈ സ്ത്രീകള്‍ക്കും മറ്റ് സംഘങ്ങള്‍ക്കും ഈ പണം കൊടുക്കുന്നത് എന്തുകൊണ്ടാണ് ? ഒരു ശതമാനം കൂടുതല്‍ ഉണ്ടെങ്കില്‍ പോലും അതിന്റെ അഡ്മിനിസ്‌ട്രേറ്റിവ് ചിലവ് വഹിക്കാനാവില്ലെ ? അപ്പോള്‍ അതില്‍ വരുന്ന വലിയ വ്യത്യാസം ആര് കൊണ്ട് പോയി ? അതുപോലെ തന്നെ, എത്ര സംരംഭങ്ങള്‍ ഇതിന്റെ പേരില്‍ ഉണ്ടായിട്ടുണ്ട് ? എത്ര സംരംഭങ്ങള്‍ കേരളത്തില്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റും ? എത്ര ചെറുകിട വ്യവസായങ്ങള്‍ വളര്‍ന്നു ? ഈ കോടിക്കണക്കിന് രൂപയ്ക്ക് എത്രയോ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കുമായിരുന്നു ? മുദ്രാലോണിന്റെ കാര്യം തന്നെ നോക്കുക. ശരിയായി പ്രയോജനപ്പെടുത്തിയാല്‍ എത്രയോ വ്യവസായ സംരംഭങ്ങള്‍ കേരളത്തില്‍ ഉണ്ടാകുമായിരുന്നു ? അതൊന്നും ഉണ്ടായില്ലലോ ? ഉദാഹരണങ്ങള്‍ പറയാന്‍ പറ്റുമോ ? അതുകൊണ്ട് ഈ സമുദായങ്ങളിലെ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. നേതാക്കന്മാരായിരിക്കുന്നവര്‍ക്ക് ഈ സംഘടനയിലെ അംഗങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ല, മറിച്ചു സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാത്രമാണ് എന്ന്.

മാത്രമല്ല, എനിക്കറിയാം ഈ സംഘടനയിലെ നേതാക്കളായി പിടിച്ചിരിക്കുന്നവര്‍ പറഞ്ഞാല്‍ സംഘടനയിലെ 3 ശതമാനം പോലും ആളുകള്‍ അവര്‍ പറയുന്നതുപോലെ വോട്ട് ചെയ്യില്ല എന്ന്. അതുകൊണ്ട് മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ വിചാരിക്കുന്നുണ്ട് ഇവരുടെ അടുപ്പം കൊണ്ട് തങ്ങള്‍ക്ക് വോട്ട് കിട്ടും , ഇവര്‍ പറഞ്ഞാല്‍ തങ്ങള്‍ക്കാണ് വോട്ട് ചെയ്യുക എന്ന് വിചാരിച്ചിട്ടുണ്ടെങ്കില്‍, അവര്‍ വിഡ്ഢി ലോകത്തിലാണ്. ആ കാലം ഒക്കെ കഴിഞ്ഞു. ഇത്തരം നേതാക്കളെ ചില നിയമപരമായ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് മാറ്റാനാകുന്നില്ല എന്നത് വസ്തുതയാണ്. പക്ഷെ അത് വെച്ച് അവര്‍ക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമൊന്നും ഈ സമുദായങ്ങളിലെ അംഗങ്ങള്‍ അടിയറവു വെച്ചിട്ടില്ല.

അതുകൊണ്ട് എനിക്ക് അവരോട് പറയാനുള്ളത് നിങ്ങള്‍ക്കും നിങ്ങളുടെ വരുന്ന തലമുറയ്ക്കും സംരക്ഷണവും വികസിതവുമായ ഒരു രാജ്യം ഉണ്ടാകണമെങ്കില്‍ ഈ ദേശീയ പ്രസ്ഥാനങ്ങളിലേക്ക് അണി ചേരൂ എന്നതാണ്. ഇപ്പോള്‍ തന്നെ നിങ്ങളുടെ എത്ര പെണ്‍കുട്ടികളാണ് നഷ്ടപ്പെടുന്നത് ? എന്തെല്ലാം ദുഃഖങ്ങള്‍ അനുഭവിക്കുന്ന എത്ര പേരുണ്ട് ? അതൊക്കെ മാറണ്ടേ ? അതോ അതിന് നാം കീഴടങ്ങണമോ ? ചിന്തിക്കുക .. അതിന് അധികം സമയമില്ല. അതിവേഗത്തില്‍ ചിന്തിക്കുക, തീരുമാനമെടുക്കുക, ദേശീയ പ്രസ്ഥാനങ്ങളിലേക്ക് അണിചേരുക.

ഈ സമുദായ നേതാക്കളെ പേടിച്ചു എന്തെങ്കിലും പറയാന്‍ മടിച്ചു നില്‍ക്കുന്ന ഒരു കൂട്ടം ആള്‍ക്കാരെ ഞാന്‍ കാണുന്നുണ്ട്. ഞാന്‍ ഇത് പറഞ്ഞാല്‍ , ഞാന്‍ ഈ പാര്‍ട്ടിയില്‍ ഒന്നും മെമ്പര്‍ അല്ല എന്ന് പലര്‍ക്കും അറിയില്ല.ഇതൊക്കെ സ്വതന്ത്രമായി പറയാന്‍ സ്വാതന്ത്ര്യം ഉണ്ടാവാന്‍ വേണ്ടിയാണ് ഞാന്‍ ഇതിലൊന്നും മെമ്പര്‍ ആവാത്തത്.അതുകൊണ്ട് എനിക്ക് ഇതെല്ലാം ധൈര്യമായി വിളിച്ചുപറയാന്‍ യാതൊരു കുഴപ്പവുമില്ല. ഉള്ള സത്യങ്ങളാണ്. അപ്രിയ സത്യങ്ങളാണ്.

ഹൈന്ദവ വിഭാഗത്തിലെ മറ്റു വിഭാഗങ്ങളും ഇതേപോലെതന്നെ ദേശീയ പ്രസ്ഥാനങ്ങളോട് അടുക്കുന്നുണ്ട്. അവര്‍ പൂര്‍ണ്ണമായി അടുക്കും എന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. ആ സമുദായങ്ങള്‍ ഒന്നും ഈ വലിയ സമുദായങ്ങളെപോലെ, അതിലെ സ്ഥാനം വിടാതെ പിടിച്ചിരിക്കുന്ന നേതാക്കളെ പോലെ സ്വാര്‍ത്ഥ താല്പര്യം ഉള്ളവരല്ല. അതുകൊണ്ടുതന്നെ അവര്‍ തീര്‍ച്ചയായും ദേശീയ പ്രസ്ഥാനങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.

ഈ ജാതി സംഘടനകളുടെ തലപ്പത്തു വര്‍ഷങ്ങളായി ഇരിക്കുന്ന നേതാക്കള്‍ മനസ്സിലാക്കേണ്ടത് എന്താണെന്നു വെച്ചാല്‍ അവരുടെ കീഴിലുള്ള ആളുകള്‍ക്ക് മനസ്സിലായിട്ടുണ്ട് കേരളത്തിന്റെയും ഭാരതത്തിന്റെയും അപകടം എവിടെയാണെന്ന്. അതില്‍ ഒരു സമുദായത്തിലെ 60 - 65 ശതമാനം പേരും ഇപ്പോള്‍ ദേശീയ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും അവര്‍ക്ക് വോട്ട് ചെയ്യുന്നവരുമാണ്. മറ്റൊരു സംഘടനയുടെ 30 - 35 ശതമാനം പേരെങ്കിലും അത് തന്നെ ചെയ്യുന്നവരാണെന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. ഇത് അധികം താമസിയാതെ

ആരെല്ലാം എതിര്‍ത്താലും 95 ശതമാനം പേരെങ്കിലും ദേശീയ പ്രസ്ഥാനങ്ങളിലേക്ക് മാറും എന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. കാരണം അവര്‍ക്കെല്ലാം അറിയാം ഈ നേതാക്കന്മാരെ വിശ്വസിച്ചു അവര്‍ മുന്നോട്ട് പോയാല്‍ അവരുടെ വരുന്ന തലമുറകള്‍ ഏറ്റവും ബുദ്ധിമുട്ടിലാകുന്ന സമൂഹത്തില്‍ ജീവിക്കേണ്ടി വരുമെന്ന്.

ഹിന്ദുമതത്തിലെ ജാതികളെ തമ്മിലടിപ്പിച്ചു പഴയകാലത്തു ഉണ്ടായിരുന്ന അനാചാരങ്ങളെ തൊട്ടുകാണിച്ചു പ്രത്യേകിച്ച് നായര്‍ ഈഴവ തര്‍ക്കം ഉണ്ടാക്കാനും അതില്‍ നിന്നും മുതലെടുക്കുവാനും നടക്കുന്ന കുറച്ചു പേരുണ്ട്. അവരെല്ലാം ഒന്നുകില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കയ്യില്‍ നിന്നും പണം വാങ്ങുന്നവരാണ് അതല്ലങ്കില്‍ മത പരിവര്‍ത്തകരുടെ കയ്യില്‍ നിന്നും പണം വാങ്ങുന്നവരാണ്. ഹിന്ദു ഒരുമിക്കുന്നത് വളരെ വിഷമത്തോടെ നോക്കിക്കാണുന്നവരാണ് ഈ രണ്ട് വിഭാഗങ്ങളും എന്ന് മനസിലാക്കുക. ആ രണ്ട് വിഭാഗങ്ങള്‍ക്കും വേണ്ടിയാണോ നമ്മള്‍ നമ്മുടെ അടുത്ത തലമുറകളെ മുഴുവന്‍ ബലി കൊടുക്കേണ്ടത് ?

അതുകൊണ്ട് ഞാന്‍ തുറന്നു പറയുകയാണ്. ഇവര്‍ ചെയ്യുന്നത് തെറ്റാണ്. ഇവരുടെ ജനങ്ങള്‍ മുഴുവനുമായി ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം ചേരണം. അങ്ങനെ കേരളത്തെയും ഭാരതത്തെയും രക്ഷിക്കണം. ഈ സമുദായങ്ങളിലെ അംഗങ്ങളോട് ഇത് അറിയേണ്ട അംഗങ്ങളോട് എനിക്ക് പറയാനുള്ളത്.അപേക്ഷിക്കാനുള്ളത് നിങ്ങള്‍ 10 -18 കൊല്ലത്തിനപ്പുറം വരന്‍ പോകുന്ന അപകടം മനസ്സിലാക്കി അതനുസരിച്ചു ദേശീയ പ്രസ്ഥാനത്തിലേക്ക് ഒഴുകുക.അതിന് മാത്രമേ നമ്മളെ രക്ഷിക്കാനാകൂ എന്ന് മനസിലാക്കുക.

ഇന്ത്യയിലെ ലോകസഭയിലെയും സംസ്ഥാന നിയമസഭകളിലെയും വോട്ടിങ് നടക്കുന്നത് അതാത് വോട്ടര്‍മാര്‍ വോട്ടിങ് ബൂത്തില്‍ പോയി അവിടെ വോട്ട് ചെയ്യുകയാണ്. അല്ലാതെ സമുദായ സംഘടനകളില്‍ നടക്കുന്നതുപോലെ അവരുടെ പ്രതിനിധികള്‍ വന്ന് വോട്ട് ചെയ്ത് മുകളിലുള്ളവരെ സ്ഥിരമായി നിലനിര്‍ത്തുന്ന സമ്പ്രദായമല്ല ഇന്ത്യയിലെ വോട്ടിങ് സമ്പ്രദായം എന്നുകൂടി നിങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതുകൊണ്ടുതന്നെ ഞാന്‍ വീണ്ടും ഉറപ്പിച്ചു പറയുന്നു നിങ്ങള്‍ വിചാരിക്കുന്നതുപോലെ സമുദായത്തിലുള്ളവരുടെ വോട്ട് നിങ്ങള്‍ക്ക് നിങ്ങളുടെ വ്യക്തിപരമായ സ്വാര്‍ത്ഥതയ്ക്കുവേണ്ടി മറിച്ചുകൊടുക്കുവാന്‍ സാധിക്കുകയില്ല. ബഹുഭൂരിപക്ഷം പേരും അവരുടെ അടുത്ത തലമുറ അഭിമുഖീകരിക്കേണ്ട അപകടങ്ങളെക്കുറിച്ചു വളരെ വ്യക്തമായി അറിവുള്ളവരാണ്.

നിങ്ങള്‍ക്ക് ഉപദേശം തരാനുള്ള പ്രായം എനിക്കില്ല. പക്ഷേ , നിങ്ങളോട് ഒരു കാര്യം ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു.മഹാകവി കുമാരനാശാന്‍ പറഞ്ഞത് പോലെ ' മാറ്റുവിന്‍ ചട്ടങ്ങളെ, അല്ലെങ്കില്‍ മാറ്റുമത് നിങ്ങളെ താന്‍ ' എന്ന് പറഞ്ഞതു പോലെ തന്നെ നിങ്ങളും ചരിത്രത്തിന്റെ ചവറ്റു കുട്ടയില്‍ എറിയപ്പെടും എന്ന് പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നിങ്ങളുടെ അടുത്ത തലമുറയെ രക്ഷിക്കാന്‍ , അതും 15-20 വര്‍ഷങ്ങള്‍ കൊണ്ട് വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അവരെ രക്ഷിക്കാനായി, രാഷ്ട്രത്തെ രക്ഷിക്കാനായി, നിങ്ങള്‍ക്ക് മറ്റെങ്ങും ഓടി രക്ഷപെടാനില്ല എന്ന വസ്തുത മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ ഇത്തരം സമുദായ സംഘടനാ നേതാക്കന്മാരുടെ വ്യക്തിപരമായ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി നടത്തുന്ന ശ്രമങ്ങളെ അവഗണിച്ചു എല്ലാവരും ദേശീയ പ്രസ്ഥാനങ്ങളോടൊപ്പം വരണമെന്ന് ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു.

ജയ് ഭാരത് !

#SNDP #NSS