കോഴിക്കോട്: പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിനിടെ, സന്ദീപ് വാര്യര്‍ ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയതിന് പിന്നാലെ, കോഴിക്കോട്ടും പ്രശ്‌നം. നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റിനീഷ് ഫേസ്ബുക്കില്‍ കുറിപ്പിട്ടു.

കേരളത്തില്‍ നിന്ന് പാര്‍ട്ടിയുടെ പേരില്‍ മന്ത്രി പദവിയിലെത്തിയവരില്‍ പലരും പാര്‍ട്ടി പ്രവര്‍ത്തകരോട് ഒന്ന് ചിരിക്കുക പോലുമില്ലെന്നും ഒരുപാട് പേര്‍ ജീവനും ജീവിതവും നല്‍കിയതിന്റെ ഫലമാണ് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും എന്നുള്ളത് ഇത്തരക്കാര്‍ മനസിലാക്കണമെന്നും റിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സ്വന്തം പ്രവൃത്തികള്‍ കൊണ്ടാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്ന ചിന്ത ഒഴിവാക്കണം. പാര്‍ട്ടി പ്രവര്‍ത്തകരെ കേള്‍ക്കാനുള്ള നല്ല മനസ്സുണ്ടാവട്ടെ എന്നും വിമര്‍ശനമുണ്ട്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കോഴിക്കോട് എത്തിയപ്പോള്‍ ഉണ്ടായ അനുഭവം ഉള്‍പ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്. കേന്ദ്രമന്ത്രി നിവേദനങ്ങളുമായി കാത്തു നിന്നവരെ കാണുകയും വ്യക്തമായി കേള്‍ക്കുകയും പാര്‍ട്ടി അനുഭാവികള്‍ക്ക് പറയാനുള്ളത് ക്ഷമയോടെ കേട്ടുവെന്നും റിനീഷിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.