പന്തളം: അയ്യപ്പസംഗമത്തെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി എം.പിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ. കേരളവും തമിഴ്‌നാടും കര്‍ണാടകയും ഭരിക്കുന്ന പിണറായി വിജയനും എം.കെ. സ്റ്റാലിനും സിദ്ധരാമയ്യയും ഹിന്ദു വിരുദ്ധ ത്രിമൂര്‍ത്തികളാണെന്നും തേജസ്വി സൂര്യ ആരോപിച്ചു. ശബരിമല പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തില്‍ പ?ങ്കെടുത്ത് സംസാരിക്കുകയായിരുന്നു തേജസ്വി സൂര്യ.

ആഗോള അയ്യപ്പസംഗമത്തിന് സ്റ്റാലിനെ പിണറായി വിജയന്‍ ക്ഷണിച്ചതായുള്ള വാര്‍ത്തകള്‍ കണ്ടു. കര്‍ണാടകയിലെ സിദ്ധരാമയ്യയെയും കൂടി അയ്യപ്പ സംഗമത്തിന് ക്ഷണിക്കാമായിരുന്നു. എങ്കില്‍ ഹിന്ദുവിരുദ്ധരുടെ ത്രിമൂര്‍ത്തി സമ്മേളനമാക്കി അതിനെ മാറ്റാമായിരുന്നു. ദക്ഷിണേന്ത്യയിലെ ഹിന്ദുക്കളുടെ ശാപമാണ് ത്രിമൂര്‍ത്തികളെന്നും തേജസ്വി സൂര്യ പരിഹസിച്ചു.

ചെകുത്താന്‍ വേദം ഓതുന്നതിന് തുല്യമാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ആഗോള അയ്യപ്പ സംഗമം നടത്തിയത്. ഇത് കപട നാടകമാണ്. വിരോധാഭാസമാണ്. ഇറച്ചിക്കച്ചവടക്കാരന്‍ സദാചാര സമ്മേളനം വിളിച്ചുകൂട്ടുന്നതിന് തുല്യമാണെന്നും തേജസ്വി സൂര്യ പറഞ്ഞു.

കേരളത്തിലെ നിരീശ്വരവാദികളായ ഹിന്ദു വിരുദ്ധരായ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം നടത്തിയത് അത്ഭുതപ്പെടുത്തുന്നു. ഇത്രത്തോളം കാപട്യം നിറഞ്ഞ മറ്റൊരു സംഭവവുമില്ലെന്നും തേജസ്വി സൂര്യ ആരോപിച്ചു.

കമ്മ്യൂണിസ്റ്റുകാര്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. മതം മനുഷ്യനെ കറുപ്പാണെന്നാണ് കമ്മ്യൂണിസ്റ്റ് നേതാക്കളായ മാര്‍ക്‌സും സ്റ്റാലിനും ഏംഗല്‍സും പറഞ്ഞിരിക്കുന്നത്. ആളുകളുടെ ദൈവത്തിലുള്ള വിശ്വാസം നശിപ്പിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഇവിടെ അയ്യപ്പസമ്മേളനം നടത്തിയപ്പോള്‍ ഭക്തരേക്കാള്‍ കൂടുതല്‍ ഒഴിഞ്ഞ കസേരകളായിരുന്നുവെന്നും തേജസ്വി സൂര്യ പറഞ്ഞു.