കണ്ണൂർ: വിവാദങ്ങൾക്കിടെ തന്റെ പ്രസംഗം രാഷ്ട്രീയവൽക്കരിച്ച് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി തലശേരി അതിരൂപതാ ബിഷപ്പ് മാർജോസഫ് പാംപ്ളാനി. മതവികാരം വ്രണപ്പെടുത്തുന്ന കക്കുകളി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ ക്രൈസ്തവ സംഘടനകൾ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് തലശേരി അതിരൂപതാ പിതാവ് ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

'ഞങ്ങൾക്ക് ഒരുപക്ഷം മാത്രമേയുള്ളൂ. അതു കർഷക പക്ഷമാണ്. കർഷകർക്കു വേണ്ടി സംസാരിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയാണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നത് വിലപ്പോവില്ലെന്നും മാർ ജോസഫ് പാംപ്ളാനി മുന്നറിയിപ്പുനൽകി. ഞങ്ങളുയർത്തുന്ന ശബ്ദങ്ങൾ രാഷ്ട്രീയ വിവാദങ്ങളുടെ പുകമുറയുണ്ടാക്കി തമസ്‌കരിക്കാൻ കഴിയില്ലെന്നും ഞങ്ങൾ ഉറച്ചു തന്നെയാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങൾ ആലോചിച്ചു പറഞ്ഞ വാക്കുകളാണ് നിങ്ങൾ കേട്ടത്. ഇനി രാഷ്ട്രീയ പാർട്ടികൾക്ക് കർഷകന്റെ അവകാശങ്ങൾ തമസ്‌കരിക്കാൻ കഴിയില്ല.മലയോരത്തെ കർഷകന് ഒരേയൊരു ശബ്ദമേയുള്ളു. മലയോരത്ത് പണിയെടുക്കുന്ന കർഷകന്റെ വികാരമാണ് നിങ്ങൾ എന്നിലൂടെ കേട്ടത്. എന്നാൽ വെറുതെ വിവാദങ്ങളുണ്ടാക്കി കർഷകന്റെ ശബ്ദം ഇല്ലാതാക്കാനാണ് ചിലർ ബോധപൂർവ്വം ശ്രമിക്കുന്നത്.
ഇത്തരത്തിലുള്ള പൊറാട്ടുനാടകം കണ്ടു പിന്മാറുമെന്ന് ആരുംവിചാരിക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിവാദ പ്രസ്താവന നടത്തിയത് നേരത്തെ തയ്യാറാക്കിയ തിരക്കഥപ്രകാരമെന്ന ആരോപണവുമായി സി.പി. എം അനുകൂലികൾ സോഷ്യൽമീഡിയിലൂടെ രംഗത്തുവന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സി.പി. എം സൈബർ പോരാളികൾ പുറത്തുവിട്ടത്.

ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ആലക്കോട് കർഷക സമരത്തിനിടെ അനുകൂല പ്രസ്താവനനടത്തിയതെന്നാണ് സോഷ്യൽമീഡിയയിൽ ഇടതു അനുകൂലികൾ ഉന്നയിക്കുന്നത്. ബിജെപി ജില്ല പ്രസിഡന്റ് എൻ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ചൊവ്വാഴ്‌ച്ച രാവിലെയാണ് ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയെ കണ്ടത്. ഇതിനു ശേഷം ശനിയാഴ്ചയാണ് റബ്ബർ വില കൂട്ടിയാൽ ബിജെപിയെ സഹായിക്കാമെന്ന് ആർച്ച് ബിഷപ്പ് ആലക്കോട് പ്രസംഗിച്ചത്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളടക്കം സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടാണ് സി.പി. എം പ്രവർത്തകർ സൈബർ ഇടങ്ങളിൽ ബിഷപ്പിനെതിരെ ആരോപണവുമായി രംഗത്തുവന്നത്.

വിവാദ പ്രസ്താവനയ്ക്ക് ശേഷം വിശദീകരണവുമായി മാധ്യമങ്ങളെ കണ്ടപ്പോഴും ബി ജെപി നേതാക്കളുമായി ചർച്ച നടത്തിയിരുന്നോവെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ ബിഷപ്പ് കൃത്യമായി മറുപടി നൽകില്ല. ബിഷപ്പ് ഹൗസിന്റെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ആർക്കും എപ്പോഴും വന്ന് കാണാമെന്നായിരുന്നു മറുപടി.