- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി പിന്തുണയിൽ തലപ്പാടിയിൽ എസ്ഡിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റ് ആയെന്ന് വാർത്തകൾ; ബിജെപി പിന്തുണ തേടിയില്ലെന്ന് എസ്ഡിപിഐ; എസ്ഡിപിഐയെ പിന്തുണച്ചെന്ന വാർത്ത വ്യാജമെന്ന് ബിജെപി; അവർക്ക് വോട്ടുചെയ്തത് സ്വതന്ത്രർ; വ്യാജവാർത്തയ്ക്ക് എതിരെ നിയമ നടപടിയെന്നും ബിജെപി
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി പഞ്ചായത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐയുടെ ടി. ഇസ്മയിൽ പ്രസിഡന്റായി എന്ന ആരോപണം വിവാദമായിരിക്കുകയാണ്. ബിജെപിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് സ്ഥാനം സംവരണമായിരുന്നു. എസ്ഡിപിഐക്ക് സംവരണ വിഭാഗത്തിൽ നിന്ന് ആ പഞ്ചായത്തിൽ ജനപ്രതിനിധി ഉണ്ടായിരുന്നില്ല. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി സ്ഥാനാർത്ഥി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നതുകൊണ്ട് എതിരില്ലാതെ അവർ തിരെഞ്ഞെടുക്കപ്പെട്ടു. അതേസമയം തലപ്പാടി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണ എസ്.ഡി.പി.ഐ തേടിയിട്ടില്ലെന്ന് പാർട്ടി കർണാടക സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് പുത്തൂർ പറഞ്ഞു.
ബിജെപി 11, എസ്സ്ഡിപിഐ 10, കോൺഗ്രസ് 1, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷി നില. കോൺഗ്രസ് അംഗം വൈഭവ് ഷെട്ടിയും എസ് ഡി പിഐയുടെ ഡി.ബി. ഹബീബയും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. ബിജെപി.യുടെ 11 അംഗങ്ങളും ബിജെപിക്ക് വോട്ട് ചെയ്തു. രണ്ട് സ്വതന്ത്ര അംഗങ്ങളായ ഫയാസും മുഹമ്മദും എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ എസ്ഡിപിഐയും ബിജെപിയും 11-11ന് സമനിലയിൽ പിരിഞ്ഞു. പിന്നീട് നടപടിക്രമത്തിന്റെ ഭാഗമായി ടോസ് ചെയ്യാൻ തിരഞ്ഞെടുപ്പ് ഓഫീസർ തീരുമാനിച്ചു. ടോസിൽ വിജയിച്ച എസ്ഡിപിഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കയും ചെയ്തു.
ബിജെപി പിന്തുണ തേടിയില്ലെന്ന് എസ്ഡിപിഐ
തങ്ങൾ പിന്തുണ തേടാതെയാണ് രഹസ്യ വോട്ടെടുപ്പിൽ ബിജെപിയിലെ രണ്ടുപേർ ഇസ്മയിലിന് വോട്ടുചെയ്തതെന്ന് എസ്ഡിപിഐ കർണാടക സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് പുത്തൂർ വ്യക്തമാക്കി. 'പഞ്ചായത്തിൽ മൊത്തം 24 അംഗങ്ങളാണുള്ളത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗത്തിന്റെ പിന്തുണ എസ്.ഡി.പി.ഐ തേടി. ബിജെപിയെ ഭരണത്തിൽനിന്ന് പുറത്താക്കാനായിരുന്നു അത്. എന്നാൽ, കോൺഗ്രസ് അംഗം വൈഭവ് ഷെട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ബിജെപിക്കുള്ള പരോക്ഷ പിന്തുണയായിരുന്നു ഇത്. ഉംറക്ക് പോയതിനാൽ എസ്.ഡി.പി.ഐയുടെ ഒരു അംഗം ഹാജരായില്ല.
ഫയാസ്, മുഹമ്മദ് എന്നീ അംഗങ്ങൾ പ്രസിഡന്റ് ആവാനുള്ള ആഗ്രഹം ബിജെപി നേതൃത്വത്തെ അറിയിച്ചു. ഇത് നിരസിച്ചതിനാൽ ബിജെപി അംഗം ചന്ദ്രയെ പ്രസിഡന്റാക്കണം എന്ന നിർദ്ദേശം ഇരുവരും മുന്നോട്ട് വെച്ചു. ഇതും തള്ളിയ ബിജെപി സത്യരാജിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കി. ഈ സാഹചര്യത്തിൽ ഫയാസ്, മുഹമ്മദ് എന്നീ അംഗങ്ങൾ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. ഇതോടെ രണ്ട് സ്ഥാനാർത്ഥികൾക്കും തുല്യ വോട്ടുകൾ ലഭിച്ചു. നറുക്കെടുപ്പിൽ ഇസ്മയിലിനെ ഭാഗ്യം തുണച്ചതോടെ ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റുക എന്ന ലക്ഷ്യം സാധ്യമായി' -അബ്ദുൽ ലത്തീഫ് പറഞ്ഞു.
എസ്ഡിപിഐയെ പിന്തുണച്ചെന്ന വാർത്ത വ്യാജമെന്ന് ബിജെപി
തലപ്പാടിയിൽ ബിജെപി പിന്തുണയോടെ എസ്ഡിപിഐ പഞ്ചായത്ത് ഭരണം നേടി എന്നതരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് ബിജെപി. തലപ്പാടി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് സമിതിയിൽ ആകെ 9 അംഗങ്ങൾ ഉണ്ടായിരുന്ന എസ്ഡിപിഐയെ രണ്ട് സ്വതന്ത്രന്മാർ കൂടി പിന്തുണയ്ക്കുകയായിരുന്നു. തുടർന്ന് കക്ഷിനില തുല്യമായതോടെ, നടത്തിയ നറുക്കെടുപ്പിൽ എസ്ഡിപിഐ അംഗത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
എന്നാൽ വിഷയത്തെ തെറ്റായി റിപ്പോർട്ട് ചെയ്യുകയും ബിജെപി പിന്തുണയോടെ എസ്ഡിപിഐ അധികാരം പിടിച്ചെന്ന തരത്തിൽ വസ്തുതാ വിരുദ്ധമായ വാർത്ത ദേശീയ, മലയാള മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. തലപ്പാടി ഗ്രാമപഞ്ചായത്തിൽ ആകെ 24 അംഗങ്ങളാണുള്ളത്. ബിജെപി 11, എസ്ഡിപിഐ 10, കോൺഗ്രസ് 1, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുള്ള ഏക അംഗവും ഒരു എസ്ഡിപിഐ അംഗവും വിട്ടുനിന്നു. എന്നാൽ സ്വതന്ത്രന്മാരായ ഫയാസ്, മുഹമ്മദ് എന്നിവരുടെ പിന്തുണയോടെ 11 എന്ന സംഖ്യയിൽ എസ്ഡിപിഐ എത്തി.
കക്ഷിനില തുല്യമായതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. ടോസ് എസ്ഡിപിഐയ്ക്ക് അനുകൂലമായതോടെ ഇസ്മയിൽ പ്രസിഡന്റ് ആകുകയുമായിരുന്നു. സംവരണ സീറ്റായ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ ബിജെപിയുടെ പുഷ്പാവതി ഷെട്ടി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ വ്യാജവാർത്ത പ്രചരിച്ചതോടെ ബിജെപി ദേശീയ ഐടിസെൽ മേധാവി അമിത് മാളവ്യ രംഗത്തുവന്നു. എസ്ഡിപിഐയുമായി ഒരു സഖ്യത്തെ കുറിച്ച് ചിന്തിക്കുന്ന സാഹചര്യം പോലും ഉദിക്കുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. വ്യാജവാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ബിജെപി.




